ഷാജിമോഹന്‍ സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്; നിയമയുദ്ധം തുടരാന്‍ ഭരണസമിതി
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പുതിയ പ്രസിഡന്റായി സി.കെ.ഷാജി മോഹന്‍ ചുമതലയേറ്റു. ആലപ്പുഴ സ്വദേശിയാണ്. കാസര്‍ക്കോട് സ്വദേശി കെ.നീലകണ്ഠന്‍ ആണ് വൈസ് പ്രസിഡന്റ്. യു.ഡി.എഫിന്റെ നിയന്ത്രണത്തിലുള്ള ആദ്യ ഭരണസമിതി യോഗം ചേര്‍ന്നാണ് ഇരുവരെയും തിരഞ്ഞെടുത്തത്. മെയ് നാലിന് തിരഞ്ഞെടുപ്പ് നടന്നെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് വോട്ടെണ്ണിയിരുന്നില്ല. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച വോട്ടെണ്ണിയപ്പോഴാണ് യു.ഡി.എഫ്. പാനലില്‍ മത്സരിച്ച് 14 പേര്‍ ജയിച്ചത്. നാലുപേര്‍ എല്‍.ഡി.എഫ്. പാനലില്‍ മത്സരിച്ചവരും ജയിച്ചു.
21 മാസമായി സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. വര്‍ഷങ്ങളായി യു.ഡി.എഫ്. നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി അവിശ്വാസത്തിലൂടെ പുറത്തായപ്പോഴാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായത്. അന്ന് തുടങ്ങിയ നിയമപോരാട്ടത്തിന് ഒടുവിലാണ് ഇപ്പോള്‍ യു.ഡി.എഫ്. ഭരണം തിരിച്ചുപിടിച്ചത്.
അഡ്മിനിസ്റ്റര്‍ ഭരണം ഒന്നര വര്‍ഷം നിണ്ടു പോയപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി യു.ഡി.എഫ്. നേതക്കളായ ശിവദാസന്‍ നായരും സി.കെ. ഷാജിമോഹനും നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ കോടതി 2023 മെയ് അഞ്ചിനകം തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങി. ചില നാമനിര്‍ദ്ദേശ പത്രിക തള്ളിയതും വോട്ട് അസാധുവാക്കാനുള്ള നീക്കവും ചോദ്യം ചെയ്ത് യു.ഡി.എഫ്. വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തര്‍ക്കമുളള രണ്ട് വോട്ടുകള്‍ പ്രത്യേക ബോക്സില്‍ സൂക്ഷിച്ച് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. പിന്നിട് സി.കെ ഷാജിമോഹന്‍ നല്‍കിയ മറ്റൊരു കേസില്‍ പ്രത്യേക പെട്ടിയില്‍ സൂക്ഷിച്ചിരുന്ന വോട്ട് എണ്ണിതിട്ടപ്പെടുത്തി ഫലം പ്രഖ്യാപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്ക് വോട്ട് എണ്ണിയത്. പ്രത്യേക ബോക്സില്‍ സൂക്ഷിച്ച രണ്ട് വോട്ടും യു.ഡി.എഫ് പാനലിന് അനുകൂലമായി ലഭിച്ചു. അങ്ങനെ 36 നെതിരെ 38 വോട്ടുകള്‍ ലഭിച്ച് യു.ഡി.എഫ്. ഭരണം തിരിച്ച് പിടിച്ചു.
നിയമപോരാട്ടം തീര്‍ന്നിട്ടില്ലെന്ന് പുതുതായി ചുമതലയേറ്റ പ്രസിഡന്റ് ഷാജിമോന്‍ പറഞ്ഞു. ഫലപ്രഖ്യാപനം വൈകിപ്പിച്ച റിട്ടേണിങ് ഓഫീസര്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. ആദ്യഭരണസമിതി യോഗത്തില്‍ അഡ്വ.കെ.ശിവദാസന്‍ നായരെ ദേശീയ ഫെഡറേഷന്റെ പ്രതിനിധിയായും തിരഞ്ഞെടുത്തു. ടി.എ. നവാസ്, റോയി കെ. പൗലോസ് , എസ്. മുരളിധരന്‍ നായര്‍, ഫില്‍സണ്‍മാത്യുസ്, ടി.എം. കൃഷ്ണന്‍, എസ്.കെ. അനന്തകൃഷ്ണന്‍, വി.പി. അബ്ദുറഹിമാന്‍, ആവോലം രാധാകൃഷ്ണന്‍, മേഴ്സി സാമുവല്‍, ഷീല ഒ.ആര്‍., പി.കെ. രവി എന്നിവരാണ് ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് യു.ഡി.എഫ്. അംഗങ്ങള്‍.
[mbzshare]