നെല്ല് സംസ്‌കരണ സംഘത്തിന് അതിരമ്പുഴയില്‍ ഭൂമി നല്‍കാന്‍ തീരുമാനം

moonamvazhi

കേരളത്തിലെ നെല്‍കര്‍ഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി രൂപീകരിച്ച കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘ(കാപ്‌കോസ്)ത്തിന് നെല്ല് സംഭരണത്തിനായി ഗോഡൗണും, മൂല്ല്യ വര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തിന് ഫാക്ടറിയും സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായി.

അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ വേദഗിരിയില്‍ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം ടെക്‌സ്‌റ്റൈല്‍സിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 10 ഏക്കര്‍ ഭൂമി അനുവദിക്കുന്നതിനാണ് സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചത്. സ്ഥലം പരിശോധിക്കുന്നതിനായി ശനിയാഴ്ച്ച സഹകരണ വകുപ്പിന്റെയും, വ്യവസായ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്ന് കാപ്‌കോസ് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണന്‍ അറിയിച്ചു.

കുടമാളൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുളിഞ്ചുവടിലുള്ള കെട്ടിടത്തിലാണ് കാപ്‌കോസ് ഓഫീസ്. കോട്ടയം ജില്ലയിലെ 26 പ്രാഥമിക കാര്‍ഷിക സര്‍വീസ് സഹകരണ ബാങ്കുകള്‍ അംഗ സംഘങ്ങളായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം നടത്തുന്ന സംഘം സംസ്ഥാനത്തെ പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളില്‍ നിന്നും നെല്ല് സംഭരിക്കും. കര്‍ഷകര്‍ക്ക് വരുമാനവും സാധാരണക്കാര്‍ക്ക് കുറഞ്ഞവിലയ്ക്ക് അരിയും ലഭ്യമാക്കുകയാണ് കാപ്‌കോസിന്റെ ലക്ഷ്യം.

സഹകരണ വകുപ്പിന് കീഴില്‍ പുതിയ മില്ല് വന്നാല്‍ സംസ്ഥാനത്തെ നെല്ലു സംസ്‌കരണത്തിന്റെ 10 ശതമാനമെങ്കിലും സര്‍ക്കാര്‍സഹകരണ മേഖലയുടെ കൈയിലെത്തും. നിലവില്‍ 2.75 ശതമാനം മാത്രമാണിത്. ഒരുവര്‍ഷം എട്ട് ലക്ഷത്തിലധികം ടണ്‍ നെല്ല് സപ്ലൈകോ സംഭരിക്കുമ്പോള്‍ 7 ലക്ഷം ടണ്ണും സംസ്‌കരിക്കുന്നത് സ്വകാര്യമില്ലുകളാണ്. സഹകരണ സംഘങ്ങളുടെ കൂട്ടായ പങ്കാളിത്തോടെ നെല്ല് സംസ്‌കരണ മേഖലയിലെ ഇടപെടല്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് കാപ്‌കോസ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News