ബാങ്കിംഗ് നിയന്ത്രണ നിയമവും കേരളത്തിലെ സഹകരണ വായ്പാ മേഖലയും ബി.പി.പിള്ളയുടെ ചരിത്ര നാൾവഴികളിലൂടെയുള്ള ലേഖനം
“ബാങ്കിംഗ് നിയന്ത്രണ നിയമവും കേരളത്തിലെ സഹകരണ വായ്പാ മേഖലയും” ബി.പി.പിള്ളയുടെ ചരിത്ര നാൾവഴികളിലൂടെയുള്ള ലേഖനം തുടരുന്നു..
നിയമത്തിലെ മൂന്നാം വകുപ്പില്‍ 1966 മുതല്‍ നിലനിന്നിരുന്ന വ്യവസ്ഥയാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ക്കും ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളൊന്നും ബാധകമല്ല എന്നുള്ള ആനുകൂല്യം. ഈ ആനുകൂല്യം തുടര്‍ന്നു ലഭിക്കാന്‍ അവയുടെ പേരിനോടൊപ്പം ബാങ്ക്, ബാങ്കര്‍ , ബാങ്കിങ് എന്നീ പദങ്ങളൊന്നും ചേര്‍ക്കരുത് എന്നും ചെക്ക് നല്‍കരുതെന്നുമുള്ള നിബന്ധനകള്‍ ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. കേരളത്തിലെ സഹകരണ മേഖലയില്‍ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങിയ 1976 മുതലാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ബാങ്ക് എന്ന വാക്ക് പേരിനോടൊപ്പം ഉപയോഗിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ , കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ ബ്രിട്ടീഷ് ഭരണ കാലത്തുപോലും ബാങ്ക് എന്ന പദം പേരിനോടൊപ്പം ഉപയോഗിച്ചിരുന്നു. 1863 ലാണ് ലാന്റ് മോര്‍ട്ട്‌ഗേജ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ ആദ്യ ഭൂപണയ ബാങ്ക് ഇന്ത്യയില്‍ രൂപവത്കരിക്കുന്നത്. ബാങ്കിങ്് നിയന്ത്രണ നിയമം സഹകരണ ബാങ്കുകള്‍ക്ക് ബാധകമാക്കിയ 1966 ന് മുന്‍പ് ട്രാവന്‍കൂര്‍ ക്രെഡിറ്റ് ബാങ്ക് സമാപ്തീകരിച്ചുകൊണ്ട് 1956 ഒക്ടോബറിലാണ് കേരള സെന്‍ട്രല്‍ ലാന്‍ഡ് മോര്‍ട്ട്‌ഗേജ് ബാങ്ക് രൂപവത്കരിക്കപ്പെട്ടത്. ബാങ്കിങ്് കമ്പനി നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് തന്നെ ഹ്രസ്വകാല സഹകരണ വായ്പാ മേഖലയിലെ കേന്ദ്ര സ്ഥാപനങ്ങളും അപ്പെക്‌സ് സ്ഥാപനങ്ങളും ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നു. മേല്‍സൂചിപ്പിച്ച സ്ഥാപനങ്ങള്‍ പേരിനോടൊപ്പം ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതിന് വിലക്കില്ലായിരുന്നെങ്കിലും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ പേരിനോടൊപ്പം ബാങ്ക് എന്നുപയോഗിക്കുന്നത് 2005 മുതല്‍ റിസര്‍ബാങ്ക് വിലക്കാന്‍ തുടങ്ങി. 2008 ല്‍ കൊല്ലം ജില്ലയിലെ പരവൂര്‍ എസ.്എന്‍.വി. റീജ്യണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റ്് അഡ്വ. ടി. ജി. വിശ്വനാഥന്‍ തുടര്‍ച്ചയായി 25 വര്‍ഷം ബാങ്ക് പ്രസിഡന്റായി പൂര്‍ത്തിയാക്കിയ വേളയില്‍ ദിനപത്രങ്ങളില്‍ ഒരു സപ്ലിമെന്റ് ഇറക്കുകയും അതില്‍ ബാങ്കിന്റെ നിക്ഷേപവും വായ്പയും ഓഹരി മൂലധനവും മറ്റും പരസ്യപ്പെടുത്തുകയുമുണ്ടായി. ഇരുനൂറു കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുണ്ടായിരുന്ന പരവൂര്‍ എസ്.എന്‍.വി.ആര്‍.സി. ബാങ്ക് കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ബാങ്കായിരുന്നു. ബാങ്കിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പത്രത്തില്‍ പരസ്യം ചെയ്തതിനു പിന്നാലെ റിസര്‍വ് ബാങ്കിന്റെ കേരള ഓഫീസ് പത്രങ്ങളില്‍ ഒരു വിജ്ഞാപനമിറക്കി. പരവൂര്‍ എസ്.എന്‍.വി.ആര്‍.സി. ബാങ്ക് റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനമല്ലെന്നും ആ സ്ഥാപനത്തിലെ നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ പരിരക്ഷ ഇല്ലെന്നുമാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. കൂടാതെ, പേരിനൊപ്പം ബാങ്ക് എന്ന പദം ഉപയോഗിച്ചതിനും പൊതുജനങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിച്ചതിനും ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് പരവൂര്‍ കോടതിയില്‍ കേസും കൊടുത്തു. ഇന്നും ഈ കേസ് തുടരുകയാണ്.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല അര്‍ബന്‍ സഹകരണ ബാങ്ക് എന്ന പ്രാഥമിക വായ്പാ സംഘം റിസര്‍വ് ബാങ്ക് ലൈസന്‍സിന് അപേക്ഷിച്ചു. അപേക്ഷ നിരസിച്ച റിസര്‍വ് ബാങ്ക് പേരിനൊപ്പം ഉപയോഗിച്ച ബാങ്ക് എന്ന പദം നീക്കംചെയ്യാന്‍ നിഷ്‌കര്‍ഷിച്ചു. തുടര്‍ന്ന് , സൊസൈറ്റി എന്ന പദം പേരിനോടൊപ്പം ഉപയോഗിക്കാന്‍ ആ സ്ഥാപനം നിര്‍ബന്ധിതമായി.
ലേഖനം തുടരും…
ബി.പി.പിള്ള
ഫോൺ:9847471798