യുവസംഘങ്ങള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ മൂന്നുകോടി സര്‍ക്കാര്‍ സഹായം
സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച യുവ സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സഹായം അനുവദിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. 30 യുവ സഹകരണസംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവയ്ക്ക് ഓഹരി, സബ്‌സിഡി എന്നിങ്ങനെ രണ്ട് വിഭാഗത്തിലായാണ് സഹായം അനുവദിക്കുക.
സഹകരണ മേഖലയില്‍ നൂതന ആശയങ്ങള്‍ നടപ്പാക്കി തൊഴില്‍ സാധ്യതയുള്ള സംരംങ്ങള്‍ ഏറ്റെടുക്കണമെന്നാണ് യുവ സംഘങ്ങള്‍ക്ക് സഹകരണ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിന് ഓരോ സംഘങ്ങളും സമര്‍പ്പിക്കുന്ന പദ്ധതി പരിശോധിച്ച് ആവശ്യമായ പിന്തുണ നല്‍കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള പ്രാംരംഭ കാര്യങ്ങള്‍ക്കുള്ള സഹായം എന്ന നിലയിലാണ് മൂന്നുകോടി രൂപ അനുവദിക്കുന്നത്. ഓരോ സംഘത്തിനും പത്തുലക്ഷം വീതമാണ് ലഭിക്കുക.
അച്ചടി, ഐ.ടി., ഇവന്റ് മാനേജ്‌മെന്റ് തുടങ്ങിയ വൈവിധ്യമുള്ള പദ്ധതികള്‍ യുവസംഘങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ഈ വര്‍ഷം കൂടുതല്‍ സഹകരണ സംരംഭങ്ങള്‍ തുടങ്ങണമെന്ന് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനാണ് യുവസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയില്‍ കീഴില്‍ യുവജന സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
യുവ സംഘങ്ങള്‍ ഒറ്റയ്ക്ക് ഒരു സംരംഭം ഏറ്റെടുക്കുന്നതിനുപരി സംയുക്ത സംരംഭങ്ങളുടെ സാധ്യത തേടുക എന്നതാണ് സഹകരണ വകുപ്പ് ഉദ്ദേശിക്കുന്നത്. മറ്റ് സഹകരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സ്ഥാപിക്കാനാകുന്ന സംരംഭങ്ങളെ കുറിച്ചും സഹകരണ വകുപ്പ് പരിശോധിക്കുന്നുണ്ട്. ഈ സംഘങ്ങള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് കേരളബാങ്കില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ വയ്പ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ഇതിനായി പ്രത്യേക വായ്പ പദ്ധതികള്‍ തയ്യാറാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കേരളബാങ്കിന് രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
[mbzshare]