കൊവിഡ് നിയന്ത്രണങ്ങളില്‍ കൈത്താങ്ങാവാന്‍ വീണ്ടും കണ്‍സ്യൂമര്‍ഫെഡിന്റെ ഓണ്‍ലൈന്‍ വിപണി
കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കിയ സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താനുള്ള നടപടിയുമായി കണ്‍സ്യൂമര്‍ഫെഡ്. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ നടപ്പാക്കിയ മാതൃകയില്‍ ഹോം ഡെലിവറി ലഭ്യമാക്കും. ഭക്ഷ്യസാധനങ്ങള്‍ക്കൊപ്പം മരുന്നുകളും എത്തിക്കും.
തുടക്കത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉള്ള എറണാകുളത്താണ് സംവിധാനം. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളും ഹോം ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് ചെയര്മാന് എം.മെഹ്ബൂബും എംഡി ഡോ. സനില്‍ എസ്.കെയും അറിയിച്ചു. എല്ലാ നിത്യോപയോഗ സാധനങ്ങളും ഇതിനോടകം സംഭരിച്ചു കഴിഞ്ഞു. ഹോം ഡെലിവെറിക്കായി ജീവനക്കാരെയും സജ്ജമാക്കിയിട്ടുണ്ട്.
ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളുടെ വാട്സ് അപ് നമ്പറുകളില്‍ സാധനങ്ങളുടെ വിവരവും അഡ്രസും നല്‍കണം. ജീവനക്കാര്‍ അന്നു തന്നെ സാധനങ്ങള്വീട്ടിലെത്തിക്കും. ഇതു കൂടാതെ 47 മൊബൈല്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഗ്രാമീണ മേഖലയിലും കണ്ടയ്ന്മെന്റ് സോണുകളിലും കടലോര, മലയോര മേഖലകളിലും ആവശ്യമനുസരിച്ച് റൂട്ട് തയ്യാറാക്കി സാധനങ്ങള്‍ എത്തിക്കും.
മൊബൈല്‍ യൂണിറ്റുകള്‍ ലഭ്യമല്ലാത്ത മേഖലകളില്‍ കെഎസ്ആര്‍ടിസി ബസ് ഉപയോഗപ്പെടുത്താനാണ് ശ്രമം. ബസുകള്‍ ലഭ്യമാക്കാനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് കൂടുതല്‍ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു.
നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നാണ് അവശ്യമരുന്നുകള്‍ എത്തിക്കുക. ഫോണ്‍ നമ്പറിലും വാട്സ്ആപ്പിലും സന്ദേശമയച്ചാല്‍ മരുന്നുകള്‍ വീട്ടിലെത്തും. കൂടാതെ എല്ലാ നീതി മെഡിക്കല്‍ സ്റ്റോറുകളിലും പ്രതിരോധ മരുന്ന് കിറ്റുകളും കൊവിഡാനന്തര കിറ്റുകളും തയ്യാറാക്കും.
ഭക്ഷ്യസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും പുറമേ അടുത്ത അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും നോട്ട്ബുക്കുകളും വീടുകളിലെത്തിക്കാനും പദ്ധതി തയ്യാറാക്കി വരികയാണ്.വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ എന്നിവയുമായി സഹകരിച്ചാവും പദ്ധതി നടപ്പാക്കുക.
കഴിഞ്ഞ വര്‍ഷം കൊവിഡിന്റെ തുടക്ക കാലത്ത് കണ്‍സ്യൂമര്‍ഫെഡ് വിപണിയില്‍ കാര്യക്ഷമമായി ഇടപെടുകയും അതുവഴി സഹകരണവകുപ്പിന്റെ പ്രത്യേക പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ കാലയളവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം സാധനങ്ങള്‍ എത്തിച്ച് ഓണ്‍ലൈനായും ഹോംഡെലിവറിയിലൂടെയും ഉപഭോക്താക്കള്‍ക്ക് നല്കി. മില്‍മ ഉത്പന്നങ്ങളും കണ്‍സ്യൂമര്‍ ഫെഡ് സ്റ്റോളുകളിലൂടെ വിറ്റഴിച്ചു. നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ഗുണനിലവാരമുള്ള മാസ്കുകളും സാനിറ്റൈസറുകളും കണ്‍സ്യൂമര്‍ഫെഡ് എത്തിച്ചു. ഇതിന്റെ ചുവട് പിടിച്ചാണ് കൊ വിഡ് രണ്ടാം തരംഗത്തിലും കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രവര്‍ത്തനം.
[mbzshare]