‘ഹരിതം സഹകരണം ‘- മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ‘ഹരിതം സഹകരണം ‘ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് എന്നിവര്‍ ഫലവൃക്ഷ തൈകള്‍ നട്ടു.
കോട്ടയം ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി 2018ല്‍ ആരംഭിച്ച തീം ട്രീസ് ഓഫ് കേരളയുടെ ഭാഗമായി ഒരു ലക്ഷം പുളി തൈകള്‍ സഹകരണ സംഘങ്ങളിലൂടെ നട്ടു പരിപാലിക്കുകയാണ് ലക്ഷ്യം. അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം ഫലവൃക്ഷ തൈകള്‍ നട്ടു പരിപാലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പ്ലാവ്, കശുമാവ്, തെങ്ങ് എന്നിവയുടെ തൈകള്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നട്ടു പരിപാലിക്കുന്നുണ്ട്.
സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് പരിസ്ഥിതി സന്ദേശം നല്‍കി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, സംസ്ഥാന സഹകരണ യുണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.