സഹാറ ഗ്രൂപ്പിന്റെ നാലു സഹകരണ സംഘങ്ങളിലെ നിക്ഷേപകരുടെ പണം തിരിച്ചുനല്‍കും – കേന്ദ്രം

[mbzauthor]

സഹാറ ഇന്ത്യ ഗ്രൂപ്പിന്റെ നാലു സഹകരണസംഘങ്ങളിലെ പത്തു കോടി നിക്ഷേപകരുടെ പണം ഒമ്പതു മാസത്തിനകം തിരിച്ചുകൊടുക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഈയാവശ്യത്തിലേക്കായി സഹാറ-സെബി ( സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) റീഫണ്ട് അക്കൗണ്ടില്‍ നിന്നു 5000 കോടി രൂപ കേന്ദ്ര രജിസ്ട്രാര്‍ക്കു കൈമാറണമെന്ന സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണു നിക്ഷേപകരുടെ പണം മടക്കിക്കൊടുക്കാന്‍ വഴിതെളിഞ്ഞത്. ഓഹരിവിപണിയും മ്യൂച്ചല്‍ഫണ്ടും നിയന്ത്രിക്കുന്ന സെബിയില്‍ സഹാറ ഗ്രൂപ്പ് നിക്ഷേപിച്ച 24,000 കോടി രൂപയില്‍നിന്നു 5000 കോടി രൂപ സഹകരണസംഘങ്ങളിലെ നിക്ഷേപകര്‍ക്കു തിരിച്ചുകൊടുക്കാനായി അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചിരുന്നു.

2010 മാര്‍ച്ചിനും 2014 ജനുവരിക്കുമിടയിലാണു സഹാറ ഗ്രൂപ്പിന്റെ നാലു സംഘങ്ങളും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമപ്രകാരം രൂപവത്കരിക്കപ്പെട്ടത്. സഹാറ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, സഹാറയന്‍ യൂണിവേഴ്‌സല്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി ലിമിറ്റഡ്, ഹമാരാ ഇന്ത്യ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, സ്റ്റാര്‍സ് മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്നിവയാണീ സംഘങ്ങള്‍. ഇവയെല്ലാം കൂടി 86,673 കോടി രൂപയാണു നിക്ഷേപംവഴി സമാഹരിച്ചത്. ഇതില്‍ 62,643 കോടി രൂപ സഹാറ ഗ്രൂപ്പിന്റെതന്നെ ആംബിവാലി ലിമിറ്റഡ് എന്ന കമ്പനിയില്‍ നിക്ഷേപിച്ചു. സഹകരണസംഘങ്ങളില്‍ തങ്ങള്‍ നിക്ഷേപിച്ച പണം തിരിച്ചുകിട്ടുന്നില്ലെന്നു രാജ്യത്തെങ്ങുനിന്നും നിക്ഷേപകരുടെ പരാതികള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഈ സംഘങ്ങള്‍ക്കു നോട്ടീസ് നല്‍കുകയും കേന്ദ്ര രജിസ്ട്രാര്‍ മുമ്പാകെ വിചാരണ നടക്കുകയും ചെയ്തിരുന്നു. നിക്ഷേപകരുടെ പണം മടക്കിക്കൊടുക്കാനും പുതിയ നിക്ഷേപം സ്വീകരിക്കുന്നതു നിര്‍ത്തിവെക്കാനും കേന്ദ്ര രജിസ്ട്രാര്‍ സംഘങ്ങള്‍ക്കു നിര്‍ദേശം നല്‍കി.

കേന്ദ്ര സഹകരണമന്ത്രാലയത്തിനു നിക്ഷേപകരുടെ 1.22 ലക്ഷം പരാതികള്‍ കിട്ടിയിരുന്നു. പണത്തിനുവേണ്ടിയുള്ള ധാരാളം അപേക്ഷകളാണു നിത്യേന മന്ത്രാലയത്തിനു കിട്ടിക്കൊണ്ടിരുന്നത്. പ്രശ്‌നത്തിലിടപെട്ട കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ സാമ്പത്തികകാര്യ മന്ത്രാലയം, റവന്യൂ വകുപ്പ്, സെബി, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് എന്നിവയുമായി ഒട്ടേറെ യോഗങ്ങള്‍ നടത്തി. സഹാറ-സെബി റീഫണ്ടില്‍ നിന്നു 5000 കോടി രൂപ കിട്ടിയാല്‍ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാമെന്നു അറിയിച്ചുകൊണ്ട് സഹകരണമന്ത്രാലയം സുപ്രീംകോടതിയില്‍ ഹര്‍ജിയും നല്‍കുകയുണ്ടായി. കേന്ദ്ര രജിസ്ട്രാറുടെ അഭിഭാഷകനായിരിക്കും ഒമ്പതു മാസത്തിനുള്ളില്‍ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. നിക്ഷേപകരുടെ പണം ബാങ്ക് അക്കൗണ്ട് വഴിയാകും തിരിച്ചുനല്‍കുക. ഇതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര സഹകരണമന്ത്രാലയം ഉടനെ തുടങ്ങും.

തങ്ങളുടെ നിക്ഷേപകര്‍ക്കു സഹാറ ഗ്രൂപ്പ് പണം തിരിച്ചുനല്‍കിയില്ല എന്നാണു സെബിയുടെ ആരോപണം. എന്നാല്‍, സുപ്രീംകോടതിയില്‍ 2012 ആഗസ്റ്റില്‍ വിചാരണ തുടങ്ങുംമുമ്പുതന്നെ നിക്ഷേപകര്‍ക്കു 20,000 കോടി രൂപ കൊടുത്തിട്ടുണ്ടെന്നായിരുന്നു സഹാറയുടെ വാദം. കൂടാതെ, 5120 കോടി രൂപ സെബിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും കമ്പനി വാദിച്ചു.

കഠിനാധ്വാനിയായിരുന്ന സുബ്രതാ റോയിയാണു 1978 ല്‍ സഹാറ ഇന്ത്യ ഗ്രൂപ്പിനു തുടക്കമിട്ടത്. ചിറ്റ്ഫണ്ടുകള്‍ /  പാരാ ബാങ്കിങ് ആയിരുന്നു സഹാറയുടെ അടിസ്ഥാന ബിസിനസ്. ചെറുകിടക്കാരില്‍നിന്നുപോലും സഹാറ നിക്ഷേപം സ്വീകരിച്ചു. അങ്ങനെ സഹാറയുടെ സാമ്രാജ്യം റിയല്‍ എസ്റ്റേറ്റിലേക്കും ഫിനാന്‍സ്, ഏവിയേഷന്‍, മാധ്യമം, എന്റര്‍ടെയിന്‍മെന്റ്, റീട്ടെയില്‍ ബിസിനസ് മേഖലകളിലേക്കും വളര്‍ന്നു. 2.25 കോടി നിക്ഷേപകരില്‍നിന്നു 24,000 കോടി രൂപ സമാഹരിച്ചപ്പോഴാണു സെബി സഹാറക്കെതിരെ സംശയങ്ങളുമായി രംഗത്തുവന്നത്. പൂര്‍ണമായും മാറ്റിയെടുക്കാവുന്ന കടപ്പത്രങ്ങള്‍വഴി SIRCEL ( സഹാറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷന്‍ ), SHILCL ( സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ) എന്നീ സഹാറ കമ്പനികളാണു 24,000 കോടിയുടെ ഫണ്ട് ശേഖരിച്ചത്. ഈ തുക 15 ശതമാനം പലിശയോടെ നിക്ഷേപകര്‍ക്കു തിരിച്ചുകൊടുക്കണമെന്ന സെബിയുടെ നിര്‍ദേശം സഹാറ ഗ്രൂപ്പ് പാലിക്കാതിരുന്നതാണു നിയമനടപടികളിലേക്കു നീങ്ങാന്‍ കാരണമായത്. കള്ളപ്പണം വെളുപ്പിക്കുന്നു എന്ന സംശയത്തില്‍ സുപ്രീംകോടതിയും സെബിയും സഹാറ ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ആസ്തി കണ്ടുകെട്ടുകയും ചെയ്തു. സുപ്രീംകോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു 2014 ഫെബ്രുവരി 24 നു സുബ്രതാറോയ് അറസ്റ്റിലായി. 2017 നവംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സഹാറക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി.

[mbzshare]

Leave a Reply

Your email address will not be published.