റിസ്ക്കാവുന്ന റിസ്ക് ഫണ്ട്
മൂന്നാംവഴി ഡിസംബര്‍ ലക്കം കവര്‍ സ്റ്റോറി
മാരക രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും വായ്പകള്‍ തീര്‍പ്പാക്കാന്‍ സാമ്പത്തിക സഹായം നല്കുന്ന സഹകരണ റിസ്ക് ഫണ്ട് പദ്ധതിയില്‍ നേരത്തേയുള്ള വ്യവസ്ഥകളനുസരിച്ച് അപേക്ഷ നല്കാന് താരതമ്യേന എളുപ്പമായിരുന്നു. ഇപ്പോഴത് കടുപ്പിച്ചു. അഞ്ചെണ്ണത്തിന്റെ സ്ഥാനത്ത് ഇനി 16 രേഖകള്‍ നല്‍കണം. ഇതൊന്നും പോരാഞ്ഞ് ജി.എസ്.ടി. യും വായ്പ എടുക്കുന്നയാളുടെ തലയിലിട്ടിട്ടുണ്ട്.
സഹകരണ സംഘങ്ങളിലെയും സഹകരണ ബാങ്കുകളിലെയും ഇടപാടുകാര്‍ക്ക് ആശ്വാസമേകുന്ന പദ്ധതിയാണ് സഹകരണ ‘ റിസ്ക് ഫണ്ട് ‘. 2008-ലാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. മാരക രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും വായ്പകള്‍ തീര്‍പ്പാക്കാന്‍ സാമ്പത്തിക സഹായം അനുവദിക്കുന്നതാണ് പദ്ധതി. അര്‍ബുദവും ഹൃദ്രോഗവുമൊക്കെ വന്ന് ജീവിതം വഴിമുട്ടിയവരെ കടക്കെണിയിലേക്ക് തള്ളിവിടാതിരിക്കാനുള്ള മഹത്തായ കാരുണ്യ പദ്ധതിയാണ് റിസ്ക് ഫണ്ട് പദ്ധതി. സഹകരണ മേഖലയിലല്ലാതെ ഇത്തരമൊരു കാരുണ്യ സഹായം പൊതു-സ്വകാര്യ ബാങ്കിങ് മേഖലയിലൊന്നും കാണാനാവില്ല. ഈ പദ്ധതിയുടെ നടത്തിപ്പിനായി കേരള സഹകരണ നിയമത്തിലെ 57-ാം വകുപ്പ് പ്രകാരം ഒരു ബോര്‍ഡ് സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുണ്ട്. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.
വ്യവസ്ഥകളില്‍ മാറ്റം
റിസ്ക് ഫണ്ട് പദ്ധതിക്ക് പല ഘട്ടങ്ങളിലായി സര്‍ക്കാരും സഹകരണ സംഘം രജിസ്ട്രാറും ചില ഭേദഗതികളും നിര്‍ദേശങ്ങളുമെല്ലാം നല്‍കിയിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് സെപ്റ്റംബര്‍ 20ന് സഹകരണ വകുപ്പിന്റെ ഉത്തരവിലൂടെ ഉണ്ടായിട്ടുള്ളത്. ഇപ്പോഴത്തെ മാറ്റം ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. പദ്ധതിക്ക് കാതലായ മാറ്റം വരുത്തികൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്. നിലവിലെ വ്യവസ്ഥകളില്‍ മുപ്പതോളം മാറ്റങ്ങളാണ് പുതിയ ഉത്തരവിലൂടെ ഉണ്ടായിട്ടുള്ളത്. ഇതില്‍ ചിലത് സംഘങ്ങള്‍ക്കും ഇടപാടുകാര്‍ക്കും ഒരേ പോലെ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നതാണ് പുതുതായി ഉള്‍പ്പെടുത്തിയ വ്യവസ്ഥകളിലേറെയും എന്നതാണ് പ്രധാനം. രോഗം ബാധിച്ച് അവശത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ രൂപവത്കരിച്ച ഒരു പദ്ധതി, അതിന്റെ ആനുകൂല്യം കിട്ടുന്നതിന് വട്ടംകറക്കുന്ന നിലയുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. സഹകരണ സംഘം ജീവനക്കാരും അവരുടെ സംഘടനകളും സഹകാരികളും ഇപ്പോഴത്തെ മാറ്റം തിരുത്തേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, ഉത്തരവിറങ്ങി രണ്ടു മാസത്തിലേറെയായിട്ടും അത് പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
റിസ്ക് ഫണ്ട് പദ്ധതി പല കാരണങ്ങളാല്‍ പരിഷ്കരിക്കേണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടാവില്ല. ആനുകൂല്യം നല്‍കാനുള്ള ഫണ്ടിന്റെ അപര്യാപ്തത, അര്‍ഹരായവര്‍ക്ക് അത് കിട്ടാനുള്ള മാനദണ്ഡത്തിലെ പിഴവുകള്‍, ആനുകൂല്യത്തിന്റെ തോതിലുള്ള കുറവ് എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്. ബോര്‍ഡിന് ഫണ്ട് കിട്ടാതെ ഒരു പദ്ധതിയും മുന്നോട്ടുകൊണ്ടുപോകാനാവില്ല. ഈ പ്രശ്നങ്ങളില്‍ പരിഹാര നിര്‍ദേശങ്ങള്‍ പുതിയ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്. സഹായം ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമാക്കി എന്നതാണ് ഇതില്‍ പ്രധാനം. വായ്പ എടുത്തശേഷം മാരകരോഗം ബാധിച്ചാല്‍ ലഭിക്കുന്ന സഹായം 75,000 രൂപയില്‍നിന്ന് ഒരു ലക്ഷമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ബോര്‍ഡിന് ഫണ്ട് കിട്ടാനുള്ള നിര്‍ദേശങ്ങളാണ് മറ്റൊന്ന്്. ഇതിന് പദ്ധതിയില്‍ അംഗമാകുന്നതിനുള്ള പ്രീമിയം തുക ഉയര്‍ത്തുകയാണ് ചെയ്തത്. ഓരോ വായ്പയുടെയും 0.35 ശതമാനമായിരുന്നു നേരത്തെയുള്ള വിഹിതം. ഇത് 0.5 ശതമാനമായി ഉയര്‍ത്തി. കുറഞ്ഞ വിഹിതം 100 രൂപയില്‍നിന്ന് 250 രൂപയായും പരമാവധി വിഹിതം 525 രൂപയില്‍നിന്ന് 1000 രൂപയായും കൂട്ടി.
ഈ നിര്‍ദേശങ്ങളില്‍ കുറഞ്ഞ വിഹിതം 250 രൂപയാക്കിയതൊഴികെയുള്ളവ വലിയ വിമര്‍ശനത്തിന് വിധേയമാക്കേണ്ടതല്ല. കാരണം, ബോര്‍ഡില്‍ ഫണ്ടിന്റെ ലഭ്യത അത്രയേറെ കുറവും പദ്ധതിയുടെ ആനുകൂല്യം തേടുന്നവരുടെ എണ്ണം കൂടുതലുമാണ്. അതേസമയം, കുറഞ്ഞവിഹിതം 250 രൂപയാക്കിയത് ഒട്ടേറെ ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. 5000 രൂപയില്‍ താഴെ വായ്പ എടുക്കുന്നവര്‍പോലും 250 രൂപ വിഹിതമായി നല്‍കേണ്ടിവരും. അതായത് വായ്പത്തുകയുടെ അഞ്ച് ശതമാനം വരുമിത്. എല്ലാ വായ്പകള്‍ക്കും റിസ്ക് ഫണ്ട് പിടിക്കണമെന്നാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദേശം. അപ്പോള്‍, 12 ശതമാനം പലിശയ്ക്ക് 5000 വായ്പ എടുക്കാന്‍ വരുന്നവര്‍ക്ക് ഫലത്തില്‍ 17 ശതമാനം ബാധ്യത വരുന്ന സ്ഥിതിയാവും. അതിനാല്‍, കുറഞ്ഞ തുകയുടെ തോത് കുറയ്ക്കണമെന്ന ആവശ്യം സഹകാരികള്‍ ഉയര്‍ത്തുന്നുണ്ട്.
സ്ഥാപനങ്ങളും വിഹിതം നല്‍കണം
ബോര്‍ഡിന്റെ വരുമാനം കൂട്ടാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് വിഹിതം നിശ്ചയിച്ചുവെന്നതാണ് മറ്റൊരു പ്രധാന മാറ്റം. നിക്ഷേപത്തിന് അനുസരിച്ചാണ് വിഹിതം നിശ്ചയിച്ചിട്ടുള്ളത്. 20 കോടി രൂപ വരെ 5000 രൂപ, 20-50 കോടി വരെ 7500 രൂപ, 50-100 കോടി വരെ 10,000രൂപ, 100 കോടിക്ക് മുകളിലുള്ള സ്ഥാപനങ്ങള്‍ 15,000 രൂപ എന്നീ നിരക്കില്‍ ഓരോ വര്‍ഷവും നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ വിഹിതം നിക്ഷേപം അടിസ്ഥാനമാക്കിയല്ല. ഈ ബാങ്കുകള്‍ പ്രതിവര്‍ഷം 25,000 രൂപ ബോര്‍ഡിന് കൈമാറണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതുവരെ സ്ഥാപനങ്ങള്‍ ബോര്‍ഡിലേക്ക് ഫണ്ട് നല്‍കിയിരുന്നില്ല. അതിനാല്‍, ബോര്‍ഡിലേക്കുള്ള വിഹിതം സ്ഥാപനങ്ങള്‍ക്കുള്ള അധികബാധ്യതയാണെന്ന പരാതി സഹകാരികള്ക്കുണ്ടാകാം. എങ്കിലും, പദ്ധതിയുടെ ജനകീയവും കാരുണ്യപരവുമായ ഉദ്ദേശ്യം പരിഗണിക്കുമ്പോള്‍ അതൊരു ബാധ്യതയായി കണക്കാക്കേണ്ടതില്ല. മാത്രവുമല്ല, ഈ സ്ഥാപനനങ്ങളുടെയെല്ലാം ഇടപാടുകാര്‍ക്കാണ് പദ്ധതിയുടെ സഹായം ലഭിക്കുന്നത്. അത്തരം സഹായം കിട്ടുമ്പോള്‍ ആ നാടിന് തോന്നുന്ന നന്ദി ആ സഹകരണ സ്ഥാപനത്തിന്റെ പേരും വിശ്വാസ്യതയും ഉയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
റിസക് ഫണ്ട് ആനുകൂല്യം സംബന്ധിച്ച് പൊതുജനങ്ങള്‍ അറിയുന്നില്ലെന്ന പരാതി പോലും സഹകരണ ബാങ്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ജനകീയവും ജീവകാരുണ്യപരവുമായ ഈ പദ്ധതി അര്‍ഹരായ കൂടുതല്‍പ്പേര്‍ക്ക് ലഭിക്കണമെന്ന ആഗ്രഹമാണ് ഈ പരാതിക്കാധാരം. ഈ പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങള്‍ സഹകരണ ബാങ്കുകളില്‍നിന്ന് വായ്പ എടുക്കുന്നവര്‍ അറിയുന്നില്ലെന്നും അതിനാല്‍ അര്‍ഹതപ്പെട്ട പലര്‍ക്കും ആനുകൂല്യം നഷ്ടമായെന്നും കാണിച്ച് 2017-ല്‍ കാരന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിതന്നെ ഇത്തരമൊരു പരാതി സഹകരണ വകുപ്പിന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ പുതിയ നിര്‍ദേശം സംഘങ്ങള്‍ക്കും വകുപ്പുദ്യോഗസ്ഥര്‍ക്കും നല്കി. ആര്‍ക്കൊക്കെയാണ് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുന്നത്, എന്താണ് അര്‍ഹത, ഉദ്യോഗസ്ഥരും സംഘം സെക്രട്ടറിമാരും ചെയ്യേണ്ടത് എന്തൊക്കെയാണ് തുടങ്ങിയ നിര്‍ദേശങ്ങളാണ് രജിസ്ട്രാര്‍ 2017-ല്‍ ( 38/2017 )ഇറക്കിയ സര്‍ക്കുലറിലുള്ളത്. മാത്രവുമല്ല, ബാങ്കിലെ ഇടാപാടുകാര്‍ കാണുന്നവിധം പദ്ധതി സംബന്ധിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ഈ നിര്‍ദേശത്തിലുണ്ട്.
പുതിയ വ്യവസ്ഥയിലെ പ്രശ്നങ്ങള്‍
റിസ്ക് ഫണ്ട് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള കടമ്പകള്‍ കടുപ്പിച്ചുവെന്നാണ് പുതിയ ഉത്തരവിലുള്ള വ്യവസ്ഥകള്‍ വ്യക്തമാക്കുന്നത്. നേരത്തെ റിസ്ക് ഫണ്ടിനുള്ള അപേക്ഷ എളുപ്പത്തില്‍ നല്കാവുന്ന ഒന്നായിരുന്നു. അഞ്ച് രേഖകളാണ് അപേക്ഷയ്ക്കൊപ്പം വേണ്ടിയിരുന്നത്. ഇതിനു പുറമെ ബോര്‍ഡ് ആവശ്യപ്പെടുന്ന മറ്റെന്തെങ്കിലും രേഖകളുണ്ടെങ്കില്‍ അതും നല്‍കണം. ഇത്രയും ഉദാരമായ വ്യവസ്ഥകളായിരുന്നിട്ടുപോലും അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയായിരുന്നു റിസര്‍ക് ഫണ്ടിലുണ്ടായിരുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാരിനും പരാതികള്‍ ഏറെ ലഭിച്ചിരുന്നു. അത് പരിഹരിക്കാനായി ഇത്തരം പരാതിയുള്ള കേസുകളില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ആനുകൂല്യം അനുവദിക്കുകയാണ് ചെയ്തിരുന്നത്. സഹകരണ വകുപ്പ് ഓരോ മാസവും ഇറക്കുന്ന ഉത്തരവില്‍ ശരാശരി ആറെണ്ണമെങ്കിലും റിസ്ക് ഫണ്ട് അനുവദിച്ചുകൊണ്ടുള്ള സ്പെഷല്‍ ഓര്‍ഡറുകളാണ്. സര്‍ക്കാരിനെക്കൊണ്ട് സ്പെഷല്‍ ഓര്‍ഡര്‍ ഇറക്കിച്ച് എത്രപേര്‍ക്ക് ആനുകൂല്യം നേടിയെടുക്കാനാകുമെന്നത് ചിന്തിക്കേണ്ട വിഷയമാണ്. മാത്രവുമല്ല, ഒരാനുകൂല്യം നല്കാന് സര്‍ക്കാരിന് എപ്പോഴും സ്പെഷല്‍ ഓര്‍ഡര്‍ ഇറക്കേണ്ടിവരുന്നുണ്ടെങ്കില് അതിനര്‍ഥം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാത്ത വ്യവസ്ഥകളാണ് നിലവിലുള്ളത് എന്നാണ്.
ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് വ്യവസ്ഥകള്‍ കൂടുതല്‍ കടുപ്പിച്ച് സഹകരണ വകുപ്പ് റിസ്ക്ഫണ്ട് പദ്ധതി പുതുക്കിയത്. നേരത്തെ അഞ്ച് രേഖകള്‍ നല്‍കേണ്ട സ്ഥാനത്ത് 16 രേഖകളായി. ഇതില്‍ ഇടപാടുകാരന് സാധ്യമാകാത്തവ പോലുമുണ്ടെന്നതാണ് വസ്തുത. അപേക്ഷ, ബാങ്ക് സെക്രട്ടറിയുടെ സാക്ഷ്യപത്രം, പദ്ധതി വിഹിതം അടച്ചതിന്റെ സ്റ്റേറ്റ്മെന്റ്, വയസ്സു തെളിയിക്കുന്ന രേഖ എന്നിവയൊക്കെ മതിയായിരുന്നു നേരത്തെ ആനുകൂല്യം ലഭിക്കാന്‍. ഇതിനുപുറമെ, വായ്പ അനുവദിച്ച ഭരണസമിതി തീരുമാനത്തിന്റെ പകര്‍പ്പ്, ബോര്‍ഡിന്റെ കോര്‍പ്പസ് ഫണ്ടിലേക്ക് വിഹിതം അടച്ചതിന്റെ ചലാന്‍, രജിസ്ട്രാറുടെ അംഗീകാരം ലഭിച്ച വായ്പയുടെ ഉപനിബന്ധന, വായ്പയുടെ തവണ വ്യവസ്ഥ നിശ്ചയിച്ച ഭരണസമിതി തീരുമാനത്തിന്റെ പകര്‍പ്പ് എന്നിങ്ങനെ രേഖകളുടെ ഒരു നീണ്ട നിരതന്നെ ആവശ്യമാണെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. വായ്പ നല്‍കുന്നതിന് സഹകരണ വകുപ്പ് അംഗീകരിച്ചതും ബാങ്ക് തയാറാക്കിയതുമായ ഉപനിബന്ധനയുടെ പകര്‍പ്പു വേണമെന്ന പുതിയ വ്യവസ്ഥ എത്ര ബാങ്കുകള്‍ക്ക് നല്കാന് കഴിയുമെന്നതാണ് പ്രശ്നം. ഇങ്ങനെ ഉപനിബന്ധന തയാറാക്കാത്ത നിരവധി ബാങ്കുകളാണ് സംസ്ഥാനത്തുള്ളത്. ഇങ്ങനെ വായ്പയ്ക്ക് ഉപനിബന്ധനകള്‍ തയാറാക്കി വകുപ്പിന്റെ അനുമതി വാങ്ങണമെന്ന് സഹകരണ സംഘം നിയമത്തിലോ ചട്ടത്തിലോ പറയുന്നുമില്ല. മാത്രവുമല്ല, ഉപനിബന്ധനകള്‍ തയാറാക്കി വകുപ്പിന്റെ അനുമതി നേടിയ വായ്പയാണോ എടുക്കുന്നത് എന്ന് ബാങ്കിലെത്തുന്ന ഒരു ഇടപാടുകാരനും അറിയാനാവില്ല. അതിനാല്‍, ബാങ്കിന്റെയോ വകുപ്പിന്റെയോ ഭാഗത്തുനിന്നുള്ള വീഴ്ച രോഗബാധയുള്ളയാള്‍ക്ക് ആനുകൂല്യം നിഷേധിക്കാന്‍ കാരണമാകും.
പദ്ധതിയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്ന അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യം നല്‍കുന്നതായിരുന്നു നേരത്തെയുള്ള രീതി. പുതിയ ഉത്തരവില്‍ ‘ ‘ ബോര്‍ഡിന്റെ നിയമാവലി നിബന്ധനകള്‍ക്ക് വിധേയമായി ‘ എന്നൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത്, ഇനി സര്‍ക്കാര്‍ ഉത്തരവില്ലാതെതന്നെ ബോര്‍ഡിന്റെ നിയമാവലിയില്‍ എന്തെങ്കിലും മാറ്റം വരുത്തി വ്യവസ്ഥകള്‍ കൂട്ടാനും കുറയ്ക്കാനും കഴിയും എന്നര്‍ഥം. രോഗം ബാധിക്കുന്നതിനോ മരിക്കുന്നതിനോ ആറു മാസം മുമ്പുവരെ തിരിച്ചടവില്‍ വീഴ്ച വരുത്താത്തവര്‍ക്കാണ് റിസ്ക് ഫണ്ട് ആനുകൂല്യം ലഭിക്കുകയെന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന നിബന്ധന. ഇത് തിരി്ച്ചടവില് കുടിശ്ശിക വരുത്താത്തവര്‍ക്ക് എന്നാക്കി. ഇതും ഒരുതരം മനുഷ്യത്വ ഹീനമായ വ്യവസ്ഥയാണ്. ഓരോ മാസവും അടയ്ക്കേണ്ട വിഹിതത്തില്‍ ഏതെങ്കിലും തവണ കുറച്ചു പണം കുറഞ്ഞാല്‍ അത് കുടിശ്ശികയായി കണക്കാക്കാനാവും. അതേസമയം, തിരിച്ചടവ് മുടങ്ങരുതെന്നാണ് വ്യവസ്ഥയെങ്കില്‍ ഈ പ്രശ്നം ഉണ്ടാവില്ല. ഒരു മാസം മുഴുവന്‍തുകയും അടച്ചില്ലെങ്കിലും അടച്ച തുക ആ മാസത്തെ വരവിലുണ്ടായാല് തിരിച്ചടവില്‍ വീഴ്ചവരുത്തിയെന്ന് പറയാനാവില്ല.
മുന്‍കാല പ്രാബല്യത്തോടെ ജി.എസ്.ടി.
റിസ്ക് ഫണ്ടിന് ജി.എസ്.ടി. ചുമത്തുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതൊരു ജീവകാരുണ്യ പദ്ധതിയാണെന്നും അതിനാല്‍ ജി.എസ്.ടി. ചുമത്തുന്നത് ഒഴിവാക്കണമെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടതാണ്. ഇത് ന്യായമായ ആവശ്യമാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. അടുത്ത ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന ധനമന്ത്രിയെക്കൊണ്ട് ഇക്കാര്യം ഉന്നയിപ്പിക്കണമെന്നും അതനുസരിച്ച് അനുകൂല തീരുമാനം ഉണ്ടാക്കാമെന്നുമായിരുന്നു നിര്‍മല സീതാരാമന് പറഞ്ഞത്. ഇക്കാര്യങ്ങള്‍ പത്രസമ്മേളനത്തിലും ഫെയിസ് ബുക്കിലൂടെയും സഹകരണ മന്ത്രി അറിയിച്ചതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടായില്ല. ഇതിന് ശേഷം ജി.എസ്.ടി. കൗണ്‍സില്‍ ചേര്‍ന്നില്ലെന്നാണ് അറിവ്. അഥവാ ചേര്‍ന്നിട്ടുണ്ടെങ്കില്‍ കേരളത്തിന്റെ ഈ ആവശ്യം ഉന്നയിക്കപ്പെടുകയോ അനുകൂല തീരുമാനം ഉണ്ടാക്കിക്കുകയോ ചെയ്തിട്ടില്ല. കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ച ഉറപ്പ് നേടിയെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം, പുതിയ ഉത്തരവിലൂടെ റിസ്ക് ഫണ്ടിലേക്ക് സാധാരണക്കാര്‍ നല്കുന്ന വിഹിതത്തിന് ജി.എസ്.ടി. ഈടാക്കണമെന്ന് നിര്‍ദേശിക്കുകയാണ് സഹകരണ വകുപ്പ് ചെയ്തത്.
സേവനത്തിനുള്ള ജി.എസ്.ടി. നിരക്കാണ് ഇതിലും ബാധകമായിട്ടുള്ളത്. അതായത് 18 ശതമാനം. ഏതു വായ്പയെടുത്താലും റിസ്ക് ഫണ്ടില്‍ ഉള്‍പ്പെടുത്തുകയും അതിനുള്ള വിഹിതം ഈടാക്കുകയും വേണമെന്നാണ് സഹകരണ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. ആര്‍ക്കും ആനുകൂല്യം നഷ്ടപ്പെടാതിരിക്കാനാണിതെന്ന് കരുതാം. പക്ഷേ, 5000 രൂപ വായ്പ എടുക്കുന്നയാള്‍ 250 രൂപ റിസ്ക് ഫണ്ട് വിഹിതവും അതിന്റെ 18 ശതമാനം ജി.എസ്.ടി.യും നല്‍കണം. ഫലത്തില്‍, എടുക്കുന്ന വായ്പയ്ക്ക് 18 ശതമാനത്തിലേറെ അധികമായി നല്‍കേണ്ടിവരും. ജി.എസ്.ടി. പ്രാബല്യത്തില്‍ വന്ന 2017 ജുലായ് ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ജി.എസ്.ടി. വിഹിതം നല്‍കണമെന്ന നിര്‍ദേശം കൂടി ഉത്തരവിലുണ്ട് . 2017-ല്‍ വായ്പ എടുത്തവരോട് ഇപ്പോള്‍ ജി.എസ്.ടി. വിഹിതം അടയ്ക്കണമെന്ന് ബാങ്കിന് ആവശ്യപ്പെടാന്‍ കഴിയുമോ എന്നതാണ് പ്രശ്നം. ഇപ്പോഴും വായ്പ തിരിച്ചടവ് ബാക്കിയുണ്ടെങ്കില്‍ ഒരു പക്ഷേ, ഇക്കാര്യം ആവശ്യപ്പെടാനായേക്കും. അങ്ങനെ ആവശ്യപ്പെടുമ്പോള്‍ പോലും ഇടപാടുകാരന് അതത്ര പിടിക്കണമെന്നില്ല.
ആനുകൂല്യത്തിന് പരിധി
എല്ലാ വായ്പകള്‍ക്കും റിസ്ക് ഫണ്ട് വിഹിതം ജി.എസ്.ടി. സഹിതം ഈടാക്കണമെന്നാണ് സഹകരണ വകുപ്പിന്റെ നിര്‍ദേശം. ഇങ്ങനെ വിഹിതം അടയ്ക്കുന്ന വായപകള്ക്കെല്ലാം ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരുന്നു. ഈ വ്യവസ്ഥയും ഒഴിവാക്കി. എത്ര വായ്പയ്ക്ക് വിഹിതം അടച്ചാലും പരമാവധി അഞ്ചു ലക്ഷം രൂപയേ ഒരാള്‍ക്ക് ആനുകൂല്യമായി ലഭി്ക്കൂവെന്നാണ് പുതിയ നിബന്ധന. ജീവകാരുണ്യ പദ്ധതി എന്ന നിലയില്‍ മാത്രമല്ല, ഒരു വായ്പയ്ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതി എന്ന നിലയില്‍പോലും ഈ നിബന്ധനയ്ക്ക് ന്യായീകരണമില്ല. എല്ലാ വായ്പയ്ക്കും വിഹിതം വാങ്ങുന്നുണ്ടെങ്കില്‍ അതിനെല്ലാം ആനുകൂല്യത്തിനും അര്‍ഹതയുണ്ട്. അര്‍ബുദം ബാധിച്ച് ജീവിതം പ്രതിസന്ധിയിലാകുന്ന ഒരാളുടെ ആനുകൂല്യത്തിന് ന്യായീകരണമില്ലാത്തവിധം പരിധി വെക്കുന്നതിന് സഹകരണ തത്വം അനുസരിച്ചുപോലും യുക്തിയില്ല. അല്ലെങ്കില്‍, പരമാവധി അഞ്ചു ലക്ഷം രൂപ വരെ മുതലുവരുന്ന വായ്പയ്ക്ക് മാത്രമേ ഒരാളില്‍നിന്ന് പദ്ധതി വിഹിതം വാങ്ങാന്‍ പാടുള്ളൂ.
അപേക്ഷയിന്മേല് ആനുകൂല്യം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും മാറ്റിയിട്ടുണ്ട്. നേരത്തെ നിര്‍ദിഷ്ട രീതിയില്‍ അപേക്ഷ ലഭിച്ചാല്‍ ബോര്‍ഡിന് തീരുമാനിക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍, ജോയിന്റ് രജിസ്ട്രാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്നിവരുടെയൊക്കെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് തീരുമാനമെടുക്കുക. അതായത്, അപേക്ഷയില്‍ തീര്‍പ്പ് കല്പിക്കാന് പിന്നെയും സമയമെടുക്കും. രോഗമോ അല്ലെങ്കില്‍ മരണമോ ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ്, ചികിത്സരേഖകള്‍, വായ്പ അനുവദിച്ചതിനുള്ള ബാങ്കിന്റെ രേഖകള്‍ എന്നിവയെല്ലാം നല്കിയിട്ടാണ് ഈ അധിക പരിശോധന. അത് അനാവശ്യമാണെന്ന് മാത്രമല്ല, പൊതുജനങ്ങളുടെയും സംഘത്തിന്റെയും വിശ്വാസ്യതയ്ക്ക് നേരെയുള്ള വെല്ലുവിളി കൂടിയാണ്.
വായ്പക്കാരനില്‍നിന്ന് ഈടാക്കുന്ന വിഹിതം ബോര്‍ഡിന് കൈമാറിയിട്ടില്ലെങ്കിലും ആനുകൂല്യം നിഷേധിക്കപ്പെടും. വായ്പക്കാരനില്‍നിന്ന് ഈടാക്കുന്ന റിസ്ക് ഫണ്ട് വിഹിതം തൊട്ടടുത്ത മാസം 15നകം ജില്ലാ സഹകരണ ബാങ്കിലെ ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ സ്റ്റേറ്റ്മെന്റ് 20നകം ബാങ്ക് സെക്രട്ടറി ബോര്‍ഡിലേക്ക് നല്‍കണം. ഈ തിയതിക്ക് ശേഷമാണ് റിസ്ക് ഫണ്ട് വിഹിതം ബാങ്ക് ബോര്‍ഡിലേക്ക് അടയ്ക്കുന്നതെങ്കില്‍, അടച്ച തീയതി മുതല്ക്കാണ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുക. ബാങ്ക് അടയ്ക്കാന്‍ വൈകിയ കാരണത്താല്‍ വായ്പക്കാരന് ആനുകൂല്യം നിഷേധിക്കപ്പെട്ടാല്‍ അതിന് ബാങ്കിന്റെ ചീഫ് എക്സിക്യുട്ടീവ് വ്യക്തിപരമായി ഉത്തരവാദിയായിരിക്കുമെന്നാണ് പുതിയ വ്യവസ്ഥ. നേരത്തെ ഭരണസമിതിക്ക് കൂടി ഇതിന് ഉത്തരവാദിത്തമുണ്ടായിരുന്നു.
അര്‍ഹതയുള്ളയാള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യമാണോ ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് ഏതു പദ്ധതിക്കും വ്യവസ്ഥ നിശ്ചയിക്കുന്നതിലൂടെ ചെയ്യുന്നത്. എന്നാല്‍, അര്‍ഹതപ്പെട്ടയാള്‍ക്ക് എളുപ്പത്തില്‍ ആനുകൂല്യം ലഭ്യമാകരുതെന്ന ലക്ഷ്യത്തോടെയാണ് പുതിയ വ്യവസ്ഥകള്‍ തയാറാക്കിയതെന്ന് ഏതൊരാള്‍ക്കും സംശയം തോന്നാം. ഇതിനേക്കാള്‍ ഉദാരമായ വ്യവസ്ഥകളുണ്ടായിരുന്നപ്പോള് ആനുകൂല്യം ലഭിക്കാത്തവരുടെ പട്ടിക നീളുന്നുണ്ടെന്ന് സര്‍ക്കാരിനുതന്നെ ബോധ്യപ്പെട്ട ഘ്ട്ടത്തിലാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുന്നത്. ഇത് ബോര്‍ഡിന് പദ്ധതി ച്ചെലവ് കുറയ്ക്കാന്‍ കാരണമായേക്കാം. പക്ഷേ, രോഗത്തിന്റെ കെടുതിയും മരണത്തിന്റെ വേദനയും പേറുന്ന ഒരാള്‍, ഇത്തിരി സഹായം കിട്ടുന്നതിനുള്ള രേഖകള്‍ക്കായി ബാങ്കില്‍ പല തവണ കയറിയിറങ്ങേണ്ടിവരുമ്പോള്‍ അയാള്‍ ആ സഹകരണ സ്ഥാപനത്തിന്റെ ശത്രുവായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ആനുകൂല്യം ആര്‍ക്കെല്ലാം ?
* അര്‍ബുദബാധിതര്‍, കിഡ്നി രോഗത്താല്‍ ഡയാലിസിസിന് വിധേയരായവര്‍, ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, പക്ഷാഘാതമോ അ പകടമോ കാരണം ശരീരം തളര്ന്നവര്, എയിഡ്സ് രോഗികള്‍, ലിവര്‍ സിറോസിസ് പിടിപെട്ടവര്‍, ടി.ബി.രോഗികള്‍.
* വിവിധ വായ്പാ സഹകരണ സംഘങ്ങളില്‍നിന്ന് കാര്‍ഷിക-കാര്ഷേകരത വായ്പകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സ്വര്‍ണപ്പണയ-നിക്ഷേ പ വായ്പകള്‍ ഒഴികെയുള്ള വായ്പകളാണ് പരിഗണിക്കുക.
* വായ്പ എടുത്തവര്‍ വായ്പാ കാലാവധിയിലോ വായ്പാ കാലാവധി കഴിഞ്ഞ് ആറു മാസത്തിനുള്ളിലോ മരിക്കുകയാണെങ്കില്‍ ബാക്കിനില്ക്കുന്ന ബാധ്യതയ്ക്ക് രണ്ടു ലക്ഷം രൂപവരെയാണ് സഹായം. വായ്പാ കാലയളവിനുള്ളില്‍ മാരക രോഗം പിടിപെടുകയും ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ മുതലിനത്തില്‍ ഒരു ലക്ഷം രൂപവരെ സഹായം നല്‍കും.
* പ്രാഥമിക സഹകരണ ബാങ്ക്, പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള മറ്റ് വായ്പാ സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വായ്പകള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.