സാമ്പത്തികപ്രതിസന്ധി: ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ആദ്യഗഡു പി.എഫ്. അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നത് നീട്ടി
പതിനൊന്നാം ശമ്പളപരിഷ്കരണക്കുടിശ്ശികയുടെ ആദ്യഗഡു 2023 ഏപ്രില്‍ ഒന്നിനു ജീവനക്കാരുടെ പി.എഫ്. അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതു കേരളസര്‍ക്കാര്‍ നീട്ടിവെച്ചു. സാമ്പത്തിക പ്രതിസന്ധികാരണമാണ് ഈ നടപടി.
2019 ജൂലായ് ഒന്നു മുതല്‍ 2021 ഫെബ്രുവരി 28 വരെയുള്ള ശമ്പളപരിഷ്കരണക്കുടിശ്ശിക 25 ശതമാനംവീതം നാലു ഗഡുക്കളായി 2023 ഏപ്രില്‍ ഒന്ന്, ഒക്ടോബര്‍ ഒന്ന്, 2024 ഏപ്രില്‍ ഒന്ന്, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ ജീവനക്കാരുടെ പി.എഫ്. അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ആദ്യഗഡു വരുന്ന ഏപ്രില്‍ ഒന്നിനാണു ക്രെഡിറ്റ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ഈ വിഷയം പുനപ്പരിശോധിച്ച സര്‍ക്കാര്‍ ഇപ്പോള്‍ ആദ്യഗഡു അനുവദിച്ചാല്‍ അതു സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും എന്നു വിലയിരുത്തിയതിനെത്തുടര്‍ന്നാണു തീരുമാനം നടപ്പാക്കുന്നത് ഇനിയൊരുത്തരവുവരെ നീട്ടിവെച്ചത്.
സംസ്ഥാന സര്‍ക്കാര്‍ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ സര്‍വകലാശാലകളിലെ ജീവനക്കാരുടെയും ശമ്പളസ്കെയിലുകള്‍ 2019 ജൂലായ് ഒന്നിനാണു പരിഷ്കരിച്ചത്.
[mbzshare]