സ്വന്തം ജീവനക്കാര്‍ക്കായി കോസ്‌മോസ് സഹകരണ ബാങ്ക് പി.ജി. ഡിപ്ലോമ കോഴ്‌സ് തുടങ്ങി

moonamvazhi

മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളിലെ മുന്‍നിര ബാങ്കുകളിലൊന്നായ പുണെയിലെ കോസ്‌മോസ് സഹകരണ ബാങ്ക് സ്വന്തം ജീവനക്കാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനായി പി.ജി. ഡിപ്ലോമ കോഴ്‌സ്് തുടങ്ങി. ബാങ്കിങ്ങിലും ഉല്‍പ്പന്ന വിപണനത്തിലുമാണ് ഒരു വര്‍ഷം നീളുന്ന ഈ കോഴ്‌സ്.

ഭാവിയില്‍ ഈ കോഴ്‌സ് എല്ലാ ബാങ്കുകളിലും വ്യപിപ്പിക്കാവുന്നതാണെന്നും ഇതിനാവശ്യമായ സാമ്പത്തികസഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭാഗവത് കാരാട് പറഞ്ഞു. കോസ്‌മോസ് ബാങ്കിന്റെ ഈ ഉദ്യമം സ്വന്തം ജീവനക്കാര്‍ക്കു മാത്രമല്ല സഹകരണമേഖലയ്ക്കുതന്നെ ഗുണകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബൃഹന്‍ മഹാരാഷ്ട്ര കോളേജ് ഓഫ് കോമേഴ്‌സുമായി ചേര്‍ന്നാണു കോഴ്‌സ് നടത്തുന്നത്. ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനവും ബാങ്കും സംയുക്തമായി ഇത്തരമൊരു പഠനകേന്ദ്രം ആരംഭിക്കുന്നതു നടാടെയാണ്. കോഴ്‌സിനുള്ള ചെലവുകളെല്ലാം ബാങ്ക് വഹിക്കും.

കൃഷ്ണാജി സദാശിവ ഗോറെ, ശങ്കര്‍ ഹരി ബാര്‍വെ എന്നിവര്‍ ചേര്‍ന്നു 1906 ജനുവരി പതിനെട്ടിനാണു കോസ്‌മോസ് ബാങ്കിനു തുടക്കമിട്ടത്. എന്‍.സി. കേല്‍ക്കര്‍ എന്ന താത്യാസാഹബ് കേല്‍ക്കറാണു ആദ്യത്തെ ചെയര്‍മാന്‍. 1990 ല്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘമായി മാറിയ കോസ്‌മോസ് ബാങ്കില്‍ 2714 ജീവനക്കാരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News