സഹകരണ സാഹിത്യ മ്യൂസിയത്തിന് സര്‍ക്കാര്‍ ഒന്നരക്കോടി അനുവദിച്ചു
സാംസ്‌കാരിക -സാഹിത്യ – പൈതൃക മ്യൂസിയം പണിയുന്നതിന് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന് സര്‍ക്കാര്‍ ഒന്നരക്കോടി രൂപ അനുവദിച്ചു. സബ്സിഡി ഇനത്തിലാണ് തുക അനുവദിച്ചത്. ജുണ്‍ 24ന് ചേര്‍ന്ന സഹകരണ വകുപ്പ് വര്‍ക്കിങ് ഗ്രൂപ്പ് യോഗമാണ് മ്യൂസിയം നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്.
കോട്ടയം ജില്ലയിലെ നാട്ടകം മറിയപ്പള്ളിയില്‍ എം.സി. റോഡരികിലെ നാലേക്കര്‍ സ്ഥലത്താണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം മ്യൂസിയം തുടങ്ങുന്നത്. ഒരു പുസ്തകം തുറന്നുവെച്ച രീതിയിലാണ് ഇതിന്റെ രൂപകല്‍പന. ആദ്യഘട്ടത്തിന്റെ നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍വഹിച്ചതാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് ഇപ്പോള്‍ സഹായം അനുവദിച്ചത്.
മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനാവശ്യമായ ചരിത്രരേഖകള്‍ ശേഖരിക്കുന്നതിന് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലുള്ള ചരിത്ര രേഖകള്‍ ശേഖരിക്കുന്നതിനാണ് അനുമതി. ഇതിനാവശ്യമായ അനുമതിപത്രം നല്‍കാന്‍ എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.