98-മത് അന്തർദേശീയ സഹകരണ ദിനം ഓൺലൈൻ പങ്കാളിത്തതാൽ ചരിത്രത്തിന്റെ ഭാഗമായി: സഹകരണ പ്രസ്ഥാനത്തെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പട്ടികയിൽ ചേർക്കണമെന്ന് വകുപ്പ് സെക്രട്ടറി.

adminmoonam

98 -) മത് അന്തർദേശീയ സഹകരണ ദിനം സഹകരണ സമൂഹത്തിന്റെ ഓൺലൈൻ പങ്കാളിത്തത്തോടെ ചരിത്രത്തിന്റെ ഭാഗമായി മാറി. ഇത് കേരള സഹകരണ സമൂഹത്തിന് അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ്. പ്രതിസന്ധികളെ മറികടക്കാനുള്ള ഊർജ്ജം നൽകുന്ന ദിനമായി അന്തർദേശീയ സഹകരണ ദിനം കേരളത്തിൽ മാറി.

നവോത്ഥാന പ്രസ്ഥാനങ്ങളുടെ പട്ടികയിൽ സഹകരണ പ്രസ്ഥാനത്തെ ഉൾപ്പെടുത്തണമെന്ന് സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പറഞ്ഞു. പ്രതിസന്ധികളെ മറികടന്ന് കൊണ്ട് കരുത്താർജിക്കാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് സാധിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താൻ സഹകരണമേഖലയ്ക്ക് സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. നേരത്തെ സഹകരണ പതാക സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ ഉയർത്തി.

സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച സഹകരണ വകുപ്പ് മന്ത്രി, പ്രളയ കാലഘട്ടത്തിലും കോവിഡ് കാലഘട്ടത്തിലും സഹകരണ സമൂഹം സാമൂഹ്യ പ്രതിബദ്ധതയോടെ ചെയ്ത കാര്യങ്ങൾ അക്കമിട്ടു വിവരിച്ചു. 200 കോടി രൂപയിലധികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹകരണമേഖല നൽകിയെന്ന് അദ്ദേഹം അറിയിച്ചു. ഏറ്റവും കൂടുതൽ നൽകിയതും സഹകരണമേഖല ആണെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാവ്യതിയാനം ആരോഗ്യത്തെയും സാമ്പത്തിക മേഖലയെയും ബാധിച്ചു. ഇത് പാരിസ്ഥിതിക പ്രശ്നം മാത്രമല്ല നിലനിൽപ്പിന് പ്രശ്നമായി മാറി എന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധിയുടെ കാലത്ത് അതിജീവനത്തിന്റെ പതാകവാഹകരായി മാറാൻ സഹകരണ മേഖലയ്ക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കെയർ ഹോം പദ്ധതി പ്രകാരം 2000 -മത് വീടിന്റെ താക്കോൽദാനം മന്ത്രി നിർവഹിച്ചു. കെയർ ഹോം പദ്ധതി രണ്ടാംഘട്ടം ഫ്ലാറ്റ് നിർമാണം ജൂലൈ 16ന് ആരംഭിക്കുമെന്ന് മന്ത്രി പൊതുസമൂഹത്തെ അറിയിച്ചു. കോവിഡ് കാലത്ത് സഹകരണ മേഖല മാതൃകാപരമായി പ്രവർത്തിച്ച് കൂടുതൽ ജനകീയമായി എന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധികളെ ജനപങ്കാളിത്തത്തോടെ മറികടക്കാൻ സഹകരണമേഖലയ്ക്ക് സാധിച്ചു. കോവിഡ്, ലോകത്തെയും രാജ്യത്തെയും ബാങ്കിംഗ് മേഖലയെ ദുർബലമാക്കി. സഹകരണ മേഖലയോടുള്ള കേന്ദ്രസർക്കാരിന്റെ ദ്രോഹ നടപടികൾ എണ്ണിയെണ്ണി പറഞ്ഞും ഓർഡിനൻസ്നെതിരെയുള്ള സമരപരിപാടികൾ പ്രഖ്യാപിച്ചുമാണ് മന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.

ചടങ്ങിൽ സഹകരണ അവാർഡുകൾ പ്രഖ്യാപിച്ചു. സഹകരണ സംഘം രജിസ്ട്രാർ നരസിംഹുഗാരി ടി. എൽ.റെഡി, കേരള ബാങ്ക് സിഇഒ പി എസ് രാജൻ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ സഹകരണ വകുപ്പ് ഓഫീസുകളിലും സഹകരണ സ്ഥാപനങ്ങളിലും സംസ്ഥാനതല പരിപാടി ഓൺലൈനായി വീക്ഷിക്കുന്നതിന് സൗകര്യമൊരുക്കിയിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടി സഹകരണമേഖലയുടെ ചരിത്രത്തിന്റെ ഭാഗമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

Latest News