സഹകരണ സ്പിന്നിങ് മില്ലുകള്‍ക്ക് ഇനി കോട്ടണ്‍ കിട്ടും; 35 കോടിയുടെ എന്‍.സി.ഡി.സി. സഹായം
കോട്ടണ്‍ വിലവര്‍ദ്ധനവും ഗുണനിലവാരമുള്ള കോട്ടണ്‍ ലഭിക്കാത്തതും സഹകരണ സ്പിന്നിങ് മില്ലുകളെ പ്രതിസന്ധിയിലാക്കുന്നത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്തെ സ്പിന്നിംഗ് മില്ലുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പരുത്തി ലഭ്യമാക്കാന്‍ വ്യവസായ വകുപ്പ് രൂപം നല്‍കിയ സ്റ്റേറ്റ് കോട്ടണ്‍ ബോര്‍ഡ് വൈകാതെ പ്രവര്‍ത്തന സജ്ജമാകും. ബോര്‍ഡിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.സി.ഡി.സി (നാഷണല്‍ കോ ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍) യില്‍ നിന്ന് 35 കോടിയുടെ സാമ്പത്തിക സഹായം തേടിയിട്ടുണ്ട്.
പരുത്തി സീസണ്‍ അനുസരിച്ച് കോട്ടണ്‍ സംഭരിക്കാന്‍ കഴിഞ്ഞാല്‍ സ്പിന്നിങ് മില്ലുകളുടെ പ്രവര്‍ത്തനം ലാഭത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ സീസണ്‍ മാറുന്നതിന് അനുസരിച്ച് ഉയര്‍ന്ന വില നല്‍കേണ്ടിയാണ് കോട്ടണ്‍ വാങ്ങേണ്ടിവരുന്നത്. മാത്രവുമല്ല, ഗുണനിലവാരമുള്ള കോട്ടണ്‍ ലഭിക്കുന്നതിനും ഇത് തടസ്സമാകുന്നുണ്ട്. ഇതെല്ലാം സ്പിന്നിങ് മില്ലുകളുടെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കുന്ന ഘടകങ്ങളാണ്. സംസ്ഥാനത്തെ എട്ട് സഹകരണ സ്പിന്നിങ് മില്ലുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
കോട്ടണ്‍ ബോര്‍ഡിന്റെ പ്രവര്‍ത്തന ലക്ഷ്യത്തോട് അനുകൂല നിലപാടാണ് എന്‍.സി.ഡി.സി. സ്വീകരിച്ചിട്ടുള്ളത്. രണ്ട് വര്‍ഷം വായ്പാ കാലാവധി കണക്കാക്കി 35 കോടിരൂപ നല്‍കാമെന്നാണ് എന്‍.സി.ഡി.സി. അറിയിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരും 35 കോടി നല്‍കിയേക്കും. സംഭരണം എങ്ങനെ വേണമെന്നതിന്റെ രൂപരേഖ തയ്യാറായി വരുന്നു. ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ എട്ടും സഹകരണ മേഖലയിലെ ഏഴും അല്ലാതുള്ള രണ്ടും അടക്കം വ്യവസായ വകുപ്പിന് കീഴിലുള്ള 17 സ്പിന്നിംഗ് മില്ലുകള്‍ക്കാണ് പരുത്തി എത്തിക്കേണ്ടത്. ഓരോ മില്ലും ആവശ്യമായ പരുത്തി സ്വയം സംഭരിക്കുന്നതായിരുന്നു രീതി.
മാര്‍ക്കറ്റില്‍ പരുത്തിക്കുണ്ടാവുന്ന വിലവ്യത്യാസത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ഇതുമൂലം കഴിഞ്ഞിരുന്നില്ല. ഒരു ബെയ്ല്‍ (350 കിലോ)പരുത്തിക്ക് ഒക്ടോബര്‍ , നവംബര്‍ മാസങ്ങളില്‍ ഒരു ലക്ഷം രൂപയായിരുന്നു വില. ഇപ്പോള്‍ ഇത് 55,000 ആയി കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളാണ് പരുത്തിയുടെ മാര്‍ക്കറ്റ് വില നിയന്ത്രിക്കുന്നത്. വില കുത്തനെ കുറയുമ്പോള്‍ കൂടുതല്‍ സംഭരിച്ച് ശേഖരിക്കുകയും മില്ലുകാര്‍ക്ക് ആവശ്യാനുസരണം നല്‍കുകയുമാണ് ബോര്‍ഡിന്റെ ദൗത്യം.
700 കോടിയുടെ പരുത്തിയാണ് ഒരു വര്‍ഷം ശരാശരി വേണ്ടത്. ഓരോ മില്ലുകള്‍ക്കും വേണ്ടിവരുന്ന പരുത്തിയുടെ കണക്ക് തയ്യാറാക്കി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ലഭ്യമായിക്കഴിഞ്ഞാല്‍ എന്‍.സി.ഡി.സി പ്രതിനിധികളുമായി വിശദമായ ചര്‍ച്ച നടത്തും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍, ടെക്‌സ്ഫെഡ് മാനേജിംഗ് ഡയറക്ടര്‍മാര്‍, കൈത്തറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളും റിയാബ് സെക്രട്ടറി മെംബര്‍ കണ്‍വീനറുമായാണ് ബോര്‍ഡിന്റെ ഘടന.