സഹകരണ സംഘങ്ങളിൽ നിന്ന് അംഗങ്ങൾക്കു അരലക്ഷം രൂപവരെ ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 15 വരെയെന്ന പ്രചരണം തെറ്റെന്ന് സഹകരണ വകുപ്പ്.

adminmoonam

സഹകരണ സംഘങ്ങളിൽ നിന്ന് അംഗങ്ങൾക്ക് അരലക്ഷം രൂപവരെ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം എന്ന തരത്തിലുള്ള പ്രചാരണം തെറ്റിദ്ധാരണാജനകം ആണെന്ന് സഹകരണ വകുപ്പ്. ഈ ആനുകൂല്യത്തിന് തീയതി നിശ്ചയിച്ചിട്ടില്ല. എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാമെന്ന് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേരള സഹകരണ അംഗ ആശ്വാസ പദ്ധതി പ്രകാരം നൽകുന്നതാണ് ഈ തുക. മാരകമായ രോഗം ബാധിച്ചവർ, വാഹനാപകടത്തിൽ അംഗവൈകല്യം സംഭവിച്ചവർ തുടങ്ങിവിഭാഗങ്ങളിൽ പെട്ടവർക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുക. ഇത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങൾ മൂന്നാംവഴിയിലേക്ക് വന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിക്കുന്നത്.

തെറ്റിദ്ധാരണാജനകമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ അപേക്ഷിക്കാവുന്ന അവസാനതീയതി ഓഗസ്റ്റ് 15 വരെയാണ് എന്ന തരത്തിൽ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ വാർത്ത പ്രസിദ്ധീകരിക്കുന്നത്. തന്നെയുമല്ല ഈ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി മാത്രം പലരും ഇപ്പോൾ സഹകരണ സംഘങ്ങളിൽ നിന്ന് മെമ്പർഷിപ്പ് എടുക്കുന്ന സാഹചര്യവും കണ്ടുവരുന്നു. ഈ വർഷം ജനുവരി 22നാണ് 4/2020 ആയി സഹകരണസംഘം രജിസ്ട്രാർ ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയത്. ആ സർക്കുലറിന്റെ പ്രസക്തഭാഗം ചുവടെ ചേർക്കുന്നു.


അംഗ സമാശ്വാസ നിധിയിൽ നിന്നും സഹകരണ സംഘങ്ങളിലെ അർഹരായ അംഗങ്ങൾക്ക് സമാശ്വാസ നിധി അനുവദിക്കുന്നതിലേക്കായി അപേക്ഷകൾ സമർപ്പിക്കുന്നതു സംബന്ധിച്ച ജോയിന്റ് രജിസ്ട്രാർമാർക്ക് മാത്രമായി 21.7.2020ന് സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ ഇറക്കിയിരുന്നു. സഹകരണ സംഘങ്ങളിലെ അർഹരായ അംഗങ്ങളുടെ പരമാവധി അപേക്ഷകൾ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർമാർ, സഹകരണ സംഘം രജിസ്ട്രാർക്ക് സമർപ്പിക്കേണ്ട സമയപരിധി 15.8.2020 വരെ ദീർഘിപ്പിച്ചു കൊണ്ട്, സഹകരണ സംഘം രജിസ്ട്രാർ, ജോയിന്റ് രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.
ലഭ്യമായ പരമാവധി അപേക്ഷകൾ ആഗസ്ത് 15നകം ജോയിന്റ് രജിസ്ട്രാർമാർ സഹകരണ സംഘം രജിസ്ട്രാർക്ക് എത്തിക്കണമെന്ന കത്താണ് തെറ്റായി പ്രചരിക്കുന്നത്.ഈ സർക്കുലർ ആണ് 50,000 രൂപ വരെ ലഭിക്കാനുള്ള അവസാന തീയതി ഇപ്പോൾ അവസാനിക്കും എന്ന തരത്തിൽ പ്രചരിക്കുന്നത്. വാർത്തയുടെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം ഒഫീഷ്യലായുള്ള സർക്കുലർ താഴെ ചേർക്കുന്നു.

കേരള സഹകരണ സംഘം നിയമം വകുപ്പ് 56(1)c, ചട്ടം 53 എന്നിവ പ്രകാരം കേരള സഹകരണ അംഗ സമാശ്വാസ നിധിയിൽ അപേക്ഷിക്കുന്നതിന് സമയപരിധി ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News