കര്‍ഷക ഉദ്പാദന സംഘടനകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് നബാര്‍ഡ്

[mbzauthor]

പുതിയ കര്‍ഷക ഉദ്പാദന സംഘടനകള്‍ (എഫ്പിഒ) രൂപവല്‍കരിക്കുകയും ഒപ്പം നിലവിലുള്ളവയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്ന് നബാര്‍ഡ് വ്യക്തമാക്കി.

2021 ജനുവരിയിലെ കണക്കനുസരിച്ച് രാജ്യത്ത് 8,500 ഓളം എഫ്പിഒകളെ വിവിധ ഏജന്‍സികള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതില്‍ 4,868 എണ്ണം എഫ്പിഒകള്‍ക്കും പിന്തുണ നല്‍കിയത് നബാര്‍ഡ് ആണെന്ന് ചെയര്‍മാന്‍ ഡോ. ജി ആര്‍ ചിന്താല തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയില്‍ (ടിഎന്‍യു) മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുമായി കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ എഫ്പികളെ മുന്‍നിര്‍ത്തി ഒരു ആഭ്യന്തര പഠനം നബാര്‍ഡ് നടത്തി. 39 എഫ്പിഒകളിലായി അംഗത്വമുള്ള 1886 കര്‍ഷകരും, അംഗത്വമില്ലാത്ത 971 കര്‍ഷകരും പഠനത്തിന്റെ ഭാഗമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ എഫ്പിഒകളില്‍ അംഗത്വമെടുത്ത ശേഷം കര്‍ഷകര്‍ക്ക് ഉദ്പന്നങ്ങളുടെ ഉയര്‍ന്ന ശരാശരി വില ലഭിക്കുന്നുണ്ടെന്നും വരുമാനം 13.35 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ദ്ധിച്ചതായും ചിന്താല പറഞ്ഞു. എഫ്പിഒകളുമായി ബന്ധപ്പെട്ട ഭാവി പദ്ധതികള്‍ ആലോചിക്കുന്നതിന് ഈ കണ്ടെത്തലുകള്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഹകരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ ഇനിയും മനസിലായിട്ടില്ലെന്ന് വ്യക്തമാക്കിയ നബാര്‍ഡ് ചെയര്‍മാന്‍, പ്രാഥമിക കാര്‍ഷിക കേന്ദ്രങ്ങളെ (പിഎസി) മള്‍ട്ടി സര്‍വീസ് സെന്ററുകളാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് ആലോചനയെന്നും സൂചിപ്പിച്ചു. വിളവെടുപ്പിനു ശേഷമുള്ള വിപണന പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ട് വരുന്നതിനുള്ള പുതിയ പദ്ധതി കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായകമാകും.

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നത് ഗ്രാമീണ ബാങ്കുകളെയും സഹകരണ ബാങ്കുകളെയും എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന്, സര്‍ക്കാര്‍ തന്നെ വായ്പകള്‍ തിരിച്ചടക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യുമെങ്കിലും ബാങ്കിങ് മേഖലയില്‍ ഇത് കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

[mbzshare]

Leave a Reply

Your email address will not be published.