ബാലരാമപുരത്ത് ഹൈടെക് കൃഷിയും സഹകരണ ഹരിതഭവനങ്ങളും; സര്‍ക്കാര്‍ സഹായം നല്‍കി

[mbzauthor]

ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ഹൈടെക് കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിനും ഹരിത ഭവനങ്ങള്‍ സ്ഥാപിക്കുന്നതിനും പദ്ധതി തയ്യാറാക്കി. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ ബാഹക് നേരിട്ട് സംഭരിച്ച് വിപണനം നടത്തും. ഇതിനായി പ്രത്യേകം കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ തുടങ്ങും. ബാലരാമപുരം ബാങ്കിന്റെ ഈ പദ്ധതി സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു.

ജുലായ് 14ന് ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗമാണ് ബാലരാമപുരം ബാങ്കിന്റെ പദ്ധതി പരിശോധിച്ചത്. കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് നല്‍കുന്ന സര്‍ക്കാരിന്റെ ധനസഹായ പദ്ധതിയില്‍നിന്ന് ഇതിന് സഹായം നല്‍കാമെന്നാണ് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ശുപാര്‍ശ ചെയ്തത്. 41.50 ലക്ഷം രൂപ അനുവദിക്കണമെന്നാണ് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനോട് അപേക്ഷിച്ചത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു. ഇതില്‍ 30 ലക്ഷം രൂപയും സബ്‌സിഡിയായാണ് നല്‍കുന്നത്. 11.50 ലക്ഷം ഓഹരിയായാണ് നല്‍കുക.

ഈ തുകയുടെ വിനിയോഗം സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ മേല്‍നോട്ടം വഹിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും സൗകര്യം കണക്കിലെടുത്തുള്ള കൃഷിരീതിയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിന് ഹൈടെക് മാര്‍ഗങ്ങള്‍ സ്വീകരിക്കും. വായ്പയും സാങ്കേതിക സഹായവും കര്‍ഷകര്‍ക്ക് ബാങ്ക് ലഭ്യമാക്കും. വീടുകളെ കൃഷിയിടങ്ങളാക്കുകയെന്നതാണ് ഹരിത ഭവനം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. മട്ടുപ്പാവിലെ കൃഷിരീതികള്‍ക്ക് പ്രോത്സാഹനം നല്‍കും. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും വിപണി ഉറപ്പാക്കാനാണ് കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.

[mbzshare]

Leave a Reply

Your email address will not be published.