കതിരൂര്‍ ബാങ്കില്‍ ഒറ്റദിവസം എത്തിയത് 1784 പേരുടെ നിക്ഷേപം
നിക്ഷേപ സമാഹരണത്തില്‍ ചരിത്രമെഴുതി കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ഒറ്റദിവസം 1784 പേരാണ് പണം നിക്ഷേപിച്ചത്. ജീവിതത്തിന് താങ്ങും തണലുമായി ഒപ്പംനിന്ന സഹകരണപ്രസ്ഥാനത്തെ ഹൃദയത്തോടു ചേര്‍ക്കുകയായിരുന്നു കതിരൂര്‍. ജനജീവിതത്തില്‍ കരുതലും സുരക്ഷയുമൊരുക്കിയ ബാങ്കിനോടുള്ള വിശ്വാസപ്രഖ്യാപനംകൂടിയാണ് ഇത്രയുംപേര്‍ ഞായറാഴ്ച നടത്തിയ നിക്ഷേപം.
ആയിരം പേരുടെ നിക്ഷേപമാണ് ബാങ്ക് പ്രതീക്ഷിച്ചത്. സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രഏജന്‍സികള്‍ ശ്രമിക്കുമ്പോഴാണ് സഹകരണ പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ വിശ്വാസം ജനം ആവര്‍ത്തിച്ചത്. ജനജീവിതത്തിന്റെ എല്ലാ മേഖലയിലും പടര്‍ന്നുപന്തലിച്ചതാണ് കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ഡയാലിസിസ് രോഗികള്‍ക്ക് പെന്ഷന്, ഫുട്ബോള്‍ അക്കാദമി, സൈക്കിള്‍ ക്ലബ്, നീന്തല്‍ പരിശീലനപദ്ധതി, ഊര്‍ജസംരക്ഷണത്തിന് ‘സഹകിരണ്‍’, ഫിറ്റ്നസ് സെന്റര്‍, ദയ സഹകരണ സാന്ത്വനകേന്ദ്രം തുടങ്ങി ബാങ്കിന്റെ അനുബന്ധ പദ്ധതികള്‍ അനവധി. ദേശീയ-സംസ്ഥാന തലത്തില്‍ നിരവധി പുരസ്കാരങ്ങളും ബാങ്കിന് ലഭിച്ചിട്ടുണ്ട്.നിക്ഷേപ സമാഹരണത്തിനുള്ള കസ്റ്റമേഴ്സ് മീറ്റ് ചലച്ചിത്രനടന്‍ പി പി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
[mbzshare]