സഹകരണ വകുപ്പിനോടാണ്, അരക്കില്ലത്തിലേക്ക് തീപ്പന്തം എറിയരുത്

[mbzauthor]

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണു കേരളത്തിലെ സഹകരണപ്രസ്ഥാനം. അതു പിറന്നതും വളര്‍ന്നതും ജനങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായാണ്. ജനകീയമായതും സ്വയാര്‍ജിതരൂപങ്ങളുമായ സഹകരണസംഘങ്ങള്‍ ചൂഷണരഹിത സമ്പദ്‌വ്യവസ്ഥയ്ക്കു വഴിയൊരുക്കുമെന്നതിനാല്‍ സര്‍ക്കാരുകളുടെ പിന്തുണ എല്ലാകാലത്തും സഹകരണപ്രസ്ഥാനത്തിനു ലഭിച്ചിട്ടുണ്ട്. വട്ടിപ്പലിശക്കാരന്റെ ചൂഷണത്തില്‍നിന്നു കരകയറാന്‍ കര്‍ഷകരും തൊഴിലാളികളും ഒന്നിച്ചുനിന്നു വളര്‍ത്തിയെടുത്ത ഐക്യനാണയസംഘങ്ങളാണു കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളായി വളര്‍ന്നത്. ഇന്ന് അതിനു കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോട് മത്സരിക്കാന്‍പാകത്തിലുള്ള മൂലധനശേഷിയും സാമ്പത്തിക അടിത്തറയുമുണ്ട്. ഇതൊക്കെയാണെങ്കിലും, ഇന്നു കേരളത്തിലെ സഹകരണമേഖല സാമൂഹികമായും സാമ്പത്തികമായും കടുത്ത വെല്ലുവിളി നേരിടുകയാണ്. വായ്പകളില്‍ തിരിച്ചടവ് കുറഞ്ഞു കുടിശ്ശിക കൂടിയതാണു സാമ്പത്തികപ്രതിസന്ധിക്കു പ്രധാന കാരണം. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഭാഗമായതിന്റെ പേരില്‍ 7000 കോടിയോളം രൂപയാണു സഹകരണസംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതിനൊപ്പം, കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പുകള്‍കൂടി പുറത്തുവന്നു. ഇതു വലിയ വാര്‍ത്തകളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ടെന്നതു വസ്തുതയാണ്. ഈ മേഖലയോട് ജനങ്ങള്‍ കാണിച്ച വിശ്വാസമാണു സഹകരണപ്രസ്ഥാനത്തിന്റെ ശക്തി. ആ വിശ്വാസ്യതയ്ക്കു കോട്ടം വരുന്നുവെന്നതാണു സഹകരണപ്രസ്ഥാനം നേരിടുന്ന സാമൂഹിക വെല്ലുവിളി.

നോട്ട് നിരോധനഘട്ടത്തില്‍ സഹകരണസംഘങ്ങളിലെ നിക്ഷേപം സുരക്ഷിതമല്ലേയെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടായിരുന്നു. സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ച ഒരാളുടെ പണവും നഷ്ടപ്പെടില്ലെന്ന് അന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ഈ മേഖലയ്ക്കുണ്ടാക്കിയ വിശ്വാസ്യത ചെറുതല്ല. ഇന്ന് അതല്ല സ്ഥിതി. തട്ടിപ്പിന്റെ വാര്‍ത്തകള്‍ പെരുകുകയും പണം തിരികെ കിട്ടാത്തവരുടെ പരാതികളുണ്ടാവുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ വാക്കുമാത്രം ഈ മേഖലയ്ക്കു രക്ഷയാവില്ല. പകരം, ജനങ്ങള്‍ക്കൊപ്പമുണ്ടെന്നു സേവനത്തിലൂടെ ഉറപ്പുനല്‍കി വിശ്വാസ്യത നിലനിര്‍ത്തേണ്ട ബാധ്യത ഓരോ സഹകരണസംഘത്തിനും വന്നുചേരുകയാണ്. ഈ ഘട്ടത്തിലാണു പുതിയ ഭരണപരിഷ്‌കാരങ്ങളുമായി സഹകരണവകുപ്പ് മുന്നോട്ടുപോകുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കാനുള്ള നടപടിയാണ് അതില്‍ പ്രധാനം. കേരളത്തിലെ ഭൂരിപക്ഷം പ്രാഥമിക സഹകരണ ബാങ്കുകളിലും മികച്ച സോഫ്റ്റ്‌വെയറാണുള്ളത്. ഏകദേശം 70 കമ്പനികളുടെ സോഫ്റ്റ്‌വെയറുകള്‍ പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഓരോ ബാങ്കിന്റെയും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് തയാറാക്കിയ സോഫ്റ്റ്‌വെയറാണ് അതെല്ലാം. ഇതെല്ലാം പൊളിച്ചുമാറ്റി പുതിയതു സ്ഥാപിക്കാനാണു സഹകരണവകുപ്പിന്റെ തീരുമാനം. അതും സംഘങ്ങള്‍ക്ക് ഉടമസ്ഥാവകാശമില്ലാത്ത, സാമൂഹികമാധ്യമത്തിന്റെ ഉപയോഗത്തിനു സമാനമായ രീതിയില്‍ ‘സര്‍വീസ്’ ഉപയോഗിക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍. ഇതു സംഘങ്ങളുടെ സേവനംപോലും തടസ്സപ്പെടുന്നതിനാണു വഴിവെക്കുക. എന്തിനുവേണ്ടിയാണ് ഇങ്ങനെയൊരു പരിഷ്‌കാരമെന്നുപോലും വിശദീകരിച്ചിട്ടില്ല. പുതിയ വാലറ്റ്, ഓണ്‍ലൈന്‍ ആപ്പ്, പ്രാഥമിക ബാങ്കുകള്‍ തമ്മില്‍ ഇടപാട് എന്നിങ്ങനെ ആര്‍.എഫ്.പി.യില്‍ പറയുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാനാവില്ലെന്നു വകുപ്പിനുതന്നെ അറിയാം. റിസര്‍വ് ബാങ്ക് അംഗീകരിച്ചാല്‍ ഇതൊക്കെ കൊണ്ടുവരുമെന്നാണു വാഗ്ദാനം. ഇപ്പോഴത്തെ അവസ്ഥയില്‍ ഇതൊന്നും ആര്‍.ബി.ഐ. അംഗീകരിക്കാനിടയില്ല. സോഫ്റ്റ്‌വെയറിലെ പോരായ്മകൊണ്ട് ഒരു പ്രശ്നവും സഹകരണമേഖല നേരിടുന്നില്ല. എന്നിട്ടും, പുതിയ പരിഷ്‌കാരത്തിലൂടെ സഹകരണ ബാങ്കുകളുടെ സേവനം ജനങ്ങള്‍ക്കു പ്രശ്നമുണ്ടാക്കിയാല്‍ ഈ മേഖലയുടെ അന്ത്യകൂദാശയ്ക്കുകൂടി സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നതാവും നല്ലത്. സഹകരണ വകുപ്പിനോട് സഹകാരികള്‍ക്ക് ഒരപേക്ഷയേയുള്ളൂ- ഒരു തീപ്പൊരി വീണാല്‍ ആളിക്കത്താവുന്ന അരക്കില്ലത്തിന്റെ അവസ്ഥയിലാണ് ഇപ്പോള്‍ സഹകരണമേഖല. അതിലേക്കു തീപ്പന്തം വലിച്ചെറിഞ്ഞു പരീക്ഷിക്കാന്‍ നില്‍ക്കരുത്..

[mbzshare]

Leave a Reply

Your email address will not be published.