വനിതാസഹകാരികളുടെ ഡല്‍ഹി പ്രഖ്യാപനം ദേശീയ സഹകരണനയ രൂപവത്കരണസമിതി പരിഗണിച്ചേക്കും
സമാപനസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത NCUI പ്രസിഡന്റ് ദിലീപ് സംഘാനിയാണു ഡല്‍ഹി പ്രഖ്യാപനം ദേശീയ സഹകരണനയ രൂപവത്കരണസമിതി മുമ്പാകെ വെയ്ക്കാമെന്നു വാഗ്ദാനം ചെയ്തത്. രണ്ടു ദിവസത്തിനകം മുംബൈയിലാണു നയരൂപവത്കരണസമിതി യോഗം ചേരുന്നത്. ഡല്‍ഹി പ്രഖ്യാപനത്തിലെ ശുപാര്‍ശകള്‍ ദേശീയനയങ്ങളില്‍ ഉള്‍പ്പെടുമെന്നു സംഘാനി പ്രത്യാശ പ്രകടിപ്പിച്ചു.
‘സഹകരണപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം വനിതകളിലെ നേതൃശേഷിയും ഐക്യദാര്‍ഢ്യവും വളര്‍ത്തിയെടുക്കാനും 18 സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാസഹകാരികളായ ഞങ്ങള്‍ പ്രതിജ്ഞയെടുക്കുന്നു ‘ എന്നാണു പ്രഖ്യാപനത്തിന്റെ ആമുഖമായി പറയുന്നത്. സാമൂഹികസുരക്ഷയോടെ സഹകരണമേഖലവഴി ജീവനോപാധി കണ്ടെത്താന്‍ ഗ്രാമീണ-നഗര വനിതകളെ സംഘടിപ്പിക്കുക, വനിതകളുടെ സാമ്പത്തികവളര്‍ച്ചയ്ക്കായി സഹകരണ സംഘങ്ങളിലൂടെ സര്‍ക്കാരും മറ്റും നടത്തുന്ന പദ്ധതികളുമായി വനിതകളെ ബന്ധപ്പെടുത്തുക, സഹകരണസംഘങ്ങളില്‍ വനിതകള്‍ക്കു സാമൂഹികസംരക്ഷണം ഉറപ്പാക്കുക, പൊതു-സ്വകാര്യമേഖലകള്‍വഴി വനിതകള്‍ക്കു സാമ്പത്തികസഹായം ലഭ്യമാക്കുക, ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്നു വനിതാസഹകാരികള്‍ക്കും അവരുടെ ബിസിനസ്സിനും യന്ത്രങ്ങള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുക, സാമ്പത്തിക മാനേജ്‌മെന്റില്‍ വനിതകള്‍ക്കു പരിശീലനം നല്‍കുക, സഹകരണമൂല്യങ്ങളെയും തത്വങ്ങളെയുംകുറിച്ച് വനിതകളെ ബോധവതികളാക്കുക, നേതൃശേഷി കൂട്ടാന്‍ പരിപാടികളും കോഴ്‌സുകളും നടത്തുക, ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കാന്‍ പരിശീലനം നല്‍കുക, രജിസ്‌ട്രേഷന്‍ പ്രക്രിയയും മറ്റും ലഘൂകരിച്ച് ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക, വനിതാസംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈനായും ഓഫ്‌ലൈനായും വിപണനത്തിന് അവസരമൊരുക്കുക, വായ്പയും പ്രവര്‍ത്തനമൂലധനവും മറ്റും താങ്ങാനാവുന്ന നിരക്കില്‍ കിട്ടാനും വനിതാസംഘങ്ങളില്‍ നിക്ഷേപിക്കാനും അവസരമുണ്ടാക്കുക, പ്രതിവര്‍ഷം 20 കോടി രൂപവരെ വിറ്റുവരവുള്ള വനിതാസംഘങ്ങള്‍ക്കു നികുതിയില്‍ മൊറട്ടോറിയം പ്രഖ്യാപിക്കുക, വനിതാസംഘങ്ങളെ ഡിജിറ്റലൈസ് ചെയ്യാന്‍ സഹായിക്കുക തുടങ്ങിയ ശുപാര്‍ശകളാണു ഡല്‍ഹി പ്രഖ്യാപനത്തിലുള്ളത്.