സഹകാര്‍ ഭാരതിയുടെ ത്രിദിന ദേശീയ സമ്മേളനം ലഖ്‌നോവില്‍ 17 നാരംഭിക്കും
ആര്‍.എസ്.എസ്. പിന്തുണയുള്ള സഹകരണ സംഘടനയായ സഹകാര്‍ ഭാരതിയുടെ ഏഴാമതു ദേശീയ സമ്മേളനം ഡിസംബര്‍ 17 മുതല്‍ 19 വരെ ഉത്തര്‍പ്രദേശിലെ ലഖ്‌നോവിലുള്ള ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കും. കേന്ദ്ര സഹകരണ മന്ത്രി അമിത്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര സഹകരണ സഹമന്ത്രി ബി.എല്‍. വര്‍മ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എന്‍.സി.യു.ഐ. പ്രസിഡന്റ് ദിലീപ് സംഘാനി തുടങ്ങിയവര്‍ പങ്കെടുക്കും. രാജ്യത്തെങ്ങുമുള്ള മൂവായിരത്തിലധികം സഹകാരികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു സഹകാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ഉദയ് ജോഷി അറിയിച്ചു. സ്വയം സഹായ സംഘങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക സ്റ്റാളൊരുക്കും.
സഹകരണ രംഗത്തിനു നല്‍കിയ മികച്ച സംഭാവനകള്‍ക്കു രാജസ്ഥാനില്‍ നിന്നുള്ള സഹകാരി ഡോ. രമേശ് റാലിയക്കു ലക്ഷ്മണ്‍റാവു ഇനാംദാര്‍ സ്മാരക അവാര്‍ഡ് സമ്മാനിക്കും. ഇഫ്‌കോ പ്രചാരത്തില്‍ കൊണ്ടുവന്ന നാനോ യൂറിയയുടെ കണ്ടുപിടിത്തത്തിനാണു ഡോ. റാലിയയ്ക്കു ഈ ബഹുമതി നല്‍കുന്നത്.
മൂന്നു വര്‍ഷത്തിലൊരിക്കലാണു സഹകാര്‍ ഭാരതിയുടെ ദേശീയ സമ്മേളനം ചേരുന്നത്. ലഖ്‌നോ സമ്മേളനത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.