കേരള ബാങ്ക് വഴി ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വായ്പ.
കേരള ബാങ്ക് വഴി ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വായ്പ നൽകാൻ തീരുമാനിച്ചു. 225 കോടി രൂപയുടെ വായ്പയാണ് നൽകുക. നബാർഡിൽ നിന്നുമുള്ള പണമാണ് കേരള ബാങ്ക് വഴി സംരംഭകർക്ക് അനുവദിക്കുക. കേരള ബാങ്കിന് നബാർഡ് വകയിരുത്തിയ 1500 കോടി രൂപയിൽ നിന്ന് 225 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മൂലധന വായ്പയായി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഈ പി ജയരാജനും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഓരോ മേഖലയിലും പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയാകും കേരളബാങ്ക് തുക അനുവദിക്കുക. നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീനിവാസ്, ജനറൽ മാനേജർ സെൽവരാജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.