32.68 കോടിയുടെ വികസന പദ്ധതികളുമായി മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ബജറ്റ്

moonamvazhi

പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ബജറ്റ് അവതരിപ്പിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ 32.68 കോടി രൂപയുടെ ബജറ്റ് അവതരണമാണ് 37ാം വാര്‍ഷിക പൊതുയോഗത്തില്‍ നടത്തിയത്. ആശുപത്രി തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലെ സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ഓഹരി ഉടമകള്‍ക്ക് 11 ശതമാനം ഡിവിഷന്റും 5% ട്രീറ്റ്‌മെന്റ് ബെനിഫിറ്റും നല്‍കുവാന്‍ തീരുമാനിച്ചു. മലപ്പുറത്തിന് പുതുവത്സര സമ്മാനമായി ജനുവരി 1 മുതല്‍ 31 വരെ കംപ്ലീറ്റ് ഹെല്‍ത്ത് ചെക്കപ്പ് 440 രൂപയ്ക്ക് ചെയ്തു കൊടുക്കുമെന്നും അറിയിച്ചു.

മലപ്പുറം ജില്ലയില്‍ ആശുപത്രികള്‍ നിലവില്‍ ഇല്ലാത്ത പിന്നോക്ക പ്രദേശങ്ങളില്‍ മിതമായ ചികിത്സാനിരക്കില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി സൗകര്യങ്ങളോടെ കിടത്തി ചികിത്സയ്ക്കായി 150 കിടക്കകളോടെയുള്ള ആശുപത്രി, വനിതകള്‍ക്കായും കുട്ടികള്‍ക്കും മാത്രമായി 100 ബെഡ് വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രി, ആയുര്‍വേദ ആശുപത്രി, ആഫ്സ്റ്റര്‍ ഡെലിവറി കെയര്‍ സെന്റര്‍, കണ്ണാശുപത്രി, നാല് ക്ലിനിക്കുകള്‍, ഇന്‍കെല്‍ ലിമിറ്റഡുമായി ചേര്‍ന്ന് 5 ഏക്കര്‍ ക്യാമ്പസില്‍ നഴ്‌സിങ് ആന്‍ഡ് ഫാര്‍മസി കോളേജ്, മലപ്പുറത്ത് എം.ആര്‍.ഐ സ്‌കാനിങ് സംവിധാനം നിലവില്‍ ഇല്ലാത്തതിനാല്‍ എം.ആര്‍.ഐ സ്‌കാനിങ്, സിറ്റി സ്‌കാനിങ,് ഓര്‍ത്തോ ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, ന്യൂറോ എന്നീ വിഭാഗങ്ങള്‍ക്കായി പുതിയ ഓപ്പറേഷന്‍ തിയേറ്റര്‍, വെന്റിലേറ്റര്‍ സംവിധാനത്തോടെ 10 ബെഡ് ഐ.സി.യു സൗകര്യം എന്നീ വികസന പദ്ധതികളാണ് ബജറ്റിലുള്ളത്.


മലപ്പുറം മുനിസിപ്പല്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിന് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുതിയ പദ്ധതികളുടെ അവതരണം ഇവിടെ പ്രഖ്യാപനവും വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും ബജറ്റ് അവതരണം ഡയറക്ടര്‍ ഹനീഫ മൂന്നിയൂറും റിപ്പോര്‍ട്ട് അവതരണം സെക്രട്ടറി സഹീര്‍ കാലടിയും നടത്തി. ഡയറക്ടര്‍മാരായ വി.എ. റഹ്മാന്‍, സി. അബ്ദു നാസര്‍, കെ.രായിന്‍, കുന്നത്ത് കുഞ്ഞഹമ്മദ്, അഡ്വ. റജീന പി.കെ, രാധ. കെ, ഖദീജ.പി.ടി ബുഷറ. വി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.