സൂക്ഷ്മക്കൃഷിയുടെ ചിറകിലേറി പെരുമാട്ടി ബാങ്കിന്റെ സമ്മാനക്കൊയ്ത്ത്
കരിമ്പില്‍നിന്നു ശര്‍ക്കരയുണ്ടാക്കി വിറ്റിരുന്ന കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യവുമായി
1949 ല്‍ തുടങ്ങിയ ‘ചക്കര സൊസൈറ്റി’ യാണു പാലക്കാട് പെരുമാട്ടി സര്‍വീസ് സഹകരണ
ബാങ്കായി മാറിയത്. 1961 ല്‍ പരസ്പര സഹായസംഘമായും ഏഴു വര്‍ഷം കഴിഞ്ഞപ്പോള്‍
സഹകരണ ബാങ്കായും മാറി. 33,000 അംഗങ്ങളുണ്ട്. സംസ്ഥാനത്ത് ആദ്യമായി
സൂക്ഷ്മക്കൃഷി ( പ്രിസിഷന്‍ ഫാമിങ് ) നടപ്പാക്കിയ പെരുമാട്ടി ബാങ്ക്
2,400 ഹെക്ടര്‍ സ്ഥലത്തു തുള്ളിനന രീതി നടപ്പാക്കി. തരിശുഭൂമികള്‍ പാട്ടത്തിനെടുത്തു
കൃഷി വ്യാപകമാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ബാങ്ക്.
പാലക്കാടിന്റെ തമിഴതിര്‍ത്തിഗ്രാമമായ പെരുമാട്ടി ഒരു സമ്പൂര്‍ണ കാര്‍ഷികഭൂമികയാണ്. നെല്ല് മാത്രമല്ല തെങ്ങും പച്ചക്കറിയും ഇവിടെ നന്നായി വിളയും. പച്ചപ്പും വെള്ളവും തമിഴ് സംസ്‌കാരവും ക്ഷീരമേഖലയും ഇവിടം സമ്പന്നമാക്കുന്നു. ഇവിടത്തെ കര്‍ഷകര്‍ക്കു താങ്ങും തണലും ഒരുക്കിയതിനാണു മികച്ച പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘത്തിനുള്ള കൃഷിവകുപ്പിന്റെ സംസ്ഥാന പുരസ്‌കാരം പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്കിനെ തേടിയെത്തിയത്. അര ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണു പുരസ്‌കാരം. നൂതനവും ശാസ്ത്രീയവുമായ കൃഷിരീതികള്‍ കര്‍ഷകര്‍ക്കു പരിചിതമാക്കിക്കൊണ്ട് പെരുമാട്ടിയുടെ മണ്ണില്‍ കൃഷിക്കു നവവേഗം സൃഷ്ടിക്കാന്‍ ബാങ്കിനു കഴിഞ്ഞു. ആധുനിക കാര്‍ഷികയന്ത്രങ്ങള്‍ കുറഞ്ഞ ചെലവില്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നതിലടക്കം ധനക്കരുത്തായി മാറാനും ബാങ്കിനു സാധിച്ചു.
ചക്കരസംഘത്തില്‍
തുടക്കം
ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയുടെ ആവിര്‍ഭാവത്തിനു കാരണമായതു പാലക്കാടന്‍ കിഴക്കന്‍മേഖലയിലെ കരിമ്പുകൃഷിയാണ്. അതിലൊരു പങ്ക് പെരുമാട്ടിയുടെയും സംഭാവനയാണ്. കരിമ്പില്‍നിന്നു ശര്‍ക്കരയുണ്ടാക്കി വില്‍പ്പന നടത്തിയ കര്‍ഷകരുടെ നാടായിരുന്നു ഇവിടം. ഇവരെ സഹായിക്കുക എന്ന ലക്ഷ്യവുമായി 1949 ല്‍ തുടങ്ങിയ ‘ചക്കര സൊസൈറ്റി’ യാണ് ഇപ്പോഴത്തെ പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്ക്. 1961 ല്‍ പരസ്പര സഹായസംഘമായി മാറി. ഏഴു വര്‍ഷം കഴിഞ്ഞപ്പോള്‍ സഹകരണ ബാങ്കുമായി. ആധുനികീകരണം പടര്‍ന്നുവരുന്നതിനു മുന്നേ 1989 ല്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കൃത പണമിടപാട്‌സൗകര്യം ഏര്‍പ്പെടുത്തിയ ബാങ്കാണിത്. ‘എ’ ക്ലാസ് പദവിയുള്ള ബാങ്കിനു 33,000 അംഗങ്ങളുണ്ട്. തുടക്കം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ബാങ്ക് ‘എ’ ക്ലാസ് അംഗങ്ങള്‍ക്കു ലാഭവിഹിതവും നല്‍കിവരുന്നുണ്ട്. 93 കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്കിന്റെ വായ്പാബാക്കിനില്‍പ്പ്് 87 കോടി രൂപയാണ്. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി അര നൂറ്റാണ്ടു കാലം പ്രസിഡന്റായിരുന്ന ബാങ്ക് കൂടിയാണിത്. അദ്ദേഹത്തിന്റെ മകനും കര്‍ഷകനുമായ കെ. നാരായണന്‍കുട്ടിയാണു കഴിഞ്ഞ നാലു വര്‍ഷമായി ബാങ്കിന്റെ പ്രസിഡന്റ്.
സൂക്ഷ്മക്കൃഷിയുടെ
നടത്തിപ്പുകാര്‍
സംസ്ഥാനത്ത് ആദ്യമായി സൂക്ഷ്മക്കൃഷി ( പ്രിസിഷന്‍ ഫാമിങ് ) നടപ്പാക്കിയതു പെരുമാട്ടി സഹകരണ ബാങ്കാണ് എന്നതു സഹകരണ മേഖലയ്ക്കും അഭിമാനിക്കാവുന്നതാണ്. മികച്ച വിളവിനും കര്‍ഷകന്റെ വരുമാനവളര്‍ച്ചയ്ക്കും കൃഷി പര്യാപ്തമാവണമെന്ന തീരുമാനമാണു നൂതനവിദ്യയുമായി കാര്‍ഷികരംഗത്തേക്കിറങ്ങാന്‍ ബാങ്കിനെ പ്രേരിപ്പിച്ചത്. കാര്‍ഷികരംഗത്തെ പുതിയ രീതികള്‍ പഠിച്ചും പ്രയോഗിച്ചും മാതൃകാ കര്‍ഷകനായി തുടരുന്ന മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശവും പിന്തുണയും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി പകരുകയും ചെയ്തു. സൂക്ഷ്മക്കൃഷിയുടെ ഭാഗമായി കമ്പാലത്തറയില്‍ 2007 ല്‍ പ്രദര്‍ശനത്തോട്ടമായി ആരംഭിച്ച കൃഷിരീതി കാര്‍ഷികവിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും പാഠശാലയായി മാറുകയായിരുന്നു. ശാസ്ത്രീയ ജലസേചനരീതിയായ തുള്ളിനനയ്ക്കു ( ഡ്രിപ് ഇറിഗേഷന്‍ ) വേണ്ട ഉപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഇതുവരെ 6,641 കര്‍ഷകരില്‍ എത്തിച്ചു. സാങ്കേതികസഹായവും ഉപകരണങ്ങളുമായി 8.61 കോടി രൂപയുടെ പ്രവൃത്തികള്‍ ഇതിനകം നടത്തി. 2,400 ഹെക്ടര്‍ സ്ഥലത്താണു തുള്ളിനന രീതി ബാങ്ക് നടപ്പാക്കിയത്. തൃശ്ശൂര്‍ മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലയിലും കരാര്‍പ്രകാരം തുള്ളിനനയുടെ ജോലികള്‍ ഏറ്റെടുത്തു നടത്തിയതു പെരുമാട്ടി ബാങ്കാണ്. കൃഷിവകുപ്പിന്റെ പച്ചക്കറിവികസന പദ്ധതി, ലഘു ജലസേചന പദ്ധതി എന്നിവയ്ക്കായി കൃഷിഭവനുകളില്‍ നിന്നു ലഭിച്ച പ്രവൃത്തികളിലൂടെ തുള്ളിനന വിവിധ കൃഷിയിടങ്ങളില്‍ ബാങ്ക് നടപ്പാക്കിയതില്‍ കര്‍ഷകര്‍ക്കു 88 ലക്ഷം രൂപ സബ്‌സിഡിയായി ലഭ്യമാക്കി. പദ്ധതി കാര്യക്ഷമമാക്കുന്നതിനും കര്‍ഷകര്‍ക്ക് അറിവുണ്ടാകുന്നതിനും സാങ്കേതികപരിജ്ഞാനം അവശ്യമായതിനാല്‍ സഹകരണവകുപ്പിന്റെ പ്രത്യേക അനുമതിയോടെ മൂന്നു വര്‍ഷം ഒരു കൃഷിവിദഗ്ധനെ ബാങ്ക് നിയമിക്കുകയും ചെയ്തിരുന്നു.
കാര്‍ഷിക
സേവനകേന്ദ്രങ്ങള്‍
പ്രമുഖ കൃഷിശാസ്ത്രജ്ഞനായ എം.എസ്. സ്വാമിനാഥനാണു പതിനൊന്നു വര്‍ഷം മുമ്പു പെരുമാട്ടി അഗ്രോ സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ആധുനിക സാങ്കേതികവിദ്യ യന്ത്രസംവിധാനങ്ങളിലൂടെ കര്‍ഷകര്‍ക്കു പകര്‍ന്നുനല്‍കുകയാണ് അഗ്രോ സര്‍വീസ് സെന്ററിന്റെ ലക്ഷ്യം. ബാങ്കും കൃഷിഭവനും ഗ്രാമപ്പഞ്ചായത്തും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണു കേന്ദ്രം നടത്തുന്നത്. ഇതിനു പുറമെ ബാങ്കിന്റെ കീഴില്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരില്‍നിന്നു ലഭിച്ച 25 ലക്ഷം രൂപയും ബാങ്കിന്റെ നാലു ലക്ഷം രൂപയും ചേര്‍ത്തു വാങ്ങിച്ച ട്രാക്ടര്‍, പിക്കപ്പ് വാന്‍, ഗാര്‍ഡന്‍ ടില്ലര്‍ എന്നിവ കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്കു വാടകക്കു നല്‍കുന്നുണ്ട്. അഗ്രോ സര്‍വീസ് സെന്ററില്‍ പാടം നിരപ്പാക്കുന്നതിനും വരമ്പ് പൊതിയുന്നതിനുമുള്‍പ്പടെ ഏറ്റവും നൂതനയന്ത്രങ്ങളുമുണ്ട്.
സേവന
മുഖങ്ങള്‍
കൃഷിക്ക് ഊന്നല്‍ നല്‍കിയുള്ള കാര്‍ഷികസേവനത്തിനു ബാങ്കിനു വിവിധ മുഖങ്ങളുണ്ട്. തദ്ദേശസ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്കില്‍ നിന്നു കുടുംബശ്രീ യൂണിറ്റുകള്‍ക്കു കൃഷിക്കും കാര്‍ഷികാനുബന്ധ ആവശ്യങ്ങള്‍ക്കുമായി കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ ഏതാണ്ട് 23 കോടി രൂപ വായ്പാവിതരണം നടന്നിട്ടുണ്ട്. സ്വയംസഹായ സംഘങ്ങള്‍ക്കു നടീല്‍യന്ത്രം വാങ്ങുന്നതിനും ഇറച്ചിക്കോഴി ഫാം, കാടക്കോഴി വളര്‍ത്തല്‍, പശുവളര്‍ത്തല്‍ എന്നിവയ്ക്കും പച്ചക്കറി, മള്‍ബറി കൃഷികള്‍ക്കും വായ്പ നല്‍കി. കാര്‍ഷികോല്‍പ്പന്നച്ചന്ത തുടങ്ങുന്നതിനു സ്ഥലം വാങ്ങാന്‍ ഗ്രാമപ്പഞ്ചായത്തിനു 65 ലക്ഷം രൂപ ബാങ്ക് വായ്പ നല്‍കിയിട്ടുണ്ട്. കൂടാതെ, ഇ.എം.എസ്. ഭവനപദ്ധതിക്കായി 45 ലക്ഷം രൂപയും പഞ്ചായത്തിനു വായ്പ നല്‍കി.
കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെയും സാമ്പത്തികമാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്കു കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പലിശരഹിത വായ്പ ബാങ്ക് നല്‍കിവരുന്നുണ്ട്. ഇതുവരെ 52 കോടി രൂപ ബാങ്ക് ഈയിനത്തില്‍ വായ്പ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 706 കര്‍ഷകര്‍ക്ക് 4.66 കോടി രൂപയാണ് ഇങ്ങനെ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ആകെ വിതരണം ചെയ്ത 93.13 കോടി രൂപ വായ്പയില്‍ 11 കോടിയോളം രൂപ കാര്‍ഷികവും കാര്‍ഷികാനുബന്ധവുമായ വായ്പകളാണ്.
ക്ഷീരമേഖലയിലും വലിയ കാല്‍വെയ്പാണു ബാങ്ക് നടത്തിയത്. കെ.എല്‍.ഡി. ബോര്‍ഡിന്റെ പദ്ധതിയില്‍പ്പെടുത്തി 100 ഗീര്‍ പശുക്കളെ 2017-18 ല്‍ 15,000 രൂപ സബ്‌സിഡിയോടെ കര്‍ഷകര്‍ക്കു നല്‍കി. കഴിഞ്ഞ സംമ്പത്തികവര്‍ഷം 1.28 കോടി രൂപയുടെ രാസവളം ബാങ്ക് വില്‍പ്പന നടത്തി. ജനകീയാസൂത്രണപദ്ധതി പ്രകാരം പെരുമാട്ടി കൃഷിഭവന്‍ മുഖേന 198 കര്‍ഷകര്‍ക്ക് 35 ടണ്‍ രാസവളം 9.82 ലക്ഷം രൂപ സബ്‌സിഡിയോടെ ബാങ്ക് വിതരണം ചെയ്യുകയുമുണ്ടായി.
തരിശുഭൂമിയിലേക്കും
കൃഷി
കര്‍ഷകരുടെ ക്ലസ്റ്ററുകള്‍ രൂപവത്കരിച്ച് തരിശുഭൂമികള്‍ പാട്ടത്തിനെടുത്തു കൃഷി വ്യാപകമാക്കാനുള്ള ശ്രമത്തിലാണു ബാങ്ക്. ഇതിനായി കര്‍ഷകഗ്രൂപ്പുകള്‍ക്കു കുറഞ്ഞ പലിശനിരക്കില്‍ വായ്പ അനുവദിക്കും. കൂടുതല്‍ കൃഷി, കൂടുതല്‍ ശാസ്ത്രീയത എന്നതിലൂടെ ഉല്‍പ്പാദനക്ഷമത നേടുന്ന ഒരു ഗ്രാമത്തെയും സാമ്പത്തികഭദ്രത നേടുന്ന കര്‍ഷകസമൂഹത്തെയും സൃഷ്ടിക്കലാണു ബാങ്കിന്റെ ലക്ഷ്യം. വണ്ടിത്താവളത്താണു ബാങ്കിന്റെ ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വിളയോടിയില്‍ ശാഖയുമുണ്ട്. 16 ജീവനക്കര്‍ ബാങ്കിലുണ്ട്. കെ. രവീന്ദ്രന്‍, കെ. സുരേഷ്ബാബു, ആര്‍. റുദീഷ്, എസ്. വിനോദ്ബാബു, എ. കൃഷ്ണന്‍, എന്‍. കുട്ടപ്പന്‍, എം. കുട്ടന്‍, പി. ഉണ്ണിക്കൃഷ്ണന്‍, കെ. രാധാകൃഷ്ണന്‍, കെ. പത്മജ, വി. പ്രേമ, വി. അംബിക എന്നിവര്‍ ഭരണസമിതിയംഗങ്ങളാണ്. വി. കലവാണിക്കാണു സെക്രട്ടറിയുടെ ചുമതല.
(മൂന്നാംവഴി സഹകരണമാസിക സെപ്റ്റംബര്‍ ലക്കം – 2023)