[mbzauthor]

കേരളത്തിലെ സഹകരണ പ്രസ്ഥാനം- ലോക്ക്ഡൗണിനു ശേഷം………..(3)

കാര്‍ഷിക മേഖലയില്‍ ഉദ്പാദന വര്‍ദ്ധനവ് സാധ്യമാക്കുന്നതിനായി സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാവുന്ന പ്രായോഗികമായ ഒരു പദ്ധതി ചുവടെ ചേര്‍ക്കുന്നു.

സംഘത്തിന്റെ പരിധിയില്‍ വരുന്ന ഭൂപ്രദേശത്തിന്റെ ഉപയോഗം പരിശോധിക്കുക എന്നതാണു ആദ്യ ഘട്ടം. ഇതിലൂടെ കൃഷിയ്ക്കു ഉപയുക്തമാകുന്നതും, എന്നാല്‍ നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്നതുമായ സ്ഥലങ്ങള്‍ കണ്ടെത്തി അതിന്റെ ഉടമസ്ഥന്‍മാരുമായി ബന്ധപ്പെടുക എന്നതാണു രണ്ടാം ഘട്ടം. ഇതിലൂടെ തങ്ങളുടെ പരിധിയില്‍പ്പെടുന്ന, കൃഷിയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ,മുഴുവന്‍ സ്ഥലവും സംഘത്തിന്റെ പേരില്‍ പാട്ടത്തിന് എടുക്കാന്‍ കഴിയുന്നു. ഈ ആവശ്യത്തിലേക്കായി സഹകരണ സംഘത്തിന് സ്ഥലത്തിന്റെ ഉടമസ്ഥന്‍മാരുമായി പാട്ടകരാറില്‍ ഏര്‍പ്പെടാവുന്നതാണ്. ഇത്തരത്തില്‍ കണ്ടെത്തിയ മുഴുവന്‍ പ്രദേശത്തും എന്തെല്ലാം കൃഷി രീതിയികള്‍ നടപ്പിലാക്കാമെന് കൃഷി വിദഗ്ധരും, കര്‍ഷകരും, കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്യാവുന്നതാണ് . ഈ പ്രവര്‍ത്തനത്തിലൂടെ സഹകരണസംഘത്തിന്റെ പരിധിയില്‍ പുതിയതായി കൃഷി ഇറക്കാവുന്ന സ്ഥലവും ആരംഭിയ്കേണ്ട കൃഷി രീതിയും സംബന്ധിച്ചു വ്യക്തത ലഭിയ്ക്കുന്നു.

അടുത്ത ഘട്ടത്തില്‍ ഓരോ കൃഷി സ്ഥ്ലത്തിനും സമീപത്തുള്ള വ്യക്തികള്‍, യുവാക്കള്‍, ക്ലബുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവര്‍ക്കായി അവരവരുടെ അഭിരുചിയുടെയും, ആവശ്യത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥലം കൃഷിയ്ക്കായി ഏല്‍പ്പിക്കാവുന്നതാണ്. വിളയിറക്കുന്നതിനാവശ്യമായ യാന്ത്രോപകരണങ്ങള്‍, വിത്ത്, നടീല്‍ വസ്തുക്കള്‍, ജൈവ വളം, എന്നിവയെല്ലാം സഹകരണ സ്ഥാപനത്തിന് പൊതുവായി വാങ്ങി നല്‍കാവുന്നതാണ്. ഇത് മൂലം ഇവയുടെ വിലയില്‍ ഗണ്യമായ കുറവ് വരുത്തുന്നതിനും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനും സാധ്യമാകുന്നു. ഇത്
കൂടാതെ, കൃഷി ഇറക്കുന്നതിന് തയ്യാറാകുന്ന വ്യക്തികള്‍ക്കോ, കൂട്ടായ്മകള്‍ക്കോ, തങ്ങളുടെ അദ്ധ്വാനം ലഘൂകരിയ്ക്കുന്നതിനു കഴിയുന്നു. പഞ്ചായത്തിലെ കൃഷി ഉദ്യോഗസ്ഥരുടെയും, പരിചയ സമ്പന്നരായ കര്‍ഷകരുടെയും
നേതൃത്വത്തില്‍ മോണിറ്ററിങ്ങ് സമിതികള്‍ക്ക് രൂപം നല്‍കാവുന്നതാണ്. ഏറ്റവും മാതൃകാപരമായി കൃഷി ചെയ്യുന്ന കര്‍ഷക്കാര്‍ക്കും , ക്ലബുകള്‍ക്കും, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്.

കൃഷി ഇറക്കുന്നതിന് ആവശ്യമായ ധന സഹായം സഹകരണ ബാങ്കുകള്‍ക്ക് കാര്‍ഷിക വായ്പയായി അനുവദിക്കാവുന്നതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നല്‍കുന്ന വായ്പയെ ഇന്‍വെസ്റ്റ്മെന്‍റ് ക്രെഡിറ്റായും ഉല്‍പാദനത്തിന് വേണ്ടി നല്‍കുന്ന വായ്പയെ ഹൃസ്വ കാലാ കാര്‍ഷിക വായ്പയായും നല്‍കാവുന്നതാണ്. ഇത്തരത്തില്‍ ഉണ്ടാകുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളും സഹകരണ സംഘം തന്നെ അതതു കാലത്തെ വിലയനുസരിച്ച് വാങ്ങി വിതരണം ചെയ്യുന്നതിന് സംവിധാനം ഒരുക്കാവുന്നതാണ്. ആഴ്ച ചന്തകള്‍, ഗ്രാമ ചന്തകള്‍, വീടുതോറുമുളള വിതരണം, ഹോര്‍ട്ടികോര്‍പ്പ് പോലുള്ള ഏജന്‍സികളുമായി ഒത്തു ചേര്‍ന്നുള്ള പ്രവര്‍ത്തനം എന്നിവ വഴി വിപണി ഉറപ്പാക്കാവുന്നതാണ്. കാര്‍ഷിക വിഭവങ്ങള്‍ക്ക് ലഭിയ്ക്കുന്ന വിലയില്‍ നിന്നും, ഉദ്പാദന ഉപകരണങ്ങള്‍ക്കും, ജൈവ വളം, ജൈവ കീടനാശിനി, എന്നീ ആവശ്യങ്ങള്‍ക്കും വേണ്ടി വന്ന ചെലവ് കഴിച്ചു ബാക്കി തുക അതതു ഉദ് പാദകര്‍ക്ക് നല്‍കാവുന്നതാണ്. വിറ്റു വരവില്‍ നിന്നും സ്ഥലം ഉടമസ്ഥര്‍ക്ക് പാട്ടകരാര്‍ വ്യവസ്ഥയനുസരിച്ചുള്ള തുക നല്‍കാവുന്നതാണ്.

ഇത്തരത്തില്‍, മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കി വരുന്ന സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നത് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിയ്ക്കുന്നതിന് സഹായകരമാകും. ഏറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സഹകരണ സംഘം ഇത്തരം
പ്രവര്‍ത്തനങ്ങള്‍ മാതൃകപരമായി നടപ്പിലാക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.