ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു….

adminmoonam

ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു….
69. ഓർഡിനൻസ് ഒരു താൽക്കാലിക സംവിധാനമാണെന്നും അതിന്റെ അസ്തിത്വത്തിന് അല്പായുസ്സേ ഉള്ളൂ എന്നും നമുക്ക് അറിയാം; എന്നിരുന്നാലും അതിന് പാർലമെന്റിന്റെ ഒരു ലിഖിത നിയമത്തിന്റെ സ്ഥാനമുണ്ട്. ഒരിക്കൽ ഇറക്കിയ ഓർഡിനൻസ് കാലഹരണപ്പെടുമ്പോൾ അതേ ഓർഡിനൻസ് വീണ്ടും ഇറക്കിയാൽ എന്ത് സംഭവിക്കും? ഇങ്ങനെ വീണ്ടും ഇറക്കിക്കൊണ്ട് വർഷക്കണക്കിൽ ഒരു ഓർഡിനൻസ് നിലനിർത്താൻ കഴിയുമോ? കോടതിയ്ക്ക് എക്സിക്യൂട്ടീവിന്റെ അത്തരമൊരു ഭരണപരമായ സാഹസികതയെ അംഗീകരിക്കാൻ കഴിയുമോ?

70. പതിനാലു വർഷം സജീവമായി നിലനിർത്തിയ അസാധാരണമായ ഒരു ഓർഡിനൻസിന്റെ കഥ ഞാനിപ്പോൾ നിങ്ങളോട് പറയാം. ഇത് സംഭവിച്ചത് ബീഹാറിലാണ്. ആർട്ടിക്കിൾ 123 അനുസരിച്ച് പ്രസിഡണ്ടിനുള്ള ഭരണഘടനാ പരമായ അധികാരങ്ങൾക്ക് തത്തുല്യമായ അധികാരം ആർട്ടിക്കിൾ 213 അനുസരിച്ച് ഒരു സംസ്ഥാന ഗവർണർക്കുണ്ട്. ഈ കാര്യം സുപ്രീം കോടതിയിൽ എത്തിയപ്പോൾ ബഹു: കോടതി ഓർഡിനൻസ് പുറപ്പെടുവിക്കുന്നതു സംബന്ധിച്ച് ചില സുപ്രധാന നിർദ്ദേശകതത്വങ്ങൾ പുറപ്പെടുവിച്ചു. ഗവർണറുടേയും പ്രസിഡണ്ടിന്റേയും അധികാരം ഏതാണ്ട് സമാനമായതിനാൽ ഈ തത്വങ്ങൾ പ്രസിഡണ്ട് പുറപ്പെടുവിക്കുന്ന ഓർഡിനൻസുകൾക്കും ബാധകമാണ്. പൂനെയിലെ Gokhale Institute of Politics and Economics എന്ന സ്ഥാപനത്തിലെ ഒരു പ്രഫസർ, ബീഹാർ സംസ്ഥാനം ഇത്തരത്തിൽ നിരന്തരം ഓർഡിനൻസുകൾ പുറപ്പെടുവിക്കുകയും അവതന്നെ വീണ്ടും പുറപ്പെടുവിക്കുകയും ചെയ്യുന്നതിനെ ചോദ്യംചെയ്തു. ബീഹാർ ഗവർണർ പുറപ്പെടുവിച്ച മൂന്നു വ്യത്യസ്ത ഓർഡിനൻസുകളുടെ ഭരണ ഘടനാപരമായ സാധുതയാണ് ചോദ്യം ചെയ്യപ്പെട്ടത്,

71. കാലാകാലങ്ങളിൽ ബീഹാർ ഗവർണ്ണർ ഓർഡിനൻസുകളുടെ പുനർപ്രഖ്യാപനം നടത്തിയതു സംബന്ധിച്ച് പ്രഫ. D.C. വാധ്വ സമഗ്രവും വിശദവുമായ ഒരു ഗവേഷണം നടത്തി; ഗവേഷണത്തിലെ പഠനങ്ങൾ സമാഹരിച്ച് “Re-promulgation of Ordinances: Fraud on the Constitution of India” എന്നൊരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. ആ ഗ്രന്ഥത്തിലെ ചില പ്രസക്ത ഭാഗങ്ങൾ വെളിവാക്കുന്നത്, 1967 മുതൽ 1981 വരെ ബീഹാർ ഗവർണ്ണർ 256 ഓർഡിനൻസുകൾ പുറപ്പെടുവിച്ചുവെന്നും ഇവയെല്ലാംതന്നെ അതതു കാലത്ത് പുനർപ്രഖ്യാപനം നടത്തി, ഒന്ന് മുതൽ പതിനാലു വർഷങ്ങൾവരെ നീളുന്ന കാലയളവിൽ സജീവമാക്കി നിർത്തുകയായിരുന്നു എന്നുമാണ്.

ഓർഡിനൻസുകളുടെ പുനർപ്രഖ്യാപനം നടത്തുന്ന പതിവിനെ (ചീഫ് ജസ്റ്റിസ് ഭഗവതിയും മറ്റു നാല് ജഡ്ജിമാരും അടങ്ങിയ) ജസ്റ്റിസ് ഭഗവതിയുടെ കോടതി നിശിതമായി വിമർശിച്ചു. ഭരണഘടനയ്ക്കുമേലുള്ള വഞ്ചനയും ഭരണനിർവഹണസംവിധാനത്തിന്റെ വ്യക്തമായ, നിറം പിടിപ്പിച്ച ഉദ്യമവും എന്ന നിലയ്ക്ക് ഓർഡിനൻസ് റദ്ദുചെയ്തു. ബഹു: കോടതി ഇങ്ങനെ പ്രസ്താവിച്ചു:
“നിയമനിർമ്മാണസഭ സമ്മേളിക്കാത്ത അവസരങ്ങളിൽ അത്യാവശ്യ നടപടികൾ എടുക്കാനായി അടിയന്തര അധികാരം കൈയാളാനാണ് ഗവർണ്ണർക്ക് ഓർഡിനൻസ് പുറപ്പെടുവിക്കാൻ അധികാരം നൽകിയിരിക്കുന്നത്. ആർട്ടിക്കിൾ 174 അനുസരിച്ച്, ഒരു നിയമത്താൽ മാറ്റപ്പെടുകയോ കാലാവധി അവസാനിക്കുന്നതിനു മുൻപ് നിയമനിർമാണ സഭ അതിനെ അസാധു ആക്കുകയോ ചെയ്യുന്നില്ലെങ്കിൽ, ഒരു ഓർഡിനൻസിന്റെ കാലാവധി ഏറ്റവും കൂടിയത് ഏഴര മാസമാണ്.

ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം ഒരു അസാധാരണ സ്ഥിതിവിശേഷം നേരിടാനുള്ളതാണ്; ‘രാഷ്ട്രീയതാൽപര്യങ്ങൾക്കായി അത് ദുരുപയോഗം ചെയ്യാൻ’ അനുവദിച്ചുകൂടാ”

73. അടിയന്തര സാഹചര്യങ്ങളെ നേരിടാനാണ് എക്സിക്യൂട്ടീവിന് നിയമനിർമ്മാണത്തിനുള്ള അധികാരം നൽകിയിരിക്കുന്നത്; അതും ഒരു പരിമിതമായ കാലയളവിലേക്ക് മാത്രം. ഓർഡിനൻസിലെ വ്യവസ്ഥകൾ തുടർന്നും നിലനിർത്തണം എന്നുണ്ടെങ്കിൽ നിയമനിർമ്മാണ സഭക്ക് ഈ കാലയളവ് പര്യാപ്തമായിരിക്കും എന്ന് ഭരണഘടനാ ശിൽപ്പികൾ കണക്കാക്കിയിരുന്നു. എന്നാൽ, ഈ കാലയളവിനുള്ളിൽ അത്തരം ഒരു നിയമം നിയമനിർമ്മാണ സഭ പാസ്സാക്കുന്നില്ലെങ്കിൽ ആ ഓർഡിനൻസ് അസാധുവാകും.

കോടതി തുടർന്നും നിരീക്ഷിക്കുന്നു:
“ഒരു ഭരണഘടനാസ്ഥാപനത്തിന് എന്താണോ നേരിട്ട് ചെയ്യാൻ അനുവാദം ഇല്ലാത്തത്, അതേ കാര്യം നേരിട്ട ല്ലാതെ ചെയ്യാൻ അതിനു അനുവാദം ഇല്ലാ എന്നത് നിയമത്തിൽ അംഗീകരിക്കപ്പെട്ടതാണ്. ഒരു ഭരണഘടനാ സ്ഥാപനത്തിന് ഏതെങ്കിലും ഒരു കാര്യം ചെയ്യുന്നതിന് ഭരണഘടനാപരമായ വിലക്ക് ഉണ്ടെങ്കിൽ, അത്തരം വിലക്കിനെ കപടതന്ത്രങ്ങൾ കൊണ്ട് മറികടക്കാൻ അനുവദിക്കാവുന്നതല്ല. അത്, ഭരണഘടനയുടെ മേലുള്ള വ്യക്തമായ വഞ്ചനയാണ്.”

75. “ഒരു ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിൽ ഗവർണറുടെ “തൃപ്തി” എന്ന പ്രശനം സുപ്രീം കോടതിക്ക് പരിശോധിക്കാൻ ആവില്ല എന്നത് ശരി തന്നെയാണ്. നിയമനിർമ്മാണ സഭക്കു മുൻപിൽ കൊണ്ടുവരാതെ, ഒരേ ഓർഡിനൻസിനെ തുടർച്ചയായി വീണ്ടും പുറപ്പെടുവിക്കുവാൻ ഗവർണർക്ക് അധികാരം ഉണ്ടോ എന്നതാണ് പ്രശ്നം. വ്യക്തമായും, ഗവർണർക്ക് അത് ചെയ്യാൻ കഴിയില്ല.”

76. “ഇന്ത്യൻ പ്രസിഡണ്ടിനെ സംബന്ധിച്ചിടത്തോളം, ഗവർണർക്കു ആർട്ടിക്കിൾ 213 പ്രകാരം ഉള്ളതുപോലെത്തന്നെ ആർട്ടിക്കിൾ 123 പ്രകാരം ഓർഡിനൻസ് പുറപ്പെടുവിയ്ക്കാൻ അധികാരം ഉണ്ടെങ്കിലും, 1950 മുതൽ ഇന്നുവരെ ഏതെങ്കിലും കാലാവധി തീർന്ന ഒരു ഓർഡിനൻസ് പ്രസിഡണ്ട് വീണ്ടും പുറപ്പെടുവിച്ച ഒരൊറ്റ സംഭവം പോലും ഇല്ല. ഇപ്പോൾ ചർച്ച ചെയ്യുന്ന കേസിൽ, ബിഹാറിൽ എക്സിക്യൂട്ടീവ്, ഭരണഘടനയുടെ പരിധികൾ ലംഘിച്ചുകൊണ്ടു നിയമങ്ങൾ നിർമ്മിക്കുന്ന കാര്യത്തിൽ, നിയമനിർമ്മാണ സഭയുടെ ചുമതല ഒരു ചെറിയ കാലയളവിലേക്ക് മാത്രമല്ല, വർഷങ്ങളോളം മിക്കവാറും സ്വയം ഏറ്റെടുത്തു എന്ന അമ്പരപ്പിക്കുന്ന വിവരങ്ങളാണ് കാഴ്ച വെക്കുന്നത്. ഇത് വ്യക്തമായും ഭരണഘടനയുടെ സംവിധാനങ്ങൾക്ക് എതിരാണ്. ”

ഇപ്രകാരം, D C. വാദ്ധ്വാ കേസിൽ, സുപ്രീം കോടതി ഓർഡിനൻസ് രാജിന് തടയിടുകയും നിയമാനുസൃതമായി പ്രവർത്തിക്കാൻ എക്സിക്യൂട്ടീവിന് വ്യക്തമായ സന്ദേശം നൽകുകയും ചെയ്തു.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *

Latest News