9 ജില്ലാ ബാങ്കുകൾ ചേർത്ത് കേരള ബാങ്കിന് സാധ്യത. അഞ്ച് ജില്ലാ ബാങ്കുകൾ സ്വതന്ത്രമായി പ്രവർത്തിക്കും.
മലപ്പുറം, വയനാട്, ഇടുക്കി ,കോട്ടയം ,എറണാകുളം ജില്ലാ ബാങ്കുകൾ ഒഴികെയുള്ള 9 ജില്ലാ ബാങ്കുകൾ ചേർത്ത് കേരള ബാങ്കിന് അനുമതി നൽകാൻ സാധ്യത. ചൊവ്വാഴ്ച സഹകരണ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും നബാർഡ് അധികൃതരുമായി നടത്തുന്ന ചർച്ചയിൽ ഇതിനുള്ള സാധ്യത തെളിയും എന്നാണ് നബാർഡ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മാനദണ്ഡങ്ങളിൽ ഇളവു നൽകാനാവില്ലെന്ന ഉറച്ചനിലപാടിലാണ് റിസർവ് ബാങ്കും നബാർഡ് അധികൃതരും.എങ്കിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉള്ള 9 ജില്ലാ ബാങ്കുകളെ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ അപേക്ഷ നൽകുന്ന മുറയ്ക്ക് അനുമതി നൽകാനാണ് അധികൃതർ ശ്രമിക്കുന്നത്.
ഈ സാഹചര്യത്തിൽ ബാക്കിയുള്ള അഞ്ച് ജില്ലാ ബാങ്കുകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും അനുമതി നൽകും. കേവല ഭൂരിപക്ഷമെന്ന സർക്കാർ വാദം നബാർഡ് അധികൃതരും റിസർവ് ബാങ്കും ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഈ നിലപാടിൽ മാറ്റം വരാൻ സാധ്യത കുറവാണെന്നാണ് അധികൃതർ നൽകുന്ന സൂചന. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കേരള ബാങ്ക് വരുമെങ്കിലും മുഴുവൻ ജില്ലാ ബാങ്കുകളെയും ഉൾക്കൊള്ളിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുമെന്ന് തോന്നുന്നില്ല.