സാമൂഹ്യ പ്രസക്തിയും, സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ് കേരളത്തിലെ സഹകരണ മേഖലയുടെ മൂലധനം.

adminmoonam

സാമൂഹ്യ പ്രസക്തിയും, സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ് കേരളത്തിലെ സഹകരണ മേഖലയുടെ മൂലധനം.കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ.. ഡോക്ടർ.എം. രാമനുണ്ണിയുടെ ലേഖനം-19.

കേരളത്തിലെ സഹകരണ പ്രസ്ഥാനം, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിലവിലുള്ള സഹകരണ പ്രസ്ഥാനത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് . ഇതിന് കാരണം സഹകരണ പ്രസ്ഥാനത്തിൻറെ സാമൂഹ്യ പ്രസക്തിയും, സമൂഹത്തോടുള്ള പ്രതിബദ്ധതയും ആണ്. ഇവ രണ്ടും നമ്മുടെ നാട്ടിലെ സഹകരണ പ്രസ്ഥാനത്തെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ജനകീയമായ ഇടപെടൽ ശേഷിയാണ് ആണ് നമ്മുടെ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിൻറെ മുഖമുദ്ര. അതുകൊണ്ടുതന്നെ, വിദ്യാഭ്യാസരംഗത്തും, ആരോഗ്യരംഗത്തും, പ്രളയം, കൊറോണ എന്നു തുടങ്ങി ഏത് പ്രകൃതി ദുരന്തമോ മഹാമാരിയോ ഉണ്ടായാൽ ജനങ്ങളോടൊപ്പം മുൻനിരയിൽ സഹകരണ സ്ഥാപനങ്ങളും ഉണ്ടാകും.

പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ കുറിച്ച് പൊതുവേയുള്ള വിമർശനം അവ നിക്ഷേപ സമാഹരണത്തിനും വായ്പാ വിതരണത്തിനും മാത്രമായി ചുരുങ്ങി പോകുന്നു എന്നാണ്. ഈ സാഹചര്യത്തിലാണ് വളരെ മാതൃകാപരമായി പ്രവർത്തിക്കുന്ന കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിൻറെ ആരോഗ്യമേഖലയിലെ പ്രവർത്തനം ശ്രദ്ധേയമാകുന്നത് . കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ആണ് പ്രസിദ്ധമായ എം വി ആർ കാൻസർ സെൻറർ എന്ന സ്ഥാപനത്തിൻറെ ശക്തിസ്രോതസ്സ് . ഒരു ബാങ്ക് എന്ന നിലയിൽ നൽകിയ വായ്പയായി ഇതിനെ ചുരുക്കി കാണാവുന്നവർ ഉണ്ടായേക്കാം.എം വി ആർ കാൻസർ സെൻറർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മറ്റൊരു വേളയിൽ അവതരിപ്പിക്കുന്നത് ആണ് ഉചിതം എന്ന് തോന്നുന്നു.

കാലിക്കറ്റ് സിറ്റി ബാങ്കിൻറെ ഹെഡ് ഓഫീസിനോട് ചേർന്ന് തന്നെ ഒരു ഡയാലിസിസ് സെൻറർ 2013 മുതൽ പ്രവർത്തിച്ചു വരുന്നു. 12 ഡയാലിസിസ് മെഷീനുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മെഷീനും അനുബന്ധ ഉപകരണങ്ങൾക്കും ആയി, ഏകദേശം ഒരുകോടി ഇരുപത് ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇതുകൂടാതെ ഡയാലിസിസ് നടക്കുന്ന കെട്ടിടത്തിന് നിർമാണച്ചെലവ് വേറെയും വന്നിട്ടുണ്ട്.
ഒരു ദിവസം 36 ഡയാലിസിസ് നടത്താൻ ഈ കേന്ദ്രത്തിന് ശേഷിയുണ്ട് . ഇപ്പോൾ ഇവിടെ ഒരു ദിവസം ശരാശരി 24 ഡയാലിസിസ് നടന്നുവരുന്നു . പൂർണ്ണമായും സൗജന്യമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വ്യക്തികൾക്ക് സൗജന്യമായി ഡയാലിസിസ് സേവനം ലഭിക്കുന്നുവെന്നത് എടുത്തു പറയേണ്ടതാണ്. ഒരു വർഷം ഏകദേശം 70 ലക്ഷം രൂപയോളം ബാങ്ക്, തങ്ങളുടെ ലാഭത്തിൽ നിന്നും ഈ ചെലവിലേക്കായി മാറ്റിവെക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് .

1400 കോടി രൂപ നിക്ഷേപവും, 1300 കോടി രൂപയോളം വായ്പയും വിതരണം ചെയ്തിട്ടുള്ള ഈ സഹകരണ സ്ഥാപനം കഴിഞ്ഞ എട്ടു വർഷത്തിലേറെയായി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ഈ സഹകരണ ബാങ്കിൻറെ പ്രവർത്തന പരിധി കോഴിക്കോട് കോർപ്പറേഷൻ പ്രദേശമാണ്. ഹെഡ് ഓഫീസ് കൂടാതെ 26 ബ്രാഞ്ചുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഇത്തരം സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് പണം നീക്കിവയ്ക്കുന്നത് തികച്ചും മാതൃകാപരമായ നടപടിയാണ് . ഇത് മറ്റു സഹകരണ സ്ഥാപനങ്ങൾക്കും നടപ്പിലാക്കാൻ കഴിയുന്നതാണ്. എല്ലാ ബാങ്കുകളും അവരുടെ വരുമാനത്തിൻറെ ഒരു ഭാഗം കിഡ്നി രോഗികൾ, കരൾ രോഗികൾ ,ഹൃദ്രോഗികൾ, ക്യാൻസർ രോഗികൾ എന്നിവരുടെ ചികിത്സയ്ക്കായി മാറ്റി വെച്ചാൽ, നമ്മുടെ സമൂഹത്തിൽ ആരോഗ്യപരമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഏറെ സഹായകരമാകും.

തൊഴിൽ നഷ്ടവും , ആരോഗ്യപ്രശ്നങ്ങളുമാണ് നമ്മുടെ സംസ്ഥാനത്ത് ഏതൊരു കുടുംബത്തിൻറെയും സാമ്പത്തികഭദ്രത നഷ്ടപ്പെടുത്തുന്നത്.
ഇത്തരം കുടുംബങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ സാഹചര്യങ്ങളിൽ ആശ്രയം നൽകാനും, കൈത്താങ്ങായി പ്രവർത്തിക്കുന്നതിനും, സഹകരണ സ്ഥാപനങ്ങൾക്ക് തീർച്ചയായുംകഴിയും . മിക്കവാറും പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് ലാഭത്തിനു മേൽ നികുതി ചുമത്തുന്ന സാഹചര്യത്തിൽ, ഇത്തരം പ്രവർത്തനങ്ങൾക്കായി പണം വിനിയോഗിച്ചാൽ ലാഭം കുറയ്ക്കുന്നതിനും, അതുവഴി ആദായ നികുതി ബാധ്യതയിൽ നിന്നും ഒഴിവാകുന്നതിനും കഴിയും. സഹകരണ സ്ഥാപനം പ്രവർത്തിക്കുന്നതുകൊണ്ടുണ്ടാകുന്ന നേട്ടം അതാതു പ്രദേശത്തെ സാധാരണക്കാരന് തന്നെ ലഭ്യമാക്കാൻ കഴിയുന്നുവെന്ന സാഹചര്യവും സജ്ജമാകുന്നു.

സമൂഹത്തിലെ സാധാരണക്കാർക്ക് ഉപകാരപ്രദമാകും വിധം കാലിക്കറ്റ് സിറ്റി കോപ്പറേറ്റീവ് ബാങ്ക് നടപ്പിലാക്കിവരുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ നമ്മുടെ സംസ്ഥാനത്ത് മറ്റ് സഹകരണ സ്ഥാപനങ്ങൾ കൂടി ഏറ്റെടുക്കാൻ മുന്നോട്ടുവന്നാൽ,
നമ്മുടെ സമൂഹത്തിൽ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കൈത്താങ്ങ് ആയിരിക്കുമെന്ന് ഉറപ്പാണ്. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിയമപരമായ തടസ്സങ്ങൾ ഇല്ല എന്നുകൂടി അറിയിക്കട്ടെ. ഒരു പുതിയ കേരളത്തിൻറെ നിർമ്മിതിക്കായി ഇത്തരം മുൻകൈകൾ വഴി സഹകരണ സ്ഥാപനങ്ങൾക്ക് മാതൃക കാണിക്കാവുന്നതാണ് .
ഡോ. എം രാമനുണ്ണി. 9388555988

Leave a Reply

Your email address will not be published.