സഹകരണ വികസന കോര്‍പറേഷനില്‍ 25 ഒഴിവുകള്‍
ദേശീയസഹകരണവികസനകോര്‍പറേഷന്‍ (എന്‍.സി.ഡി.സി) എക്‌സിക്യൂട്ടീവ് ഡയറക്ടറുടെയും ഫിനാന്‍ഷ്യല്‍ അഡ്‌വൈസറുടെയും ഒന്നുവീതവും, ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നാലും, അസിസ്റ്റന്റ് ഡയറക്ടറുടെ രണ്ടും, യങ് പ്രൊഫഷണല്‍മാരുടെ (മാര്‍ക്കറ്റിങ്) പതിനേഴും തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. എല്ലാ തസ്തികകളുടെയും അപേക്ഷാഫോമും വ്യവസ്ഥകളും www.ncdc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിവിധതസ്തികകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതിയതികള്‍ വ്യത്യസ്തമാണ്. പ്രോപ്പര്‍ചാനലില്‍ അപേക്ഷിക്കേണ്ടവയും ഓണ്‍ലൈനായി അപേക്ഷിക്കേണ്ടവയും തപാല്‍വഴിയോ കൊറിയര്‍വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാവുന്നവയും ഉണ്ട്.
എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഒഴിവ് സംവരണേതരവിഭാഗത്തിലാണ്. ശമ്പളം: 131100-216600 രൂപ. സഹകരണസ്ഥാപനങ്ങളിലോ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സ്വയംഭരണസ്ഥാപനങ്ങളിലോ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളിലോ പൊതുമേഖലാസ്ഥാപനങ്ങളിലോ അംഗീകൃതസര്‍വകലാശാലകളിലോ ധനകാര്യസ്ഥാപനങ്ങളിലോ ഒക്കെ സമാനതസ്തികകളില്‍ സ്ഥിരം സേവനമനുഷ്ഠിക്കുന്നവരായിരിക്കണം. അല്ലെങ്കില്‍ ലെവല്‍ 13 ശമ്പളനിരക്കിലുള്ള തസ്തികകളില്‍ അഞ്ചുവര്‍ഷമായി സ്ഥിരംസേവനമനുഷ്ഠിക്കുന്നവരാകണം. ബാങ്കിങ്ങിലും ധനകാര്യമേഖലയിലും ഉത്തരവാദപ്പെട്ട തസ്തികയില്‍ 20വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം. ഡെപ്യൂട്ടേഷനിലായിരിക്കും നിയമനം. പിന്നീട് അബ്‌സോര്‍ബ് ചെയ്യപ്പെട്ടേക്കാം. മൂന്നുവര്‍ഷത്തേക്കായിരിക്കും ഡെപ്യൂട്ടേഷന്‍. ഇത് അഞ്ചുവര്‍ഷംവരെ നീട്ടാം. പ്രായം 56 വയസ്സില്‍ കവിയരുത്. പ്രോപ്പര്‍ ചാനലിലാണ് അപേക്ഷിക്കേണ്ടത്. 2025 ജനുവരി 15നകം അപേക്ഷിക്കണം. ഡയറക്ടര്‍ (പി.ആന്റ്.എ) നാഷണല്‍ കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, 4, സിരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, ഹൗസ്ഖാസ്, ന്യൂഡല്‍ഹി 110016 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫോര്‍വേഡ് ചെയ്യുന്ന മാതൃസ്ഥാപനത്തിലെ കാഡര്‍ നിയന്ത്രണാധികാരി അപേക്ഷയിലെ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുകയും അപേക്ഷ ശുപാര്‍ശ ചെയ്യുകയും വേണം. അഞ്ചുവര്‍ഷത്തെ എ.പി.എ.ആറുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഏറ്റവും പുതിയ വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ടും 10വര്‍ഷത്തിനകം ചെറുതോ വലുതോ ആയ പിഴകള്‍ ഈടാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച പരാമര്‍ശങ്ങളും വയ്ക്കണം.
ഫിനാന്‍ഷ്യല്‍ അഡ്‌വൈസറുടെ ഒഴിവും സംവരണേതരവിഭാഗത്തിലാണ്.ശമ്പളം: 131100-216600 രൂപ. ഡി.എ, എച്ച്.ആര്‍.എ, യാത്രാബത്ത, പങ്കാളിത്തപെന്‍ഷന്‍സ്‌കീം, ഗ്രാറ്റുവിറ്റി, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ്, എല്‍.ടി.സി. തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.സാമ്പത്തികനയങ്ങള്‍, ബജറ്റ്‌നിയന്ത്രണങ്ങള്‍, വായ്പാവിതരണം, കടമെടുപ്പ്, വാര്‍ഷികക്കണക്കുകള്‍ തയ്യാറാക്കല്‍, ഓഡിറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നയരൂപവത്കരണ-നടത്തിപ്പുചുമതലകളുളള തസ്തികയാണിത്. വിദ്യാഭ്യാസയോഗ്യത: സി.എ/ ഐ.സി.ഡബ്ലിയു.എ.സര്‍ക്കാര്‍സ്ഥാപനത്തിലോ അര്‍ധസര്‍ക്കാര്‍ സ്്ഥാപനത്തിലോ ഫിനാന്‍സ്/അക്കൗണ്ട്‌സ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദപ്പെട്ട തസ്തികയില്‍ 20വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. അതില്‍തന്നെ 10വര്‍ഷത്തെ പ്രവൃത്തിപരിചയം സീനിയര്‍ തസ്തികയിലായിരിക്കണം.ആധുനികധനകാര്യമാനേജ്‌മെന്റ് രീതികളില്‍ പരിചയവും സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഫിനാന്‍സ് വിഭാഗത്തില്‍ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ബാങ്കിലോ ധനകാര്യസ്ഥാപനങ്ങളിലോ ഉള്ള പരിചയം അഭികാമ്യം.പ്രായപരിധി 50 വയസ്സ്. കേന്ദ്രസര്‍ക്കാര്‍ചട്ടങ്ങള്‍ പ്രകാരമുള്ള വയസ്സിളവുകള്‍ അനുവദനീയമാണ്.നിര്‍ദിഷ്ടഫോമിലുള്ള സമ്പൂര്‍ണമായ അപേക്ഷ 2025 ജനുവരി 15നകം ഡയറക്ടര്‍ (പി.ആന്റ്.എ), നാഷണല്‍ കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, 4, സിരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, ഹൗസ്ഖാസ്, ന്യൂഡല്‍ഹി 110016 എന്ന വിലാസത്തില്‍ ലഭിക്കണം.കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ജോലിചെയ്യുന്നവര്‍ എതിര്‍പ്പില്ലായ്മാപത്രം സഹിതം പ്രോപ്പര്‍ചാനലിലാണ് അപേക്ഷിക്കേണ്ടത്.
ഫിനാന്‍ഷ്യല്‍ സ്‌പെഷ്യലൈസേഷന്‍ മേഖലയില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ മൂന്ന് ഒഴിവാണുള്ളത്. സംവരേണതരവിഭാഗത്തിലെ ഒഴിവുകളാണിവ. ശമ്പളം: 67700-208700 രൂപ. പ്രായം 35 വയസ്സുകവിയരുത്.വിദ്യാഭ്യാസയോഗ്യത: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്.ബാങ്കിലോ ധനകാര്യസ്ഥാപനത്തിലോ വികസനസ്ഥാപനത്തിലോ ഫിനാന്‍സ്, അക്കൗണ്ട്‌സ്, ഓഡിറ്റ്, പ്രോജക്ട് വിലയിരുത്തല്‍ മേഖലകളില്‍ എക്‌സിക്യൂട്ടീവ് അധികാരത്തോടെ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിലും അനുബന്ധസോഫ്റ്റ്‌വെയറുകളിലും പരിചയവും വേണം.
ഡെപ്യൂട്ടി ഡയറക്ടര്‍ (റിക്കവറി ആന്റ് ലീഗല്‍) തസ്തികയില്‍ ഒരു ഒഴിവുണ്ട്്. ഇത് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണു നികത്തുക. തുടര്‍ന്ന് അബ്‌സോര്‍പ്ഷനു സാധ്യതയുണ്ട്. പ്രായം 56 വയസ്സില്‍ കവിയരുത്. വിദ്യാഭ്യാസയോഗ്യത: നിയമബിരുദം. പ്രോപ്പര്‍ ചാനലിലാണ് അപേക്ഷിക്കേണ്ടത്. സഹകരണസ്ഥാപനത്തിലോ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലോ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനത്തിലോ സ്വയംഭരണസ്ഥാപനത്തിലോ സ്റ്റാറ്റിയൂട്ടറി സ്ഥാപനത്തിലോ പൊതുമേഖലാസ്ഥാപനത്തിലോ അംഗീകൃതസര്‍വകലാശാലയിലോ ധനകാര്യസ്ഥാപനങ്ങളിലോ ഒക്കെ സ്ഥിരനിയമനാടിസ്ഥാനത്തില്‍ സമാനതസ്തികയില്‍ ജോലി ചെയ്യുന്നവരായിരിക്കണം. അല്ലെങ്കില്‍ ലെവല്‍ 10 ശമ്പളനിരക്കുള്ള തസ്തികയില്‍ അഞ്ചു വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കണം. പ്രമുഖബാങ്കുകളുടെയോ ധനകാര്യസ്ഥാപനങ്ങളുടെയോ ലീഗല്‍ റിക്കവറി സ്യൂട്ടുകള്‍, ക്ലെയിമുകള്‍, സര്‍ഫാസി നിയമം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് റിക്കവറി സെല്ലില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.കാഡര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, അണ്ടര്‍സെക്രട്ടറി തലത്തില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ഒരോപേജും സാക്ഷ്യപ്പെടുത്തിയ അഞ്ചുവര്‍ഷത്തെ എ.സി.ആറുകള്‍/ എ.പി.എ.ആറുകള്‍ എന്നിവയുടെ ഫോട്ടോകോപ്പികള്‍, ചെറുതോ വലുതോ ആയ പിഴകള്‍ ചുമത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച പ്രസ്ഥാവന, വിജിലന്‍സ് ക്ലിയറന്‍സ്/ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഉണ്ടാകണം.2025 ജനുവരി 15നകമാണ് അപേക്ഷിക്കേണ്ടത്.
യങ് പ്രൊഫഷണല്‍-1 (മാര്‍ക്കറ്റിങ്) തസ്തികയില്‍ കേരളത്തില്‍ ഒരു ഒഴിവാണുള്ളത്. ഹരിയാന, പഞ്ചാബ്, ലക്ഷ്ദ്വീപ്, ആന്തമാന്‍ നിക്കോബാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, മേഘാലയ, മിസോറം, നാഗാലാന്റ്, ഗോവ, ദാദ്ര-നഗര്‍ഹവേലി എന്നിവിടങ്ങളിലും ഓരോ ഒഴിവുകളുണ്ട്. ഉത്തര്‍പ്രദേശിലും ബെംഗളൂരുവിലും രണ്ട് ഒഴിവുകള്‍ വീതമുണ്ട്. ഒഴിവുകളുടെ എണ്ണത്തില്‍ ഇനിയും വ്യത്യാസം വന്നേക്കാം. കരാറടിസ്ഥാനത്തില്‍ മൂന്നുവര്‍ഷത്തേക്കാണു നിയമനം. ഒരുവര്‍ഷത്തേക്കുകൂടി നീട്ടിയേക്കാം.പ്രായം 32 വയസ്സു കവിയരുത്.സഹകരണമാനേജ്‌മെന്റ്, വിപണനമാനേജ്‌മെന്റ്, കാര്‍ഷികബിസിനസ് മാനേജ്‌മെന്റ്, ഗ്രാമവികസനമാനേജ്‌മെന്റ് എന്നിവയിലൊന്നില്‍ എം.ബി.എ. ആണ് അപേക്ഷിക്കാന്‍ വേണ്ട വിദ്യാഭ്യാസയോഗ്യത. ബാങ്കുകളിലോ ധനകാര്യസ്ഥാപനങ്ങളിലോ വിപണനരംഗത്ത് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. യോഗ്യതകളുടെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും അവരില്‍നിന്ന് അഭിമുഖം നടത്തിയോ വ്യക്തിഗതചര്‍ച്ച നടത്തിയോ ആണു യങ് പ്രൊഫഷണലുകളെ (മാര്‍ക്കറ്റിങ്) തിരഞ്ഞെടുക്കുക.ശമ്പളം: 25000-50000 രൂപ (ചര്‍ച്ചാവിധേയം). മികവിന്റെ അടിസ്ഥാനത്തില്‍ വാര്‍ഷികഇന്‍ക്രിമെന്റ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പുതിയ ഫോട്ടോയും സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലാണു സമര്‍പ്പിക്കേണ്ടത്. 2025 ജനുവരി അഞ്ചിനകം സമര്‍പ്പിക്കണം. യങ് പ്രൊഫഷണല്‍-1(മാര്‍ക്കറ്റിങ്) തസ്തികയിലേക്കുള്ള അപേക്ഷയാണെന്ന കാര്യം അപേക്ഷയില്‍ പരാമര്‍ശിച്ചിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ജോലിക്കു ചേരുമ്പോള്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.