സഹകരണ-അദ്ധ്യാപന രംഗത്തെ അതികായനായ ജേക്കബ്ബ് മണ്ണനാലിന്റെ സംസ്കാരം നാളെ ( ബുധനാഴ്ച)രാവിലെ 10.30ന്.

adminmoonam

1960 മുതല്‍ 2017 വരെ  കോട്ടയം മുത്തോലി സഹകരണ ബാങ്കിന്റെ ഭരണസമിതിയംഗവും അരനൂറ്റാണ്ടുകാലം ബാങ്ക് പ്രസിഡന്റുമായിരുന്ന  ജേക്കബ് മണ്ണനാല്‍ ( മണ്ണനാല്‍ സാര്‍ ) ഇന്ന് രാവിലെ വിട വാങ്ങി. 85 വയസ്സായിരുന്നു. സംസ്കാരം നാളെ രാവിലെ10.30 നു ( ബുധനാഴ്ച) കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും.

പാലാ രൂപതാ കോര്‍പറേറ്റ് സ്‌കൂളുകളില്‍ രാമപുരം, കടപ്‌ളാമറ്റം, പാലാ സെന്റ്.തോമസ് ടി.ടി.ഐ എന്നിവടങ്ങളിലായി 35 വര്‍ഷക്കാലം അദ്ധ്യാപകനായും ടി.ടി ഐയുടെ പ്രിന്‍സിപ്പലായി ഒരു പതിറ്റാണ്ടിലധികവും സേവനം ചെയ്തിട്ടുള്ള മണ്ണനാല്‍ സാര്‍ വലിയൊരു ശിഷ്യസമ്പത്തിനുടമയാണ്. ദീര്‍ഘകാലം പാഠപുസ്തക കമ്മിറ്റികളിലും പരീക്ഷാ കമ്മറ്റികളിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാസ്ത്രപഥമാസികയുടെ മാനേജിംഗ് കമ്മറ്റിയംഗമായി ദീര്‍ഘകാലം സേവനം ചെയ്തു. ബി എസ്സി മാത്തമാറ്റിക്‌സ് കേരളയൂണിവേഴ്‌സിറ്റിയില്‍ നിന്നു ഒന്നാം റാങ്ക് നേടിയാണ് പാസ്സായത്. അതോടൊപ്പം എം എഡിനും ഒന്നാം റാങ്ക് കരസ്ഥമാക്കി. കേരളാ കോണ്‍ഗ്രസിന്റെ ആദ്യകാല മുത്തോലി മണ്ഡലം പ്രസിഡന്റായിരുന്നു. 1960 ല്‍ മുത്തോലി സഹകരണ ബാങ്കിന്റെ ഭരണസമിതിയംഗമായി 23-ാം വയസ്സില്‍ തെരഞ്ഞെടുക്കപ്പെടുകയും ആദ്യവര്‍ഷത്തില്‍തന്നെ പ്രസിഡന്റാവുകയും ചെയ്തു. അന്നു മുതല്‍ 2017 വരെ ബാങ്കിന്റെ ഭരണസമിതിയംഗമായിരുന്നു. ഇത് സഹകരണ രംഗത്തെ സര്‍വ്വകാല റിക്കാര്‍ഡായി കണക്കാക്കപ്പെടുന്നു.

50 വര്‍ഷക്കാലം പ്രസിഡന്റായി സേവനം ചെയ്ത് ബാങ്കിനെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിക്കൊണ്ട് വന്നത് അദ്ദേഹത്തിന്റെ ഭരണ മികവുകൊണ്ടാണ്. ബാങ്കിന്റെ സ്വന്തം കെട്ടിടത്തില്‍ ഹെഢാഫീസ് മന്ദിരവും പടിഞ്ഞാറ്റിന്‍കര,നെയ്യൂര്‍ ബ്രാഞ്ച് മന്ദിരങ്ങളും സഹകരണ വിശ്രമഭവനവും ബ്രാഞ്ചുകളിലെ നീതി സ്റ്റോറുകളും വളം ഡിപ്പോകളും പ്രവര്‍ത്തനമാരംഭിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. മീനച്ചില്‍ താലൂക്കിലെ മികച്ച സഹകരണ ബാങ്കിനുള്ള അവാര്‍ഡ് നിരവധി തവണ മുത്തോലി ബാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ മറ്റ് സഹകാരികള്‍ സംശയനിവാരണത്തിനായി സമീപിച്ചിരുന്നത് മണ്ണനാല്‍ സാറിനെയാണെന്ന് അടുത്തറിയാവുന്നവര്‍ അനുസ്മരിക്കുന്നു.

കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയംഗം, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഭരണസമിതിയംഗം, സഹകരണബാങ്ക് പ്രസിഡന്റുമാരുടെ അസോസിയേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിട്ടുണ്ട്. ജേക്കബ്‌സാറിന്റെ നിര്യാണത്തിലൂടെ ഒരു മാതൃകാ അദ്ധ്യാപകനേയും  മികച്ച സഹകാരിയേയുമാണ് നഷ്ടമായിരിക്കുന്നതെന്ന് നിരവധി പ്രമുഖർ അനുശോചനത്തിൽ പറഞ്ഞു. ജോസ് കെ മാണി എം.പി, തോമസ് ചാഴികാടന്‍ എം പി , അഡ്വ. ജോസ് ടോം ,ബേബി ഉഴുത്തുവാല്‍ , ഫിലിപ്പ് കുഴികുളം , രാജന്‍ മുണ്ടമറ്റം, ബെറ്റി റോയി,  ജെസി പെരുവേലില്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!