399 കോടിയുടെ ധാരണാപത്രവുമായി കയര്‍കേരള
2020 ജനുവരി ലക്കം
തകര്‍ച്ചയിലായ കയര്‍ വ്യവസായത്തിന്റെ പുനരുദ്ധാരണമാണ് 2011 ല്‍ തുടക്കമിട്ട ‘ കയര്‍ കേരള ‘ പദ്ധതിയിലൂടെ ലക്ഷ്യം വെച്ചത്. എട്ടു വര്‍ഷത്തിനുള്ളില്‍ ഒരുപാട് മാറ്റം വന്നു. കയര്‍ സംഘങ്ങളുടെ പ്രവര്‍ത്തനരീതി മാറി. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി കിട്ടിത്തുടങ്ങി. വ്യാപാരക്കരാറുകള്‍ വര്‍ധിച്ചു
പരമ്പരാഗത വ്യവസായമായ കയറുല്‍പാദനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ‘ കയര്‍ കേരള’ യിലൂടെ പ്രകടമാകുന്നത്. ‘രണ്ടാം കയര്‍ പുന:സംഘടന പാക്കേജ്’ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് ഈ മേഖലയ്ക്ക് ഉണര്‍വുണ്ടായത്. കയറില്‍നിന്ന് മാറി കയറുകൊണ്ടുള്ള പുതിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് പ്രവര്‍ത്തന രീതി മാറി. ആ ഉല്‍പന്നങ്ങള്‍ക്ക് ആഭ്യന്തര-വിദേശ വിപണി ഉറപ്പാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചു. ഇതോടെ കയര്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന സാഹചര്യം തന്നെ മാറി. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലിയും കൂടുതല്‍ തൊഴിലവസരവും ഉറപ്പുവരുത്താനായി. ‘കയര്‍ കേരള’ ഈ മേഖലയിലെ ഉണര്‍വിന്റെ ഉത്സവമായി മാറുന്നത് അതുകൊണ്ടാണ്.
2011-ലാണ് ‘കയര്‍ കേരള’യ്ക്ക് തുടക്കമിട്ടത്. തകര്‍ച്ചയിലായ പരമ്പരാഗത വ്യവസായത്തെ പുതിയ കാലത്തിന്റെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാകത്തില്‍ മാറ്റിയെടുക്കുകയായിരുന്നു ലക്ഷ്യം. ഓരോ വര്‍ഷവും ആ ലക്ഷ്യത്തിലേക്ക് നടന്നടുത്തുകൊണ്ടാണ് കയര്‍ കേരള അവസാനിക്കുന്നത്. 2017-ല്‍ വിദേശ വ്യാപാരികള്‍ക്കൊപ്പം സ്വകാര്യ സംരംഭകരെക്കൂടി പങ്കാളിയാക്കി ആഭ്യന്തര വിപണി വിപുലമാക്കാനുള്ള രൂപരേഖയോടെയാണ് നടത്തിയത്. കയര്‍കേരളയുടെ എട്ടാം പതിപ്പാണ് ഡിസംബറില്‍ ആലപ്പുഴയില്‍ നടന്നത്.
കയറുല്‍പ്പാദനം 20,000 ടണ്ണാകും
മൂന്നു കൊല്ലം മുമ്പ് 10,000 ടണ്ണില്‍ താഴെയായിരുന്നു സംസ്ഥാനത്തെ കയറുല്‍പ്പാദനം. കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ പ്രൗഢിയുടെ കാലത്ത് ഒരു ലക്ഷം ടണ്‍ കയര്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരുന്ന സ്ഥിതിയില്‍ നിന്നായിരുന്നു ഈ പതനം. ചകിരിക്കു വേണ്ടിയുള്ള സമ്പൂര്‍ണ്ണ പരാശ്രയത്വമാണ് വ്യവസായത്തെ ഈ നിലയില്‍ എത്തിച്ചതിന്റെ ഒരു പ്രധാന കാരണം. 2017-18ല്‍ ഉല്‍പ്പാദനം 14,500 ടണ്ണായി ഉയര്‍ന്നു. 2019-20 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേയ്ക്കും സംസ്ഥാനത്ത് കയര്‍ ഉല്‍പ്പാദനം 20,000 ടണ്ണായി ഉയരുമെന്ന് നിശ്ചയമാണ്. 2020-21ല്‍ 40,000 ടണ്‍ കയറാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ഉല്‍പാദനം ഗണ്യമായി കൂട്ടാന്‍ കയര്‍ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുകയാണ് പ്രധാനമായും ചെയ്യുന്നത്. കയര്‍പിരി സംഘങ്ങളെ ആധുനികീകരിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള ശക്തമായ നടപടികള്‍ പുരോഗമിക്കുകയാണ്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ടുതന്നെ വ്യവസായത്തിന്റെ ആധുനികീകരണമാണ് രണ്ടാം കയര്‍ പുനഃസംഘടന ലക്ഷ്യം വയ്ക്കുന്നത്. ഇലക്ട്രോണിക് റാട്ടുകളും ഫാക്ടറി അടിസ്ഥാനത്തിലുള്ള ഓട്ടോമാറ്റിക് സ്പിന്നിംഗ് മില്ലുകളും വേഗത്തില്‍ വിന്യസിക്കുകയാണ്. തൊഴിലാളികളുടെ ജോലിഭാരം കുറയുന്നു. ഉല്‍പ്പാദനക്ഷമത കൂടുന്നു. സ്വാഭാവികമായും കിട്ടുന്ന കൂലിയും കൂടും.
1400 കോടി വകയിരുത്തി
രണ്ടാം കയര്‍ പുന:സംഘടനയില്‍ 1400 കോടി രൂപയാണ് കയറിനു വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 42 ശതമാനം മാത്രമേ ഇക്കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചിട്ടുള്ളൂ. ഏതാണ് 800 കോടി രൂപ അടുത്ത രണ്ടു വര്‍ഷം കൊണ്ട് ചെലവഴിക്കേണ്ടതുണ്ട്. അതിനാവശ്യമായ പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാരിന് ഇനിയുള്ള കാലയളവില്‍ ഏറ്റെടുക്കാനുള്ളത്. അതിന് ‘കയര്‍കേരള’യിലുണ്ടാകുന്ന മുന്നേറ്റം ഊര്‍ജമാണ്. കയര്‍ഫെഡ് സംഭരിക്കുന്ന കയര്‍, വിപണിയില്ലാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു ഇതുവരെ. ഇന്ന് സംഭരിക്കുന്ന കയര്‍ മുഴുവന്‍ വിറ്റുപോവുകയാണ്. ഇത് ഉല്‍പ്പന്നമേഖലയില്‍ത്തന്നെയാണ് വിനിയോഗിക്കപ്പെടുന്നത്. കയര്‍ഫെഡിന്റെ കയര്‍ വിപണനം 2015-16 ല്‍ 7,029 ടണ്‍ ആയിരുന്നത് 2018-19 ല്‍ 15,792 ടണ്ണായി ഉയര്‍ന്നു.
കയര്‍ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്ന പണത്തിന്റെ അളവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 2015-16 ല്‍ സര്‍ക്കാര്‍ മുടക്കിയ പണം 68.29 കോടി രൂപയായിരുന്നുവെങ്കില്‍ 2018-19 ല്‍ ഇത് 131.43 കോടിയായി. കയര്‍ സഹകരണ സംഘങ്ങളുടെ ആധുനികീകരണത്തിനായി 200 കോടി രൂപയുടെ എന്‍.സി.ഡി.സി. സഹായം നേടിയെടുക്കാനായിട്ടുണ്ട്. കയര്‍ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി നടത്തുന്ന കയര്‍ കേരളയില്‍ കയറുല്‍പ്പന്ന നിര്‍മാണ സഹകരണ സംഘങ്ങള്‍ക്കും മികച്ച നേട്ടമുണ്ടാക്കാനായിട്ടുണ്ട്. അഞ്ചുദിവസമായി ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തില്‍ നടന്ന മേളയുടെ ദേശീയ പവിലിയനില്‍ വിവിധ കയറുല്‍പ്പന്ന നിര്‍മാണ സഹകരണ സംഘങ്ങളുടേതായി ഇരുപതോളം സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചിരുന്നു.
വിപണി ഉറപ്പാക്കി കരാര്‍
ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിലൂടെ വിദേശവ്യാപാരത്തിന് വഴിതുറക്കുകയെന്നതാണ് ‘കയര്‍ കേരള ‘ സ്വീകരിക്കുന്ന പൊതു സമീപനം. ഇതിനൊപ്പം ആഭ്യന്തര വിപണിയുടെ പരമാവധി സാധ്യതകളും ഉറപ്പുവരുത്തുന്നു. ഇത്തവണ 399 കോടി രൂപയുടെ വ്യാപാരക്കരാറുകളാണ് ‘കയര്‍കേരള’യില്‍ ഒപ്പിട്ടത്. ധാരണാപത്രം ഒപ്പുവെച്ചതില്‍ 218 കോടി രൂപയുടെ കയറ്റുമതി വ്യാപാരമുണ്ട്. ആഭ്യന്തര വിപണിയില്‍ നിന്നുള്ള 181 കോടി രൂപയുടെ കരാറും ഉണ്ടാക്കിയിട്ടുണ്ട്. റോഡ് നിര്‍മാണം, കയര്‍ഭൂവസ്ത്രം എന്നിവയ്‌ക്കെല്ലാം കയര്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍തന്നെ തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും അതിന് കയര്‍ഭൂവസ്ത്രം ഉപയോഗിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കയര്‍ഭൂവസ്ത്രം വാങ്ങാനുള്ള നടപടി സ്വീകിരിക്കുന്നത്. ഇത്തവണ 103 കോടി രൂപയുടെ കയര്‍ ഭൂവസ്ത്രങ്ങള്‍ക്ക് വേണ്ടിയുള്ള കരാറില്‍ ഏര്‍പ്പെടാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്നോട്ടു വന്നു. ഇതുവഴി തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും.
2017 ലെ കയര്‍ കേരളയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുമായി കയര്‍ ഭൂവസ്ത്രത്തിനുള്ള നൂറിലധികം കോടി രൂപയുടെ കരാറാണ് ഒപ്പുവച്ചത്. പക്ഷേ, ഇത് പൂര്‍ണ്ണമായും നല്‍കാനായില്ല. അതേസമയം, 60 കോടിയിലധികം രൂപയുടെ കയര്‍ ഭൂവസ്ത്രം തൊഴിലുറപ്പ് പദ്ധതിയില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞു. കയര്‍ ഭൂവസ്ത്രത്തിന് പുതിയ ഉപയോഗമേഖലകളും ഉണ്ടായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിര്‍മാണത്തില്‍ കയര്‍ ഭൂവസ്ത്ര വിനിയോഗത്തിന് അംഗീകാരമായി. കേന്ദ്ര പി.ഡബ്ല്യു.ഡി.യുടെ റോഡ് നിര്‍മാണങ്ങള്‍ക്കും കയര്‍ ഭൂവസ്ത്രം അംഗീകൃത ഉല്‍പ്പന്നമായി വിജ്ഞാപനം ഇറങ്ങുകയാണ്. ഉയര്‍ന്നുവരുന്ന ഈ പുതിയ ഡിമാന്റിനനുസരിച്ച് കയര്‍ ഭൂവസ്ത്രം ഉല്‍പ്പാദിപ്പിക്കാനായാല്‍ കേരളത്തിലെ വ്യവസായത്തിന്റെ ഭാവി ശോഭനമായിരിക്കും.
ഉല്‍പ്പന്നമേഖലയിലും ഈ ഉണര്‍വ് പ്രകടമാണ്. 2015-16 ല്‍ 97.99 കോടിയുടെ ഉല്‍പ്പന്നം സംഭരിച്ചിരുന്ന സ്ഥാനത്ത് 2018-19ല്‍ കയര്‍ കോര്‍പ്പറേഷന്‍ വഴിയുള്ള ഉല്‍പ്പന്ന സംഭരണം 153.19 കോടിയായി ഉയര്‍ന്നു. കയര്‍ കോര്‍പ്പറേഷന്റെ വിറ്റുവരവ് ഈ സാമ്പത്തികവര്‍ഷം നവംബര്‍വരെ 120 കോടി രൂപയാണ്. വര്‍ഷാവസാനമാകുമ്പോള്‍ ഇത് 250 കോടിയായി ഉയരും. കയര്‍ ഭൂവസ്ത്രം മണ്ണുജല സംരക്ഷണത്തിനും റോഡ് നിര്‍മാണത്തിനുമെല്ലാം ഉതകുന്ന ഈടുറ്റ ഉല്‍പ്പന്നമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കയര്‍ ഭൂവസ്ത്രത്തിന് ലഭിക്കുന്ന ഓര്‍ഡര്‍ പൂര്‍ണ്ണമായും നിറവേറ്റാനായാല്‍ വ്യവസായത്തിന്റെ പരാധീനത പൂര്‍ണമായി മാറും. കയര്‍ ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര വിപണി കൂട്ടുന്നതിനായി ഇന്ത്യ ഒട്ടാകെ ശൃംഖലകളുള്ള വിവിധ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തുകയും അതിന്റെ ഭാഗമായി ധാരണയില്‍ ഏര്‍പ്പെടുകയും ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനു തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. കയര്‍ വ്യവസായത്തിന് കയര്‍ ഉല്‍പ്പാദക സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പിക്കാന്‍ കഴിഞ്ഞു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ 1000 വില്‍പ്പന കേന്ദ്രങ്ങള്‍ വഴി കയറുല്‍പ്പന്നങ്ങള്‍ നല്‍കാനാകുമെന്നാണ് ധനമന്ത്രി ടി.എം. തോമസ് ഐസക് പ്രകടിപ്പിക്കുന്ന പ്രതീക്ഷ.
ചകിരി ഉല്‍പാദനവും കൂട്ടുന്നു
ആവശ്യത്തിന് ചകിരി കിട്ടാനില്ലെന്നതാണ് കയര്‍മേഖല വര്‍ഷങ്ങളായി നേരിടുന്ന പ്രതിസന്ധി. ഇത് മാറ്റാന്‍ കൂടുതല്‍ ചകിരി ഉല്‍പ്പാദന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രണ്ടാം കയര്‍ പുനഃസംഘടനയുടെ പ്രധാനപ്പെട്ട ഊന്നല്‍ ചകിരി ഉല്‍പ്പാദനത്തിലാണ്. തൊണ്ട് സുലഭമായ ഇടങ്ങളില്‍ മില്ലുകള്‍ സ്ഥാപിച്ച് ചകിരി ഉല്‍പ്പാദിപ്പിക്കുയാണ്. 2016-19 കാലയളവില്‍ 120 ചകിരി മില്ലുകള്‍ സ്ഥാപിച്ചു. ഇരുനൂറോളം ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളും ഇരുപതിനായിരത്തോളം ഇലക്ട്രോണിക് റാട്ടുകളും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മെഷീന്‍ മാനുഫാക്ച്ചറിംഗ് കമ്പനി നിര്‍മിച്ച് വിതരണം ചെയ്തിട്ടുണ്ട്. സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും കുടുംബശ്രീപോലുള്ള സംവിധാനങ്ങള്‍ വഴി തൊണ്ട് ശേഖരിച്ച് ചകിരി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളാണ് വിജയം കൈവരിക്കുന്നത്.
മുന്‍കാലങ്ങളില്‍ കയറുല്‍പാദനത്തില്‍ കേരളത്തില്‍നിന്നുള്ള ചകിരി ഉപയോഗം പത്തു ശതമാനത്തില്‍ താഴെയായിരുന്നു. പൊള്ളാച്ചിയിലെ ചകിരിയായിരുന്നു ആശ്രയം. ഇന്ന് ആ സ്ഥിതി മാറി. ആകെ ഉല്‍പ്പാദനത്തിന്റെ പകുതിയോളം കേരളത്തിലെ ചകിരി ഉപയോഗിച്ചാണ് പിരിക്കുന്നത്. അടുത്ത വര്‍ഷം ചകിരി സ്വയംപര്യാപ്തതയിലെത്താനാണ് ലക്ഷ്യമിടുന്നത്. 2015-16ല്‍ കേരളത്തില്‍ ഒരു ശതമാനം പോലും ചകിരി ഉത്പാദിപ്പിക്കാത്ത സാഹചര്യത്തില്‍ നിന്നു ഇപ്പോള്‍ കയര്‍ഫെഡ് സംഭരിക്കുന്ന ചകിരിയുടെ 44 ശതമാനവും സംസ്ഥാനത്തിന് അകത്തുനിന്നുള്ള താണ്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് കയര്‍ഫെഡില്‍ 1,11,000 ക്വിന്റല്‍ ചകിരിയും 4,87,000 ക്വിന്റല്‍ കയറും സംഭരിച്ചിട്ടുണ്ട്. 80 പുതിയ ചകിരിമില്ലുകള്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രവും കയര്‍കേരളയില്‍ ഒപ്പിട്ടു. കയര്‍പിരി തൊഴിലാളികളെ സംരക്ഷിക്കുകയും, അതിനൊപ്പം സമൂല യന്ത്രവത്കരണവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2000 സ്പിന്നിങ് മെഷീനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷംകൊണ്ട് കേരളത്തിലെ ചകിരി മില്ലുകളുടെ എണ്ണം 400 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. 5000 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്‍ വിതരണം ചെയ്യും. 100 ഓട്ടോമാറ്റിക് ലൂമുകള്‍ സ്ഥാപിക്കും. നീഡില്‍ ഫെല്‍റ്റ്, അക്വാസ്റ്റിക് പാഡുകള്‍, കയര്‍കോമ്പോസ്റ്റുകള്‍, മാള്‍ച്ചിങ് ഷീറ്റുകള്‍ തുടങ്ങിയ പുതുമയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തും. കേരളത്തിലുണ്ടാക്കുന്ന കയര്‍ ഏതാണ്ട് മുഴുവന്‍ കേരളത്തില്‍ത്തന്നെ കയറുല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കൂലിയും കൂട്ടിയിട്ടുണ്ട്. 300 ല്‍ നിന്ന് 350 രൂപയാക്കി. ആറു മണിക്കൂര്‍ പണിക്കാണ് ഈ കൂലി. യന്ത്രവല്‍ക്കരണ മേഖലയില്‍ 500-600 രൂപ കൂലിയുണ്ട്. സംഘങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് 2015-16 ല്‍ ശരാശരി ഒരു വര്‍ഷം 13,380 രൂപയാണ് ലഭിച്ചിരുന്നത്. 2018-19 ല്‍ ഇത് 29,088 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.