പ്രവാസികൾക്കായി ഡിവിഡന്റ് പദ്ധതി വരുന്നു.
പ്രവാസി കേരളീയർക്ക് പ്രയോജനകരമായ ഡിവിഡന്‍റ് പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വിദേശത്ത് ജോലി ചെയ്യുന്നവരോ തിരിച്ചുവന്ന ശേഷം കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ സ്ഥിര താമസമാക്കിയവരുമായ എല്ലാ കേരളീയര്‍ക്കും പദ്ധതിയില്‍ അംഗമാകാവുന്നതാണ്. പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡുമായി ചേര്‍ന്ന് ഈ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ കിഫ്ബിയെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.
പ്രവാസികളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപം സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്ക് നല്‍കുന്നതും കേരളത്തിന്‍റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതുമാണ്. നിക്ഷേപം ഉപയോഗിക്കുന്ന ഏജന്‍സികള്‍ നല്‍കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് ഗുണഭോക്താക്കള്‍ക്ക് പത്ത് ശതമാനം ഡിവിഡന്‍റ് നല്‍കുന്നതാണ്. എറ്റവും കുറഞ്ഞ നിക്ഷേപ തുക മൂന്നു ലക്ഷം രൂപയായിരിക്കും. കൂടിയ തുക – 51 ലക്ഷം രൂപ. തൊഴില്‍ ഉടമകള്‍ക്കും സംരംഭകര്‍ക്കും അവരുടെ പ്രവാസി തൊഴിലാളികള്‍ക്കു വേണ്ടി നിക്ഷേപം നടത്താവുന്നതാണ്. എന്നാല്‍ ഡിവിഡന്‍റിനുള്ള അര്‍ഹത തൊഴിലാളിക്കായിരിക്കും.
ആദ്യ മൂന്നു വര്‍ഷം ഡിവിഡന്‍റ് ഒന്നും ഉണ്ടാവില്ല. മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന തീയതി മുതല്‍ പത്തു ശതമാനം നിരക്കില്‍ ഡിവിഡന്‍റ് മാസം തോറും ലഭിക്കും. അംഗത്തിന്‍റെ ജീവിതകാലം മുഴുവന്‍ ഇതിന് അര്‍ഹതയുണ്ടാകും. അംഗം മരണപ്പെട്ടാല്‍ ഭാര്യയ്ക്കോ ഭര്‍ത്താവിനോ ജീവിതകാലം മുഴുവന്‍ ഡിവിഡന്‍റ് ലഭിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.