വികസന, ക്ഷേമ പദ്ധതികള്‍ക്കു ‘കെയ്ക്’ സഹകരണ മിഷന്‍
– കിരണ്‍ വാസു
ഉല്‍പ്പാദനം കൂടിയിട്ടും കര്‍ഷകരുടെ വരുമാനം വര്‍ധിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥ. ഇതു മറികടക്കുകയാണു കെയ്ക് കൊണ്ടുദ്ദേശിക്കുന്നത്. ഉല്‍പ്പാദനത്തിനു ശേഷമുള്ള കാര്‍ഷികാനുബന്ധ സംവിധാനമാണു കെയ്ക് ഒരുക്കുക. സംഭരണം, സംസ്‌കരണം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വിപണന ശൃംഖലയൊരുക്കല്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍ സഹകരണ മേഖലയുടെ കൈത്താങ്ങില്‍ പരിഹരിക്കുകയാണു കെയ്ക്കിന്റെ ലക്ഷ്യം.
സഹകരണ മേഖലയുടെ പങ്കാളിത്തത്തിലൂടെ കേരളത്തിന്റെ വികസന, ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണു രണ്ടാം പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു ‘മൂന്നാംവഴി’ കഴിഞ്ഞ ലക്കത്തില്‍ ‘ ഇനി മിഷന്‍ സഹകരണത്തിലൂടെ’ എന്ന കവര്‍ സ്റ്റോറിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ആദ്യ ബജറ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അതിനു ബജറ്റ് മുന്നോട്ടുവെക്കുന്ന പദ്ധതിയാണു കോ-ഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ കേരള എന്ന കെയ്ക് ( CAIK) .
ഒന്നാം പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ, വികസന പദ്ധതികള്‍ക്കായി നാലു മിഷനുകള്‍ രൂപവത്കരിച്ചിരുന്നു. ഹരിതകേരളം, ആര്‍ദ്രം, കേരള ലൈഫ് മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയായിരുന്നു അവ. ആ മിഷനുകള്‍ അതേ രീതിയില്‍ ഇത്തവണയും തുടരും. ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലും പരിസ്ഥിതി സംരക്ഷണത്തിലും പാര്‍പ്പിടമില്ലാത്ത അവസ്ഥയിലും മാറ്റമുണ്ടാക്കാന്‍ തുടര്‍പ്രവര്‍ത്തനം അനിവാര്യമാണെന്നതുകൊണ്ടാണിത്. ആ മിഷനുകളുടെ തുടര്‍ച്ചകൊണ്ടുമാത്രം പുതിയ സര്‍ക്കാരിന്റെ വികസന, ക്ഷേമ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണു സഹകരണ പങ്കാളിത്തത്തിലൂടെ സാമൂഹിക ക്ഷേമമെന്ന പുതിയ കാഴ്ചപ്പാട് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. കെയക് എന്നതു സര്‍ക്കാരിന്റെ ഒരു മിഷനല്ല, ഒരു പദ്ധതി മാത്രമാണ്. എന്നാല്‍, പ്രായോഗികതലത്തില്‍ പരിശോധിച്ചാല്‍ അതൊരു പദ്ധതിയല്ല മിഷന്‍ ( ദൗത്യം ) തന്നെയാണെന്നു ബോധ്യപ്പെടും. കെയ്ക് ഒരു സഹകരണ മിഷനാണ്. ഒരു വകുപ്പിനപ്പുറത്തേക്കുള്ള പ്രവര്‍ത്തനം ഏറ്റെടുക്കാന്‍, ഒരു നാടിന്റെ വികസന, ക്ഷേമത്തിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തുന്ന മിഷന്‍.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ സഹകരണ മേഖലയ്ക്കു വലിയ പ്രാധാന്യവും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന സമീപനത്തില്‍ വലിയ മാറ്റവും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് പ്രളയാനന്തര കാലത്ത്. അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന, അവരെ സഹായിക്കാനുള്ള ധനകാര്യ സ്ഥാപനമെന്ന രീതിയില്‍ പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയ, സഹകരണ സംഘങ്ങള്‍ ഒരു സമൂഹത്തിന്റെ മൊത്തം ക്ഷേമത്തിനുവേണ്ടി മാറുന്നുവെന്നതാണ് അത്. പ്രളയാനന്തരമാണു പ്രകടമായ ഈ മാറ്റം കേരളത്തിലുണ്ടാകുന്നത്. അതായതു സംഘത്തിന്റെ പൊതുനന്മാഫണ്ട്, അംഗസമാശ്വാസ നിധി എന്നിവയെല്ലാം ദുരന്തഘട്ടത്തില്‍ നാടിനു ദാനം ചെയ്യുന്ന രീതിയുണ്ടായി. സര്‍ക്കാര്‍ സാമ്പത്തികമായി തകര്‍ന്നുപോകുന്ന ഘട്ടത്തില്‍ താങ്ങിനിര്‍ത്താന്‍ സഹകരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങി. സ്വകാര്യ – പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊന്നും ചെയ്യാനാവാത്ത പ്രവര്‍ത്തനമാണു സഹകരണ സംഘങ്ങള്‍ ചെയ്തത്. ലാഭമല്ല ജനങ്ങളുടെ ക്ഷേമമാണു മുഖ്യമെന്നതു സഹകരണ മുദ്രാവാക്യമായതുകൊണ്ടാണ് ഈ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ സഹകരണ സംഘങ്ങള്‍ക്കു കഴിയുന്നത്. മറ്റേതു സ്ഥാപനത്തിനും ഇത്രയും പണം ക്ഷേമത്തിനും നാടിന്റെ നന്മയ്ക്കും നല്‍കാന്‍ നിയമപരമായ തടസ്സമുണ്ട്. സഹകരണ സംഘങ്ങളുടെ ഈ സാധ്യതയാണ് ഇപ്പോള്‍ പദ്ധതി നിര്‍വഹണത്തിനും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നത്.
എന്താണ് കെയ്ക് ?
കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനത്തിനല്ല സംസ്‌കരണത്തിനും വിപണ സംവിധാനം ഒരുക്കുന്നതിനുമുള്ള മൂലധന നിക്ഷേപത്തിനാണു പ്രാധാന്യം നല്‍കേണ്ടതെന്ന പുതിയ കാഴ്ചപ്പാടാണു ബജറ്റ് മുന്നോട്ടുവെക്കുന്നത്. ഉല്‍പ്പാദനത്തിനൊപ്പം കര്‍ഷകനു വരുമാനം കൂടാന്‍ വിപണിയും സംസ്‌കരണ, മൂല്യവര്‍ധിത യൂണിറ്റുകളും വിപുലപ്പെടേണ്ടതുണ്ട്. ഇതിനായി സഹകരണ ഫണ്ടിങ് ഉപയോഗപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതിയാണു കോ-ഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ കേരള എന്ന കെയ്ക്. പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉപയോഗപ്പെടുത്തി സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതിയിലെ ഒന്നാമത്തെ ഇനമായാണു കെയ്ക് ബജറ്റില്‍ അവതരിപ്പിക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 10,000 കോടിയുടെ നിക്ഷേപമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നബാര്‍ഡില്‍നിന്നു പുനര്‍വായ്പാ സ്‌കീമില്‍ പണം കണ്ടെത്തുകയും സഹകരണ ബാങ്കുകളിലൂടെ കാര്‍ഷിക, അനുബന്ധ മേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിനു പണം ചെലവഴിപ്പിക്കുകയുമാണു ലക്ഷ്യം. ഇതിനു സര്‍ക്കാര്‍ പലിശയിളവ് നല്‍കും.
നാലു ശതമാനം പലിശക്കും തീരെ പലിശയില്ലാതെയും കാര്‍ഷിക വായ്പ നല്‍കുന്ന സ്‌കീം സംസ്ഥാനത്തു നടപ്പാക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇതിനനുസരിച്ച് കാര്‍ഷികാനുബന്ധ മേഖലയില്‍ ഉല്‍പ്പാദനം കൂടുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വരുമാന വര്‍ധന കര്‍ഷകര്‍ക്കുണ്ടാകുന്നില്ല. ഉല്‍പ്പാദനം കൂടുമ്പോള്‍ വിപണിമൂല്യം കുറയുന്നു എന്നതാണു പ്രധാന കാരണം. പഴവും പച്ചക്കറികളും സൂക്ഷിച്ചുവെക്കാന്‍ ശീതീകരണ സംവിധാനമില്ല. സംസ്‌കരണ, മൂല്യവര്‍ധിത യൂണിറ്റുകളുമില്ല. ലോക്ഡൗണ്‍ കാലത്തുണ്ടായ അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിലാണു പുതിയ പദ്ധതി തയാറാക്കിയിട്ടുള്ളത്. കാര്‍ഷികാനുബന്ധ മേഖല കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ക്കു കീഴിലാണ്. ഇവയ്ക്കാകെ ബാധകമാകുന്നവിധത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ സഹകരണ സംഘങ്ങള്‍ക്കു കഴിയുമെന്നതിനാലാണ് ഈ പരീക്ഷണം.
പ്രാദേശിക വിപണികള്‍, ഗോഡൗണുകള്‍, കോള്‍ഡ് ചെയിന്‍ സൗകര്യം, പഴം സംസ്‌കരണ യൂണിറ്റുകള്‍, പഴം – പച്ചക്കറി മാര്‍ക്കറ്റുകള്‍, ആധുനിക മത്സ്യ വിപണന സൗകര്യങ്ങള്‍, ശുചിത്വമുള്ള മത്സ്യം – ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍, പച്ചക്കറി – പാല്‍ സംസ്‌കരണ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റിങ് മേഖലയിലെ മറ്റ് ഇടപെടലുകള്‍ എന്നിവയെല്ലാം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു നേരിട്ട് ഏറ്റെടുത്തും വ്യക്തിഗത വായ്പ നല്‍കിയും നിര്‍വഹിക്കാം. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു നാലു ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍നിന്നുള്ള പുനര്‍വായ്പ കേരള ബാങ്ക് വഴി ലഭ്യമാക്കും. ഈ സാമ്പത്തിക വര്‍ഷം 2000 കോടി രൂപയാണ് ഇത്തരത്തില്‍ കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനാനന്തരമുള്ള അടിസ്ഥാന സൗകര്യത്തിനു ചെലവിടാന്‍ ലക്ഷ്യമിടുന്നത്. അഞ്ചു വര്‍ഷം കൊണ്ട് 10,000 കോടിയിലേക്ക് ഈ മൂലധന നിക്ഷേപം ഉയര്‍ത്തും. സര്‍ക്കാരിനു വലിയ ബാധ്യതയുണ്ടാവില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. അതേസമയം, സമൂഹത്തില്‍ പ്രത്യേകിച്ച് കര്‍ഷകത്തൊഴിലാളികള്‍ക്കും സാധാരണ ജനവിഭാഗങ്ങള്‍ക്കുമിടയില്‍ , വലിയ മാറ്റമുണ്ടാക്കാവുന്ന പദ്ധതിയുമാണ്. അതിനാല്‍, അഞ്ചു വര്‍ഷം കൊണ്ട് 10,000 കോടിയെന്നത് ഒരു പരിധിയായി കണക്കാക്കുന്നില്ല. കാര്‍ഷികാനുബന്ധ മേഖലയില്‍ എത്രത്തേളം പദ്ധതികള്‍ ഏറ്റെടുക്കുന്നുവോ അത്രയും മൂലധന നിക്ഷേപത്തിനു വഴിയൊരുക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആസൂത്രണ ബോര്‍ഡിലെ കൃഷിവിഭാഗമാണ് ഇത്തരമൊരു പദ്ധതിനിര്‍ദേശം മുന്നോട്ടുവെച്ചത്. കൃഷി വ്യാപിപ്പിക്കാനും ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനുമുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണു സര്‍ക്കാരിന്റെ നയം. ഇതനുസരിച്ചാണ് ആസൂത്രണബോര്‍ഡ് പദ്ധതി തയാറാക്കിയത്. കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചാലും കര്‍ഷകര്‍ക്കു വരുമാനമില്ലെങ്കില്‍ അവര്‍ കൃഷിതന്നെ ഉപേക്ഷിക്കുമെന്നാണ് ആസൂത്രണ ബോര്‍ഡ് വിലയിരുത്തിയത്. അതുകൊണ്ട്, കൃഷിയിറക്കാന്‍ പണം നല്‍കുന്നതിനൊപ്പം വിപണിയും സംസ്‌കരണവുമെല്ലാം ഉറപ്പാക്കാനാവണം. അത് ഏതെങ്കിലും ഒരു വകുപ്പിലൂടെയോ ഒരു പദ്ധതിയിലൂടെയോ സാധ്യമാകുന്ന ഒന്നല്ലെന്നാണ് അവര്‍ എത്തിയ നിഗമനം. ഈ ചുമതല നല്‍കാന്‍ ആസൂത്രണ ബോര്‍ഡിലെ കൃഷിവിഭാഗമാണു സഹകരണ മേഖലയുടെ പേര് നിര്‍ദേശിച്ചത്. അതിനനുസരിച്ചാണു കെയ്ക് എന്ന മിഷന്‍ മാതൃകയിലുള്ള പദ്ധതി തയാറാക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു സംഭരണ, സംസ്‌കരണ, വിപണന സംവിധാനം കൊണ്ടുവരുന്ന പദ്ധതിയാണിത്. കേരള ബാങ്കിനെ കേരളത്തിന്റെ കാര്‍ഷിക വികസന സാമ്പത്തിക സ്ഥാപനമാക്കി മാറ്റി സഹകരണ സംഘങ്ങളെ പദ്ധതി നിര്‍വഹണ ഏജന്‍സിയാക്കുകയാണു ചെയ്യുന്നത്. കര്‍ഷകരുടെ ജീവിതം മാറ്റുന്ന പരിഷ്‌കാരമാണിതെന്നാണ് ആസൂത്രണ ബോര്‍ഡ് കൃഷിവിഭാഗം മേധാവി എസ്.എസ്. നാഗേഷ് ഈ പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത്.
കാര്‍ഷിക വിപ്ലവത്തിനു പുതിയ പരീക്ഷണം
സഹകരണ മേഖലയ്ക്കു സ്വാധീനമുള്ള ലോകരാജ്യങ്ങളിലാകെ സഹകരണ സംഘങ്ങളെ പങ്കാളിയാക്കിയുള്ള പദ്ധതി നിര്‍വഹണ രീതി വിജയകരമായി നടപ്പാക്കുന്നുണ്ട്. ജര്‍മനിയില്‍ പാല്‍സംഭരണവും വിപണനവും സഹകരണ മേഖലയിലൂടെയാക്കിയതു കര്‍ഷകര്‍ക്കു വരുമാനമുറപ്പാക്കുന്ന മാതൃകാ നടപടിയായാണു വിലയിരുത്തുന്നത്. ഇന്ത്യയിലും ക്ഷീരസംഘങ്ങളുടെ സഹകരണ മാതൃക മികച്ചതാണ്. ഗുജറാത്തില്‍ അമൂലും കേരളത്തില്‍ മില്‍മയും ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. പാലുല്‍പ്പാദനത്തില്‍ കേരളം സ്വയംപര്യാപ്തതയിലേക്കു നീങ്ങുന്നതിലും ക്ഷീരകര്‍ഷകര്‍ക്കു മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിലും മില്‍മ വഹിക്കുന്ന പങ്ക് വലുതാണ്. ലോക്ഡൗണില്‍ പാല്‍സംഭരണം മുടങ്ങിയപ്പോള്‍ കര്‍ഷകര്‍ അനുഭവിച്ച ദുരിതം സംഘങ്ങളുടെ പ്രധാന്യം എത്രമാത്രം വലുതാണെന്നു ബോധ്യപ്പെടുത്തുന്നു. ലോക്ഡൗണില്‍ കര്‍ഷകരില്‍നിന്നു പരമാവധി പാല്‍ സംഭരിച്ച് സമൂഹ അടുക്കളയിലേക്കും അതിഥിത്തൊഴിലാളി ക്യാമ്പുകളിലേക്കും നല്‍കിയതു മികച്ച കര്‍ഷക രക്ഷാമാര്‍ഗങ്ങളാണ്. ഇതിനു കഴിഞ്ഞതു ക്ഷീരസംഘങ്ങളെന്ന സഹകരണ ശൃംഖല ഈ മേഖലയിലുള്ളതുകൊണ്ടാണ്.
ഭക്ഷ്യ സ്വയംപര്യാപ്തത അനിവാര്യമാണ് എന്നതു കോവിഡ്കാലം നമുക്കു നല്‍കിയ പാഠമാണ്. കേരളത്തിനു മാത്രമല്ല, ഇന്ത്യയ്ക്കും ആ ബോധ്യമുണ്ടായിട്ടുണ്ട്. ‘ലോക്കല്‍’ ചിന്തയിലേക്കു സമൂഹം മാറണമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഈ ഘട്ടത്തില്‍ ഓര്‍ക്കണം. കേരളം ഇതിനായി തയാറാക്കിയ പ്രത്യേക പദ്ധതിയാണു ‘സുഭിക്ഷ കേരളം’. അതിനു മുമ്പുതന്നെ പച്ചക്കറി ഉല്‍പ്പാദനം, നെല്‍ക്കൃഷി വികസനം എന്നിവയ്‌ക്കെല്ലാം സര്‍ക്കാര്‍ വിവിധതരം പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സുഭിക്ഷ കേരളം പദ്ധതിയില്‍ മാത്രം 4593 ഹെക്ടര്‍ സ്ഥലത്താണ് അധികമായി പച്ചക്കറി കൃഷി ചെയ്തത്. 68,895 ടണ്‍ പച്ചക്കറി അധികമായി ഉല്‍പ്പാദിപ്പിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ത്തന്നെ കാര്‍ഷികോല്‍പ്പാദനത്തിലെ വളര്‍ച്ച ബോധ്യപ്പെടും. 2016 – 17 ല്‍ സംസ്ഥാനത്തെ പച്ചക്കറി ഉല്‍പ്പാദനം 7.25 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. 2019 – 20 ല്‍ ഇതു 14.93 മെട്രിക് ടണ്ണായി വര്‍ധിച്ചു. 2020 – 21 ല്‍ പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 1.06 ലക്ഷം ഹെക്ടറാക്കാനും ഉല്‍പ്പാദനം 16 ലക്ഷം മെട്രിക് ടണ്‍ ആക്കാനുമാണു ലക്ഷ്യമിട്ടത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു മാത്രം എട്ടു ലക്ഷത്തോളം മെട്രിക് ടണ്‍ പച്ചക്കറി അധികമായി ഉല്‍പ്പാദിപ്പിച്ചു. പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 52,829 ഹെക്ടറില്‍നിന്ന് 96,313 ഹെക്ടറായും വളര്‍ന്നു. നെല്‍ക്കൃഷിയുടെ വിസ്തൃതി അഞ്ചു വര്‍ഷം കൊണ്ട് 1.96 ലക്ഷം ഹെക്ടറില്‍നിന്ന് 2.31 ലക്ഷം ഹെക്ടറായി വര്‍ധിച്ചു. 16 ഇനം പഴം, പച്ചക്കറികള്‍ക്കു അടിസ്ഥാന വിലപ്രഖ്യാപിച്ചു.
ഉല്‍പ്പാദനം കൂടി, വരുമാനം കൂടിയില്ല
അതേസമയം, കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനം കൂടുമ്പോഴും കര്‍ഷകരുടെ വരുമാനം കാര്യമായി വര്‍ധിച്ചിട്ടില്ല. കര്‍ഷകരുടെ പല വായ്പകളും തിരിച്ചടവ് മുടങ്ങിയ നിലയിലാണ്. ഉല്‍പ്പാദനച്ചെലവും വരുമാനവും ഒത്തുപോകാത്തതിന്റെ പരിഭവം ഒട്ടേറെ കര്‍ഷകര്‍ക്കു പറയാനുണ്ട്. നെല്‍ക്കൃഷിക്കാരുടെ ദുരിതം പറയേണ്ടതില്ല. നെല്ല് സംഭരണത്തില്‍ തുടങ്ങി സംഭരിച്ച നെല്ലിന്റെ വില കിട്ടുന്നതുവരെ കര്‍ഷകര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അളവ് കുറച്ചു കാണിക്കല്‍, ഗുണനിലവാരത്തിന്റെ പേരിലെ എഴുതിത്തള്ളല്‍ എന്നിവ വേറെയും. കാര്‍ഷികോല്‍പ്പാദനം കൂടുന്നതുകൊണ്ടുമാത്രം കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടുന്നില്ല എന്നാണിതു വ്യക്തമാക്കുന്നത്. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ ഉല്‍പ്പാദനം കൂട്ടുക എന്നതായിരുന്നു ഇതുവരെ നമ്മുടെ കാഴ്പ്പാട്. അതിനു തിരുത്തല്‍ വേണമെന്നാണ് ഈ അനുഭവം നല്‍കുന്ന പാഠം. ഇതിനു മറിച്ചൊരു അനുഭവം കൂടി നമുക്കു മുമ്പിലുണ്ട്. അതു ക്ഷീരമേഖലയിലാണ്. ക്ഷീരകര്‍ഷകര്‍ നല്‍കുന്ന പാല്‍ മുഴുവന്‍ സംഘങ്ങളെടുക്കും. അവര്‍ക്ക് അതിനുള്ള പണം കൃത്യമായി ലഭിക്കും. അതും വിപണിയില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന വില. ഉല്‍പ്പാദനച്ചെലവിലുണ്ടാകുന്ന വര്‍ധന മാറ്റിനിര്‍ത്തിയാല്‍ ക്ഷീരകര്‍ഷകര്‍ മറ്റു കര്‍ഷകരെ അപേക്ഷിച്ച് തൃപ്തരാണ്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നല്ല വിലയ്ക്കു വില്‍ക്കാനും അതിനുള്ള പണം അപ്പോള്‍ത്തന്നെ കിട്ടാനുമുള്ള സാഹചര്യമാണ് ഏതൊരു കര്‍ഷകനെയും സംതൃപ്തനാക്കുന്നത്. ക്ഷീരമേഖലയില്‍ സഹകരണ സംഘങ്ങളിലൂടെ അതു ലഭിക്കുന്നുണ്ട്. മറ്റു മേഖലയിലും സഹകരണ പങ്കാളിത്ത പദ്ധതി നടപ്പാക്കാമെന്ന ആസൂത്രണം ഉണ്ടാകുന്നത് ഈ അനുഭവത്തില്‍നിന്നാണ്. കെയ്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതു പുതിയ കാര്‍ഷിക വിപ്ലവമാണ്.
ഉല്‍പ്പാദനാനന്തരം സഹകരണം
ഉല്‍പ്പാദനത്തിനു ശേഷമുള്ള കാര്‍ഷികാനുബന്ധ സംവിധാനം ഒരുക്കുകയാണു കെയ്ക് പദ്ധതി ലക്ഷ്യമിടുന്നത്. ഇതാണു പൂര്‍ണമായും സഹകരണ സംഘങ്ങള്‍ വഴി നടപ്പാക്കുന്നതും. കാര്‍ഷികോല്‍പ്പാദനം വരെയുള്ള കാര്യങ്ങള്‍ കൃഷിവകുപ്പിനു കീഴില്‍ നല്ല രീതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍, സംഭരണം, സംസ്‌കരണം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വിപണന ശൃംഖല ഒരുക്കല്‍ എന്നിയ്‌ക്കെല്ലാം കൃഷിവകുപ്പിനു പരിമിതികള്‍ ഏറെയുണ്ട്. മാത്രവുമല്ല, സര്‍ക്കാര്‍ ഫണ്ട് ചെയ്ത് ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുകയെന്നതും പ്രയാസമുള്ളതാണ്. അല്ലെങ്കില്‍ സ്വകാര്യ സംരംഭകരെ ഉപയോഗപ്പെടുത്തണം. കേരളത്തില്‍ വികസന, ക്ഷേമ പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം അത്ര സ്വീകാര്യമുള്ള രീതിയല്ല. ഈ പ്രശ്‌നങ്ങളാണു സഹകരണ ഫണ്ടിങ്ങിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. സഹകരണ മേഖലയ്ക്കുള്ള ജനാധിപത്യ സ്വഭാവവും ജനവിശ്വാസവും സര്‍ക്കാരിന്റെ ലക്ഷ്യത്തിന് ഏറെ സഹായകരവുമാണ്.
സഹകരണ സംഘങ്ങള്‍ക്കു മൂലധനം സ്വരൂപിക്കാനുള്ള ശേഷി ഏറെയുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കു നബാര്‍ഡ്, എന്‍.സി.ഡി.സി. പോലുള്ള കേന്ദ്ര ധനകാര്യ ഏജന്‍സികള്‍തന്നെ സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ട്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കാര്‍ഷികോല്‍പ്പാദനത്തിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സഹകരണ സംഘങ്ങളിലൂടെ സജ്ജീകരണമുണ്ടാക്കാനാണു ലക്ഷ്യമിടുന്നത്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മൂല്യവര്‍ധിത ഉല്‍പ്പാദന യൂണിറ്റുകള്‍, പരിശോധനാ ലാബുകള്‍, വിപണന ശൃംഖല ഒരുക്കല്‍ എന്നിവയാണു സഹകരണ സംഘങ്ങള്‍ ചെയ്യേണ്ടത്. നബാര്‍ഡില്‍നിന്നു കേരള ബാങ്ക് വഴി ഇതിനുള്ള വായ്പ കുറഞ്ഞ പലിശനിരക്കില്‍ കിട്ടുമാറാക്കുമെന്നാണു ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നാലു ശതമാനം പലിശയ്ക്കു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു വായ്പ ലഭിക്കും. സംഘങ്ങള്‍ക്കു നേരിട്ട് സംരംഭങ്ങള്‍ തുടങ്ങാം. ഒപ്പം, വ്യക്തികള്‍ക്കു വായ്പ നല്‍കിയും സംരംഭങ്ങളിലേക്കു കൊണ്ടുവരാം. വ്യക്തികള്‍ക്ക് അഞ്ചു ശതമാനം പലിശക്ക് ഈ വായ്പ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു നല്‍കാനാകും.
വായ്പ പ്രൊജക്ടുകള്‍ക്ക്
സംഘങ്ങള്‍ നേരിട്ടു നടത്തുന്നതാണെങ്കിലും വ്യക്തിഗത സംരംഭങ്ങളാണെങ്കിലും പ്രൊജക്ടുകള്‍ക്കാണു വായ്പ അനുവദിക്കുക. അതായത്, ഓരോ സംരംഭത്തിനും ഒരു തുടര്‍ച്ചയും വളര്‍ച്ചയും ഉണ്ടാകണം. കര്‍ഷകനില്‍നിന്നു നേരിട്ട് വാങ്ങുന്ന ഉല്‍പ്പന്നം കൊണ്ടുപോകാന്‍ ഗതാഗത സൗകര്യം , അതു മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കാനുള്ള യൂണിറ്റ്, അവ വിറ്റഴിക്കാനുള്ള വിപണന കേന്ദ്രം എന്നിങ്ങനെ ഓരോ സംരംഭത്തിനും ഒരുതുടര്‍ച്ച ഉണ്ടാകുമ്പോള്‍ മാത്രമാണ് അവയെല്ലാം വിജയകരമാകുന്നത്. അതാണു സഹകരണ സംഘങ്ങള്‍ നിര്‍വഹിക്കേണ്ടത്. എന്നാല്‍, ഈ പദ്ധതി പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലൂടെ നടത്താനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. 1625 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണു കേരളത്തിലുള്ളത്. ഇതിന്റെ നാലിരട്ടിയിലധികം വായ്‌പേതര സംഘങ്ങളുണ്ട്. മാര്‍ക്കറ്റിങ്, കണ്‍സ്യൂമര്‍ എന്നിങ്ങനെ വിവിധ മേഖലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവയും ഇതിലുണ്ട്. കേരള ബാങ്കില്‍നിന്നുള്ള വായ്പ ഈ സംഘങ്ങള്‍ക്കു കൂടി കിട്ടുമ്പോഴാണു സര്‍ക്കാരിന്റെ കാഴ്ചപ്പാട് പൂര്‍ണമായും ലക്ഷ്യം കാണുന്നത്. വായ്പാ സംഘങ്ങളെ മാത്രം ആശ്രയിച്ചുള്ള സഹകരണ പങ്കാളിത്ത പദ്ധതി ആസൂത്രണം ചെയ്യുന്നതു ശരിയായ രീതിയല്ല.
എന്തൊക്കെ ഏറ്റെടുക്കണം ?
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഭക്ഷ്യ ദൗര്‍ലഭ്യത്തെ നേരിടാനും വരുമാന വര്‍ധനവിനുമായി ഒന്നാം പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി വലിയ തോതില്‍ ഉല്‍പ്പാദന വര്‍ധന സൃഷ്ടിക്കുകയുണ്ടായി. ഓരോരുത്തരും കര്‍ഷകരാവുക എന്ന ആശയം ഏറ്റെടുക്കുകയും തരിശുഭൂമിയാകെ കൃഷിയിറക്കാന്‍ ശ്രമമുണ്ടാവുകയും ചെയ്തു. ഈ ശ്രമത്തിന്റെ ഭാഗമായി ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. എന്നാല്‍, സമൃദ്ധമായി വിളഞ്ഞ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങാനും വിപണനം ചെയ്യാനും ന്യായവില ഉറപ്പാക്കാനും പലിയിടത്തും കഴിഞ്ഞില്ല. ഉല്‍പ്പന്ന ശേഖരണത്തിലെ പോരായ്മകള്‍, കേടുകൂടാതെ സൂക്ഷിക്കാനുള്ള ഗോഡൗണുകള്‍ ഇല്ലാത്ത അവസ്ഥ, മാര്‍ക്കറ്റിങ് ശൃംഖലയുടെ അഭാവം തുടങ്ങിയവയെല്ലാം കര്‍ഷകരെ ദുരിതത്തിലാക്കി. പച്ചക്കറിക്കു താങ്ങുവില ഏര്‍പ്പെടുത്തിയ നടപടി കുറയേറെ സഹായിച്ചുവെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടര്‍ക്കൃഷിയെ ബാധിക്കും. ഇതാണു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടിയ കാര്യം. ഇതിനുള്ള പരിഹാര നിര്‍ദേശമായാണു സഹകരണ പങ്കാളിത്ത പദ്ധതി അവതരിപ്പിക്കുന്നത്.
എന്തൊക്കെ പദ്ധതികളാണ് ഇതിന്റെ ഭാഗമായി ഏറ്റെടുക്കുന്നതെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സേവന ശൃംഖല തുടങ്ങും. ഇതിനായി രണ്ടു ജില്ലകളില്‍ ഈ വര്‍ഷംതന്നെ പൈലറ്റ് പദ്ധതി ആരംഭിക്കും. കാര്‍ഷികോല്‍പ്പാദനക്കമ്പനികളേയും സഹകരണ സംഘങ്ങളെയും കാര്‍ഷികച്ചന്തകളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പെട്ടെന്നു കേടുവരുന്ന വിളകളായ മരച്ചീനി, മറ്റു കിഴങ്ങ് വര്‍ഗങ്ങള്‍, കശുമാങ്ങ, മാങ്ങ, ചക്ക, വിവിധയിനം വാഴപ്പഴങ്ങള്‍, മറ്റ് പഴവര്‍ഗങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കും. വ്യവസായാവശ്യത്തിന് ഉതകുന്ന ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കും. കേരള ബാങ്കിന്റെ പിറവി കാര്‍ഷിക വായ്പകള്‍ ഗണ്യമായി വര്‍ധിപ്പിക്കുന്നതിനു സൗകര്യമൊരുക്കുന്നുണ്ട്. കുറഞ്ഞ പലിശക്കു കാര്‍ഷിക വായ്പ ലഭ്യമാക്കും. സംസ്ഥാനം പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്ന പാതയിലാണ്. എന്നാല്‍, കോവിഡ് കാലഘട്ടത്തില്‍ ക്ഷീരകര്‍ഷകര്‍ക്കു പാലിനു ആവശ്യമായ വിപണി കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയുണ്ടായി. സര്‍ക്കാര്‍ മുന്‍കൈ എടുത്തു പാല്‍പ്പൊടി ഫാക്ടറിയുടെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ക്ഷീരമേഖലയെ ശക്തിപ്പെടുത്താനായി പാലുപയോഗിച്ചുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഫാക്ടറി ആരംഭിക്കും. ഇതിനായി പത്തു കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
കുടുംബശ്രീക്കും പങ്കാളിത്തം
സംരംഭങ്ങള്‍ തുടങ്ങുന്നതിലും അതു വിജയകരമായി നടത്തുന്നതിലും കുടുംബശ്രീക്കുള്ള സല്‍പ്പേര് ഗുണകരമായി ഈ പദ്ധതിയിലും ഉപയോഗിക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഇതിനൊപ്പം, കര്‍ഷക കൂട്ടായ്മകള്‍, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ എന്നിവയും ഇതിന്റെ ഭാഗമാകും. സഹകരണ സംഘങ്ങള്‍ക്കും കര്‍ഷകക്കൂട്ടായ്മകള്‍ രൂപവത്കരിക്കാനുള്ള അവസരമുണ്ട്. കുടുംബശ്രീ സംരംഭങ്ങള്‍ക്കു സബ്സിഡി നല്‍കുന്നതിനു പ്രത്യേക ഉപജീവന പാക്കേജ് വിഹിതം അനുവദിക്കുമെന്നു ബജറ്റില്‍ വ്യക്തമാക്കുന്നു. ഏഴായിരത്തോളം വനിതാ സംഘക്കൃഷി ഗ്രൂപ്പുകളിലൂടെ തരിശുരഹിത കേരളം സൃഷ്ടിക്കാനും ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്താനും കാര്‍ഷിക മേഖലയില്‍ കുടുംബശ്രീ നല്‍കുന്ന സംഭാവന പ്രധാനപ്പെട്ടതാണ്. ഈ കര്‍ഷകരെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്ന യൂണിറ്റുകള്‍ കുടുംബശ്രീയിലൂടെ ആരംഭിക്കാന്‍ പത്തു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തദ്ദേശീയരായ കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ സ്റ്റോറുകളിലൂടെ വിപണനം നടത്തും. ഇതിലൂടെ കര്‍ഷകര്‍ക്കു ന്യായവില ഉറപ്പാക്കാനാവും. കൂടാതെ, ഉപഭോക്താക്കള്‍ക്കു നല്ല നാടന്‍ പച്ചക്കറികള്‍ മിതമായ വിലയ്ക്കു കിട്ടുകയും ചെയ്യും. ഈ സ്റ്റോറുകള്‍ ആരംഭിക്കുന്നതിനാവശ്യമായ വാഹനങ്ങള്‍, സ്റ്റോര്‍ നവീകരണം എന്നിവയ്ക്കു കേരള ബാങ്ക് വായ്പ അനുവദിക്കും. കൃത്യമായ വായ്പാ തിരിച്ചടവിനു മൂന്നു ശതമാനം വരെ സബ്സിഡി അനുവദിക്കുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപനം.
മില്ലറ്റ് ഗ്രാമം പദ്ധതിയുടെ വിജയം
അട്ടപ്പാടിയിലെ ആദിവാസികളില്‍ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ തുടങ്ങിയ മില്ലറ്റ് ഗ്രാമം പദ്ധതി വലിയ വിജയമായിരുന്നു. ഈ പദ്ധതി തുടങ്ങിയശേഷം അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവു മൂലം കുട്ടികള്‍ മരിക്കുന്ന സംഭവങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദിവാസികള്‍ക്കു വരുമാനം ഉറപ്പാക്കുന്ന കൃഷിരീതി കൊണ്ടുവന്നു എന്നതാണു മിലറ്റ് ഗ്രാമം പദ്ധതിയുടെ നേട്ടം. 2017 ലാണ് ഈ പദ്ധതി തുടങ്ങിയത്. പദ്ധതി ആരംഭിക്കുമ്പോള്‍ 300 ഹെക്ടറില്‍ താഴെയായിരുന്നു കൃഷി. ഇപ്പോള്‍ 1200 ഹെക്ടറിലേക്ക് ഉയര്‍ന്നു. ഓരോ വിളയും കൃഷിയിറക്കുന്നതിനു മുമ്പ് ഊരുകൂട്ടങ്ങള്‍ കൂടി തീരുമാനിക്കും. അവരുടെ പരമ്പരാഗത കൃഷിയും കൃഷിരീതിയും അട്ടപ്പാടിയില്‍ തിരിച്ചുവന്നു. ചെറുധാന്യങ്ങള്‍, നിലക്കടല, പയര്‍, തുവര, എണ്ണക്കരുക്കളായ കടുക്, എള്ള്, സൂപ്പര്‍ ഫുഡ് ചിയ എന്നിവ കൃഷി ചെയ്യാന്‍ 70 ഊരുകളിലെ കര്‍ഷകര്‍ക്കു സര്‍ക്കാര്‍ ഇപ്പോള്‍ ധനസഹായം ചെയ്യുന്നുണ്ട്. എന്നാല്‍, ഔഷധമൂല്യവും ഏറെ വിപണി മൂല്യവുമുള്ള ഈ ഉല്‍പ്പന്നങ്ങള്‍ സ്വന്തം ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവില്‍ കോയമ്പത്തൂര്‍ കെ.വി.കെ.യുടെ സഹായത്തോടെ മൂന്നു ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ബ്രാന്‍ഡ് ചെയ്തു വില്‍ക്കാന്‍ കഴിഞ്ഞതു മാത്രമാണു നേട്ടം. ഇനി ഇതും സഹകരണ സംഘങ്ങള്‍ക്കു ഏറ്റെടുക്കാം. സംസ്‌കരണവും വിപണനവും പുതിയ ബ്രാന്‍ഡും തീര്‍ക്കാം. കെയ്ക് സഹകരണ സംരംഭങ്ങള്‍ക്കുള്ള ഒരു വെളിച്ചമാണ്. അതു തെളിച്ചുനടന്നാല്‍ കര്‍ഷകരുടെ ജീവിതം മാറുമെന്നതില്‍ തര്‍ക്കമില്ല. സഹകരണ മേഖലയുടെ വളര്‍ച്ചയുടെയും പുതിയ സാധ്യതകളുടെയും ഉദയം കൂടിയാകുമിത്.
[mbzshare]