വായ്പാസംഘങ്ങള്‍ക്ക് ദേശീയതലത്തില്‍ സംഘടന വരുന്നു
പ്രാഥമിക വായ്പാ സഹകരണസംഘങ്ങള്‍ക്കു ദേശീയതലത്തില്‍ പ്രത്യേകം ഫെഡറേഷനുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കു സഹകാര്‍ ഭാരതി തുടക്കം കുറിച്ചു. ഡല്‍ഹിയിലെ ഐ.സി.എ.ആറില്‍ ചേര്‍ന്ന സഹകാര്‍ ഭാരതിയുടെ സമ്മേളനത്തില്‍ വായ്പാ സഹകരണഫെഡറേഷനു രൂപം നല്‍കാനായി ഒരു സമിതി രൂപവത്കരിച്ചു.
അര്‍ബന്‍ ബാങ്കുകള്‍ക്കും വായ്പാ സഹകരണസംഘങ്ങള്ക്കുമായി NAFCUB ( നാഷണല്‍ ഫെഡറേഷന് ഫോര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ആന്റ് ക്രെഡിറ്റ് സൊസൈറ്റീസ് ) എന്ന ദേശീയ ഫെഡറേഷന് നിലവിലുണ്ടെങ്കിലും അര്‍ബന്‍ ബാങ്കുകളുടെ കാര്യങ്ങള്‍ക്കാണ് ഈ സംഘടന പ്രാധാന്യം നല്കുന്നതെന്നു ആവലാതിയുണ്ട്. ഈ പശ്ചാത്തലത്തിലാണു വായ്പാസംഘങ്ങള്‍ക്കു മാത്രമായി ഒരു സംഘടന അനിവാര്യമാണെന്ന ആവശ്യമുയര്‍ന്നത്. ആദ്യത്തെ ആലോചനായോഗത്തില്‍ മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സഹകരണവായ്പാസംഘങ്ങളുടെ സംഘടനാഭാരവാഹികള്‍ പങ്കെടുത്തു. ഒന്നുരണ്ടു മാസങ്ങള്‍ക്കുള്ളില്‍ ദേശീയ ഫെഡറേഷന് രൂപംകൊള്ളുമെന്നാണു നേതാക്കള്‍ പറയുന്നത്.
രാജ്യത്താകെ 80,000 വായ്പാ സഹകരണസംഘങ്ങളുണ്ടെന്നാണു കണക്ക്. ഇതില്‍ 16,000 സംഘങ്ങള്‍ മഹാരാഷ്ട്രയിലാണ്. ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളാണു തൊട്ടുപിറകില്‍.