സഹാറയുമായി ബന്ധപ്പെട്ട സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്ക് 241 കോടി രൂപ തിരിച്ചുനല്‍കി – മന്ത്രി അമിത് ഷാ
സഹാറ ഗ്രൂപ്പ് കമ്പനികളുമായി ബന്ധപ്പെട്ട നാലു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ നിക്ഷേപിച്ച രണ്ടര ലക്ഷം നിക്ഷേപകര്‍ക്കു 241 കോടി രൂപ ഇതുവരെയായി തിരിച്ചുനല്‍കി. 2023 ജൂലായില്‍ കേന്ദ്ര സഹകരണമന്ത്രാലയം തുറന്ന പോര്‍ട്ടലില്‍ നിക്ഷേപം തിരിച്ചുകിട്ടാനുള്ള ഒന്നരക്കോടി ആള്‍ക്കാരാണു പേര് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ രണ്ടര ലക്ഷം പേര്‍ക്കാണു പണം തിരിച്ചുകൊടുത്തത്. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേ കേന്ദ്ര സഹകരണമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.
സഹാറ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ലഖ്നൗ, സഹാറ്യന് യൂണിവേഴ്സല്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി ലിമിറ്റഡ് ഭോപ്പാല്‍, ഹമാര ഇന്ത്യ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൊല്‍ക്കത്ത, സ്റ്റാര്‍സ് മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഹൈദരാബാദ് എന്നീ നാലു സഹകരണസംഘങ്ങളിലൂടെയാണു നിക്ഷേപം സ്വീകരിച്ചിരുന്നത്. ഈ നാലു സംഘങ്ങളിലെയും നിക്ഷേപകരുടെ ക്ലെയിം സമര്‍പ്പിക്കുന്നതിനായി കേന്ദ്ര സഹകരണമന്ത്രാലയം ഒരു പ്രത്യേക പോര്ട്ടല്തന്നെ – സി.ആര്.സി.എസ്- സഹാറ റീഫണ്ട് പോര്‍ട്ടല്‍- തുറന്നിരുന്നു. കുറഞ്ഞ കാലത്തേക്കു നിക്ഷേപിച്ച നാലു കോടി നിക്ഷേപകരുടെയെങ്കിലും പണം ഈ നാലു സംഘങ്ങളിലുണ്ടെന്നാണ് അനുമാനിക്കുന്നത്. 2010 മാര്‍ച്ചിനും 2014 ജനുവരിക്കുമിടയിലാണു നാലു സഹകരണസംഘങ്ങളും രൂപവത്കരിക്കപ്പെട്ടത്. സഹാറ ഗ്രൂപ്പ് സഹകരണസംഘങ്ങളില്‍ തങ്ങള്‍ നിക്ഷേപിച്ച പണം തിരിച്ചുകിട്ടുന്നില്ലെന്നു നിക്ഷേപകരുടെ പരാതികളുയര്‍ന്നപ്പോള്‍ കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ ഇടപെട്ടു. നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാനും പുതിയ നിക്ഷേപം സ്വീകരിക്കുന്നതു നിര്‍ത്തിവെക്കാനും കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ ഉത്തരവിട്ടു. സഹാറ-സെബി (സ്റ്റോക്ക് എക്സ്ചേഞ്ചുകളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ- SEBI ) റീഫണ്ട് അക്കൗണ്ടിലുള്ള 5000 കോടി രൂപ നിക്ഷേപകര്‍ക്കു മടക്കിക്കൊടുക്കാനായി സഹകരണസംഘം കേന്ദ്ര രജിസ്ട്രാര്‍ക്കു കൈമാറണമെന്നു കഴിഞ്ഞ കൊല്ലം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
സഹാറ-സെബി റീഫണ്ട് അക്കൗണ്ടിലുള്ള 24,979 കോടി രൂപയില്‍നിന്നാണു 5000 കോടി രൂപ കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ക്കു കൈമാറാന്‍ 2023 മാര്‍ച്ച് 29 നു സുപ്രീംകോടതി ഉത്തരവിട്ടത്. കേന്ദ്ര സഹകരണമന്ത്രാലയം ഫയല്‍ ചെയ്ത ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്. റീഫണ്ട് അക്കൗണ്ടില്‍നിന്നുള്ള പണം യഥാര്‍ഥ നിക്ഷേപകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലൂടെ തിരിച്ചുനല്‍കാനാണു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. പണം തിരിച്ചുകൊടുക്കുന്ന നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കാനായി സുപ്രീംകോടതിയിലെ മുന്‍ ജഡ്ജി ആര്. സുഭാഷ് റെഡ്ഡിയെയും അമിക്കസ് ക്യൂറിയായി അഡ്വ. ഗൗരവ് അഗര്‍വാളിനെയും സുപ്രീംകോടതി നിയമിച്ചിരുന്നു.
[mbzshare]