സഹകരണസംഘങ്ങളുടെ വാര്‍ഷിക പൊതുയോഗം ചേരാനുള്ള കാലാവധി ഡിസംബര്‍ 31വരെ നീട്ടി
2023 സെപ്റ്റംബര്‍ മുപ്പതിനു മുമ്പു വാര്‍ഷിക ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കാന്‍ കഴിയാതിരുന്ന സംസ്ഥാനത്തെ എല്ലാ സഹകരണസംഘങ്ങള്‍ക്കും പൊതുതാല്‍പ്പര്യം പരിഗണിച്ച് മൂന്നു മാസംകൂടി സര്‍ക്കാര്‍ സമയം അനുവദിച്ചു. 2023 ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31വരെയാണു വാര്‍ഷിക പൊതുയോഗം ചേരാനുള്ള സമയം നീട്ടിനല്‍കിയിരിക്കുന്നത്.
നിശ്ചിതസമയത്തിനകം ( സെപ്റ്റംബര്‍ 30 നകം ) ജനറല്‍ ബോഡിയോഗം വിളിക്കാന്‍ കഴിയാതിരുന്ന എല്ലാ സഹകരണ സംഘങ്ങള്‍ക്കും ഒക്ടോബര്‍ ഒന്നുമുതല്‍ മൂന്നു മാസം സമയം നീട്ടിനല്‍കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സമയം നീട്ടിക്കൊണ്ടുള്ള ഉത്തരവ് ഒക്ടോബര്‍ അഞ്ചിന് അസാധാരണ ഗസറ്റായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
1969 ലെ കേരള സഹകരണസംഘം നിയമത്തിലെ സെക്ഷന്‍ 29 ലെ സബ് സെക്ഷന്‍ ( 1 ) അനുസരിച്ച് സഹകരണസംഘത്തിന്റെ ജനറല്‍ ബോഡി യോഗം സാമ്പത്തികവര്‍ഷം അവസാനിച്ച് ആറു മാസത്തിനകം വിളിച്ചുചേര്‍ക്കേണ്ടതാണ്. നിശ്ചിതസമയത്തിനകം ജനറല്‍ബോഡി വിളിച്ചില്ലെങ്കില്‍ സമയപരിധി അവസാനിച്ചു 90 ദിവസത്തിനകം രജിസ്ട്രാറോ രജിസ്ട്രാര്‍ ചുമതലപ്പെടുത്തുന്ന വ്യക്തിയോ വാര്‍ഷിക ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കേണ്ടതാണ് എന്നാണു നിയമം അനുശാസിക്കുന്നത്. ഇങ്ങനെ യോഗം വിളിച്ചുചേര്‍ക്കാന്‍ വേണ്ടിവരുന്ന ചെലവ് സംഘങ്ങള്‍ വഹിക്കണം. നിശ്ചിതസമയപരിധിക്കുള്ളില്‍ വാര്‍ഷിക പൊതുയോഗം വിളിച്ചുചേര്‍ക്കുന്നതില്‍ പരാജയപ്പെടുന്ന സംഘങ്ങളിലെ ഭരണസമിതിയംഗങ്ങള്‍ ഒരു ടേമിലേക്കു കമ്മിറ്റിയംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നതിനു അയോഗ്യരായിത്തീരും.
ഒക്ടോബര്‍ അഞ്ചിന്റെ ഉത്തരവിന്റെ പൂര്‍ണരൂപം താഴെ:
[mbzshare]