സഹകരണ സ്ഥാപനങ്ങള്‍ക്ക് കാലോചിതമായ മാറ്റം അനിവാര്യം: മന്ത്രി കെ എന്‍ ബാലഗോപാല്‍

moonamvazhi

പുതുതലമുറ ബാങ്കുകള്‍ സാങ്കേതികമായി മുന്നേറുന്ന കാലത്ത് സഹകരണ ബാങ്ക് മേഖലയില്‍ കാലാനുസൃത മാറ്റം അനിവാര്യമാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊല്ലം കരീപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി 12.59 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കിയ എ ടി എം കാര്‍ഡ് വിതരണത്തിന്റെയും യു പി ഐ പണമിടപാട് സേവനങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഏറ്റവും വിശ്വസനീയമായി പണം നിക്ഷേപിക്കാന്‍ കഴിയുന്ന ധനകാര്യ സ്ഥാപനങ്ങളാണ് സഹകരണ ബാങ്കുകള്‍. കിട്ടാകടം തിരിച്ചുപിടിക്കുകയും പുതിയ വായ്പകള്‍ നല്‍കുകയും ചെയ്യുന്നതിലൂടെ സഹകരണ ബാങ്കുകളുടെ സാമ്പത്തികശേഷി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കരീപ്ര സഹകരണ ബാങ്കിന്റെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തെ ഏത് എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കും. യു പി ഐ ഇടപാട് വഴി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ബാങ്കിലെ ലോണ്‍, ചിട്ടി, നിക്ഷേപ ഇടപാടുകള്‍ നടത്താനും കഴിയും. യുവജനങ്ങളെ സഹകരണ ബാങ്കിലേക്ക് അടുപ്പിക്കാനാണ് പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജി ത്യാഗരാജന്‍ അധ്യക്ഷനായി. സെക്രട്ടറി ഇന്‍ ചാര്‍ജ് ബി പ്രിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍ പിള്ള, ജനപ്രതിനിധികള്‍, ബാങ്ക് ഭരണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News