ടയർ കൃഷിയുടെ അനന്ത സാധ്യതയുമായി ഗ്രീൻ പുല്ലൂർ ഞാറ്റുവേലച്ചന്ത തുടങ്ങി.

adminmoonam

വാഹനങ്ങളുടെ ടയറുകൾ ഉപയോഗം കഴിഞ്ഞാൽ ഇനി പാഴാക്കി കളയേണ്ടതില്ല .ടയറുകൾ പുനരുപയോഗിക്കുവാനുള്ള സാധ്യതകൾ തുറന്ന് കാട്ടുന്നു ഗ്രീൻ പുല്ലൂർ ഞാറ്റുവേലച്ചന്തയിൽ. ടയർ ഉപയോഗിച്ച് ഗ്രോ ബാഗിന് പകരമായി ചെടികൾ നടാം ,മീൻ വളർത്താം ,മാത്രമല്ല ടയറും സൈക്കിൾ വീലും ഉപയോഗിച്ച് പടർന്ന് പന്തലിക്കുന്ന പച്ചക്കറി തൈകളും നടാനുള്ള സാധ്യതകൾ തുറന്നിട്ട് കൊണ്ടാണ് ഇരിഞ്ഞാലക്കുട പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻറെ ഗ്രീൻ പുല്ലൂർ ഞാറ്റുവേലച്ചന്തക്ക് പുല്ലൂർ വില്ലേജ് സ്റ്റോപ്പിന് സമീപമുള്ള ഗ്രീൻ സോണിൽ തുടക്കം കുറിച്ചിരിക്കുന്നത്.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള സപ്ത ദിന ഞാറ്റുവേലച്ചന്തയിൽ ഔഷധ സസ്യങ്ങൾ,പൂച്ചെടികൾ ,ഫലവൃക്ഷ തൈകൾ , തെങ്ങ് ,കവുങ്ങ് തൈകൾ ,വിവിധയിനം ടയർ ,തെറാക്കോട്ടാ ,മൺ, പ്ലാസ്റ്റിക് ചട്ടികൾ ,വിത്തുകൾ ,വളങ്ങൾ ,പച്ചക്കറി തൈകൾ ,കുടുംബശ്രീ ഉൽപ്പന്നങ്ങൾ ,ടയർ ഫിഷ് ടാങ്ക് തുടങ്ങി ഏറെ വൈവിധ്യങ്ങളോടെയാണ് ഗ്രീൻ പുല്ലൂർ ഞാറ്റുവേലച്ചന്തക്ക് തുടക്കം കുറിച്ചിരിക്കുന്നത് . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ എം .സി അജിത് ന് ബാംബൂ പ്ലാൻറ് പോട്ട് നൽകിക്കൊണ്ട് ഞാറ്റുവേലച്ചന്ത ഉദ്‌ഘാടനം ചെയ്തു .ടയർ ഫിഷ് പോട്ട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷും മത്സ്യം വളർത്തൽ കേന്ദ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .പി പ്രശാന്തും ഉദ്‌ഘാടനം ചെയ്തു.

ചടങ്ങിൽ ബാങ്ക് പ്രസിഡന്റും മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായ ജോസ് .ജെ .ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു .പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗംഗാദേവി സുനിൽകുമാർ ,അജിത രാജൻ ,മുരിയാട് കൃഷി ഓഫീസർ രാധിക തുടങ്ങിയവർ ആശംസകൾ നേർന്നു .ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി ഗംഗാധരൻ സ്വാഗതവും സെക്രട്ടറി സപ്‌ന സി.എസ് നന്ദിയും പറഞ്ഞു. ജൂലൈ ഒന്ന് മുതൽ ഏഴ് വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഏഴ് വരെയാണ് ചന്ത പ്രവർത്തിക്കുക .ഫലവൃക്ഷ തൈകൾക്ക് പ്രത്യേക ഇളവും ഈ കാലയളവിൽ ലഭിക്കുന്നതായിരിക്കും.സംസ്ഥാന സർക്കാരിന്റെ സ്ഥാപനമായ കാംകൊ യുടെ കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും വിൽപനയും ഞാറ്റുവേലച്ചന്തയിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News