സ്നേഹം വിളയിച്ച് ‘വെണ്ണൂരോണം’
‘ഓണം, സൂക്ഷിച്ചോണം ‘ എന്ന സന്ദേശവുമായി തൃശ്ശൂര്‍ ജില്ലയിലെ വെണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഇത്തവണ ഓണം നാട്ടില്‍ സമൃദ്ധമാക്കി. മഹാമാരിയുടെ ഭീതിയില്‍ ജീവിതം ഇരുട്ടിലേക്ക് നീങ്ങുമ്പോഴും സ്നേഹവര്‍ണങ്ങള്‍ വിരിയിച്ച് ബാങ്കിന്റെ ചെണ്ടുമല്ലിപ്പാടത്ത് ഓണസുഗന്ധം പരത്തിക്കൊണ്ടാണ് ആഘോഷത്തെ വരവേറ്റത്.
സ്നേഹഗിരി സ്കൂളിനടുത്ത് പാട്ടത്തിനെടുത്ത ഒന്നര ഏക്കര്‍ സ്ഥലത്ത് വിരിഞ്ഞ പൂക്കള്‍ വീടുകളില്‍ ഓണവരവറിയിച്ചു. വെണ്ടയും പയറും അടക്കം സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തുമായി ബാങ്ക് വിളയിച്ച പച്ചക്കറികള്‍ ഓണവിഭവങ്ങള്‍ക്കായി വീടുകളില്‍ ചേക്കേറി. വെണ്ണൂരില്‍ കര്‍ഷക കൂട്ടായ്മയില്‍ നടക്കുന്ന പതിവ് പച്ചക്കറി വിപണിക്ക് പുറമെ അത്തം മുതല്‍ നാടന്‍ വിഭവങ്ങളുമായി ഓണച്ചന്ത നടത്തി.
ബാങ്ക് പരിധിയിലെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് നല്കി വരാറുള്ള സൗജന്യ ഓണക്കിറ്റ് ഇത്തവണയും നല്‍കിയത് പ്രതിസന്ധിക്കാലത്തു വലിയ ആശ്വാസമായി. കണ്‍സ്യൂമര്‍ഫെഡില്‍ നിന്നു ലഭിച്ച പലവ്യഞ്ജനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ആലത്തൂര്‍ നന്മ സ്റ്റോര്‍, ജീവനം സ്റ്റോര്‍, ഹെഡ് ഓഫീസ് എന്നിവിടങ്ങളിലൂടെ വിതരണം ചെയ്തു. ബാങ്കിന്റെ മേലഡൂരിലെ ജീവനം ഇക്കോ ജീവനം സ്റ്റോറിലൂടെ പായസവും കായ വറുത്തതും ശര്‍ക്കര വരട്ടിയും കുറഞ്ഞ വിലയ്ക്ക് നല്കി. ബാങ്കിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന ഒട്ടേറെ ജനക്ഷേമ പദ്ധതികളുടെ ഭാഗമായാണ് ഓണാഘോഷവും ഇത്തരത്തില്‍ ജനകീയമാക്കിയതെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. പോളി ആന്റണിയും സെക്രട്ടറി ഇ.ഡി. സാബുവും അറിയിച്ചു.
[mbzshare]