സഹകാരികള്‍ക്കുള്ള രണ്ടു തവണ വ്യവസ്ഥയോട് പ്രതിപക്ഷത്തിനു വിയോജിപ്പ്
സഹകരണസംഘം ഭരണസമിതിയില്‍ ഒരംഗത്തിനു തുടര്‍ച്ചയായി രണ്ടു തവണയില്‍ക്കൂടുതല്‍ അംഗമാകുന്നതിനു അയോഗ്യത കല്‍പ്പിക്കാനുള്ള ഭേദഗതിനിര്‍ദേശത്തില്‍ കേരള സഹകരണനിയമഭേദഗതിക്കായുള്ള സെലക്ട് കമ്മിറ്റിയിലെ പ്രതിപക്ഷാംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഈ നിര്‍ദേശം ജനാധിപത്യവ്യവസ്ഥകള്‍ക്കു യോജിച്ചതല്ലെന്നു അവര്‍ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിലും നിയമസഭകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നിലവിലില്ലാത്ത ഈ നിയമം നടപ്പാക്കിയാല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഭരണസമിതിയംഗങ്ങളായി തിരഞ്ഞെടുക്കാനുള്ള അംഗങ്ങളുടെ വോട്ടവകാശത്തെയാണു നിഷേധിക്കുന്നതെന്നു അവര്‍ പറഞ്ഞു.
പതിനഞ്ചംഗ സെലക്ട് കമ്മിറ്റിയിലെ പി. അബ്ദുള്‍ ഹമീദ്, ഡോ. മാത്യു കുഴല്‍നാടന്‍, മോന്‍സ് ജോസഫ്, കെ.കെ. രമ, സണ്ണി ജോസഫ് എന്നീ എം.എല്‍.എ.മാരാണു സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ചു വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.
സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തപ്രകാരമുള്ള 2022 ലെ കേരള സഹകരണസംഘം ( മൂന്നാം ഭേദഗതി ) ബില്ലിലെ വ്യവസ്ഥകള്‍ സഹകരണമേഖലയില്‍ സര്‍ക്കാര്‍ഇടപെടല്‍ ശക്തമാക്കാന്‍മാത്രം സഹായകമായ രീതിയിലുള്ളതാണെന്നു പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. സഹകരണസ്ഥാപനങ്ങളെ ശാക്തീകരിക്കാനുള്ള വ്യവസ്ഥകള്‍ ബില്ലില്‍ വേണ്ടത്രയില്ലെന്നും അവര്‍ വിമര്‍ശിച്ചു. സംഘം ഭരണസമിതിയെ പ്രാഥമികാന്വേഷണത്തിലൂടെ സസ്‌പെന്റ് ചെയ്യാനായി പ്രധാന ആക്ടില്‍ വകുപ്പ് 32 എ കൂട്ടിച്ചേര്‍ക്കാനുള്ള ബില്ലിലെ വ്യവസ്ഥ വ്യാപകമായ ദുരുപയോഗത്തിനു വഴിവെക്കും. ഇതു പക്ഷപാതപരമായ നടപടികളെ പ്രോത്സാഹിപ്പിക്കുകയും സഹകരണമേഖലയുടെ വിശ്വാസ്യത തകരാനിടയാക്കുകയും ചെയ്യും- അവര്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍നിര്‍ദേശപ്രകാരം രൂപവത്കരിക്കുന്ന കണ്‍സോര്‍ഷ്യത്തിലേക്കു സംഘങ്ങള്‍ പണം നല്‍കണമെന്ന വ്യവസ്ഥയും പ്രൊഫഷണല്‍ വിദ്യാഭ്യാസഫണ്ട് സ്റ്റാറ്റിയൂട്ടറി റിസര്‍വാക്കാനുള്ള വ്യവസ്ഥയും സഹകരണസംഘങ്ങളുടെ സാമ്പത്തികസുസ്ഥിരതയെ തകര്‍ക്കുകയും തെറ്റായ ധനവിനിയോഗത്തിന് ഇടയാക്കുകയും ചെയ്യും. സംഘങ്ങളുടെ ഭരണകാര്യങ്ങളില്‍ ഒറിജിനല്‍ ജൂറിസ്ഡിക്ഷന്‍ രജിസ്ട്രാര്‍ക്കും അപ്പീലധികാരം സര്‍ക്കാരിനുമാണു നല്‍കിയിട്ടുള്ളത്. എന്നാല്‍, ഒറിജിനല്‍ ജൂറിസ്ഡിക്ഷന്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന രീതിയില്‍ ബില്ലില്‍ കൊണ്ടുവന്നിട്ടുള്ള വ്യവസ്ഥകളോട് യോജിക്കാനാവില്ല- പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ക്കു മുഴുവനും ബാധകമാവുന്ന സോഫ്റ്റ്‌വെയര്‍ വേണമെന്ന വ്യവസ്ഥ പ്രവര്‍ത്തനങ്ങളിലെ വികേന്ദ്രീകരണം ഇല്ലാതാക്കുകയും സാമ്പത്തികബുദ്ധിമുട്ട് നേരിടുന്ന സംഘങ്ങള്‍ക്ക് അനാവശ്യബാധ്യതകള്‍ വരുത്തുകയും ചെയ്യുമെന്നു പ്രതിപക്ഷാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. രാജ്യത്താകെ ഒരു സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കേരളം എതിര്‍ക്കുന്നതു പൊതു സോഫ്റ്റ്‌വെയറിന്റെ അപ്രായോഗികത ചൂണ്ടിക്കാട്ടിയാണെന്നു അവര്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥനെ സംഘങ്ങളുടെ രജിസ്ട്രാറായി നിയമിക്കാം എന്ന വ്യവസ്ഥയും അനുഗുണമല്ലെന്നു വിയോജനക്കുറിപ്പില്‍ പറയുന്നു. സംഘത്തിന്റെ ആസ്തിബാധ്യതകള്‍ മറ്റേതെങ്കിലും സംഘത്തിലേക്കു കൈമാറാനോ ഒരു സംഘത്തെ ഒന്നിലധികം സംഘങ്ങളായി വിഭജിക്കാനോ പൊതുയോഗത്തില്‍ ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്ന വ്യവസ്ഥ കേവലഭൂരിപക്ഷമായി കുറയ്ക്കുന്നതും അംഗീകരിക്കാനാവില്ല. സംഘം വിപുലീകരിക്കാനായി ഒരുവിധ അനുബന്ധസ്ഥാപനവും തുടങ്ങാനാവാത്ത രീതിയില്‍ പ്രധാന നിയമത്തിലെ വകുപ്പ് 14 എഎ യില്‍ വരുത്തുന്ന ഭേദഗതി ഒഴിവാക്കണമെന്നു പ്രതിപക്ഷാംഗങ്ങള്‍ നിര്‍ദേശിച്ചു.
പരീക്ഷാബോര്‍ഡ് നടത്തുന്ന നിയമനങ്ങളില്‍ പ്രാദേശിക സംവരണവ്യവസ്ഥ കൊണ്ടുവരാത്തപക്ഷം സംഘങ്ങളില്‍ മതിയായ ഉദ്യോഗസ്ഥരെ കിട്ടാത്ത സാഹചര്യമുണ്ടാകുമെന്നു പ്രതിപക്ഷാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
സഹകരണമന്ത്രി വി.എന്‍. വാസവന്‍ ചെയര്‍മാനായുള്ള സെലക്ട് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍ ഇ. ചന്ദ്രശേഖരന്‍, വി. ജോയ്, കോവൂര്‍ കുഞ്ഞുമോന്‍, ടി.ഐ. മധുസൂദനന്‍, ശാന്തകുമാരി കെ, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, വി.ആര്‍. സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, തോമസ് കെ. തോമസ് എന്നിവരാണ്.
സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട്
പ്രസിദ്ധീകരിച്ചു
കേരള സഹകരണസംഘം ( മൂന്നാം ഭേദഗതി ) ബില്‍ – 2022 ലെ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് അസാധാരണ ഗസറ്റായി ഇന്നലെ ( 2023 ആഗസ്റ്റ് എട്ടിനു ) സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.
2022 ഡിസംബര്‍ നാലിനാണു കേരള സഹകരണസംഘം ( മൂന്നാം ഭേദഗതി ) ബില്‍ – 2022 ആദ്യം പ്രസിദ്ധീകരിച്ചത്. ഡിസംബര്‍ പന്ത്രണ്ടിനു നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ സഹകരണമന്ത്രിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സെലക്ട് കമ്മിറ്റിക്കു വിട്ടു. കമ്മിറ്റിയുടെ ആദ്യയോഗം 2023 ജനുവരി നാലിനു ചേര്‍ന്നു. പൊതുജനങ്ങളില്‍നിന്നു നിര്‍ദേശങ്ങള്‍ സ്വീകരിക്കാനായി തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലായി ആറു സിറ്റിങ് നടത്തി. പഠനത്തിന്റെ ഭാഗമായി സെലക്ട് കമ്മിറ്റിയംഗങ്ങള്‍ മഹാരാഷ്ട്ര സന്ദര്‍ശിച്ചും സഹകരണരംഗത്തെ വിദഗ്ധരില്‍ നിന്നു അഭിപ്രായങ്ങള്‍ തേടുകയുണ്ടായി. സെലക്ട് കമ്മിറ്റി അഭിപ്രായരൂപവത്കരണത്തിനായി ആകെ 18 യോഗങ്ങളാണു സംഘടിപ്പിച്ചത്. ഇവയില്‍ നിന്നും തപാലിലും ഇ മെയിലുംവഴിയും കിട്ടിയ നിര്‍ദേശങ്ങള്‍ 2023 ജൂലായ് 11 നു ചേര്‍ന്ന യോഗത്തില്‍ ക്രോഡീകരിക്കപ്പെട്ടു. ജൂലായ് 26 നും ആഗസ്റ്റ് മൂന്നിനും ചേര്‍ന്ന സെലക്ട് കമ്മിറ്റിയോഗം ബില്ലിലെ വ്യവസ്ഥകള്‍ ഒന്നൊന്നായി പരിഗണനക്കെടുത്തശേഷം മതിയായ ഭേദഗതികളോടെ ആഗസ്റ്റ് നാലിനു കരട്‌റിപ്പോര്‍ട്ട് അംഗീകരിച്ചു.
റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിക്കാന്‍ താഴെയുള്ള
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
[mbzshare]