സാമ്പത്തിക പ്രതിസന്ധി; യുവ സംഘങ്ങള്‍ക്ക് പ്രഖ്യാപിച്ച സര്‍ക്കാര്‍ സഹായം പിന്‍വലിച്ചു
സംസ്ഥാനത്തെ യുവസഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പിന്‍വലിച്ചു. സംരംഭങ്ങള്‍ ആസൂത്രണം ചെയ്ത്, പദ്ധതി രേഖ സമര്‍പ്പിച്ച സംഘങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം അനുവദിക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. 30 സംഘങ്ങള്‍ക്ക് നല്‍കാന്‍ മൂന്നുകോടി രൂപ അനുവദിക്കുകയും ചെയ്തു.
ഓഹരി, സബ്‌സിഡി എന്നിങ്ങനെ രണ്ട് വിഭാഗത്തിലായി പത്തുലക്ഷം രൂപവീതം ഓരോ സംഘങ്ങള്‍ക്കും നല്‍കനാണ് ഉത്തരവില്‍ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍, ഇത് സംഘങ്ങള്‍ക്ക് കൈമാറുന്നതിന് മുമ്പ്, പ്രഖ്യാപിച്ച സഹായം റദ്ദ് ചെയ്യുകയാണെന്ന് കാണിച്ച് സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി.എസ്.രാജേഷ് ഉത്തരവിറക്കി.
‘യുവസംഘങ്ങള്‍ക്ക് പത്തുലക്ഷം രൂപവീതം ആരംഭ ഓഹരി മൂലധനമായി അനുവദിക്കുന്നതിന് ഭരണ-റിലീസ് അനുമതികള്‍ നല്‍കിയ പുറപ്പെടുവിച്ചിരുന്ന പരാമര്‍ശ ഉത്തരവ് ഭരണപരമായ കാരണങ്ങളാല്‍ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു’- ഇതാണ് റദ്ദ് ചെയ്ത ഉത്തരവിലെ പരാമര്‍ശം. ‘ഭരണപരമായ കാരണം’ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
ഓണച്ചെലവ് കഴിഞ്ഞതോടെ റിസര്‍വ് ബാങ്കിന്റെ വേയ്‌സ് ആന്‍ഡ് മീന്‍സ് വായ്പയെ ആശ്രയിച്ചാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. ട്രഷറിയില്‍ കടുത്ത നിയന്ത്രണവും, ചെലവ് കര്‍ശനമായി ചുരുക്കലുമല്ലാതെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണിപ്പോള്‍. അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ട്രഷറി സ്തംഭിച്ചേക്കാവുന്ന സ്ഥിതിയിലാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ ഒഴിവാക്കണമെന്ന് ധനവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാവകുപ്പുകളിലും ചെലവുചരുക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ യുവസംഘങ്ങളുടെ സംരംഭങ്ങള്‍ക്ക് സഹകരണ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് പണം ലഭ്യമാക്കുന്ന രീതിയാകും സഹകരണ വകുപ്പ് സ്വീകരിക്കുക. യുവസംഘങ്ങളുമായി ചേര്‍ന്ന് മറ്റ് സഹകരണ സംഘങ്ങള്‍ പദ്ധതി തയ്യാറാക്കിയാല്‍ അതിനുള്ള വകുപ്പുതല അനുമതി വേഗത്തിലാക്കും. കേരളബാങ്കില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ വയ്പ ലഭ്യമാക്കുന്നതിന് പ്രത്യേക വായ്പ പദ്ധതിയും നടപ്പാക്കും.
[mbzshare]