സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം നല്ല മാതൃക: സി.എന്‍. വിജയകൃഷ്ണന്‍

Deepthi Vipin lal

തൃശ്ശൂരിലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരെ സംരക്ഷിക്കാന്‍ വേണ്ടി തൃശ്ശൂര്‍ സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ് സംഘങ്ങളുടെ കണ്‍സോര്‍ഷ്യം ഉണ്ടാക്കുന്നത് മാതൃകാപരമായ നടപടിയാണെന്ന് കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ഒരു സംഘത്തിന് ഏതെങ്കിലും വീഴ്ച വന്നാല്‍ ആ സംഘത്തെ പിടിച്ചു കയറ്റാന്‍ സഹകരണ സ്ഥാപനങ്ങളും സഹകാരികളും ഉണ്ടാകും എന്നുളള സന്ദേശമാണ് തൃശ്ശൂരില്‍ നിന്ന് ലഭിക്കുന്നത്. ഇതുകൊണ്ട് കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ മുഴുവന്‍ നിക്ഷേപകര്‍ക്കും പണം തിരികെ ലഭിക്കുമെന്നുളളത് സഹകരണ മേഖലയുടെ വിശ്വാസ്യത അങ്ങേയറ്റം ഉയര്‍ത്തുന്നു. ഇതിനു പുറമേ കേരളത്തിലെ സഹകരണ നിക്ഷേപ ഗ്യാരണ്ടി സ്‌കീം അനുസരിച്ച് നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടാല്‍ 5 ലക്ഷം രൂപ വരെയുളള പണത്തിന്റെ ഗ്യാരണ്ടിയും ഏറ്റെടുത്തിരിക്കുന്നു. അത് നിക്ഷേപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ മേഖലയില്‍ ഏറ്റവും വലിയ വിശ്വാസം നല്‍കുന്നു. ഇതിനു പുറമേ നിക്ഷേപ ഗ്യാരണ്ടി സ്‌കീമില്‍ നിന്നും ഗവണ്‍മെന്റ് 100 കോടി രൂപയെങ്കിലും അടിയന്തരമായി അനുവദിച്ചു കൊടുക്കണം. അങ്ങിനെ ഗവണ്‍മെന്റ് സഹകരണ മേഖലയ്ക്ക് മാതൃകയാകണം. ഇപ്പോള്‍ വേണ്ടത് സഹകരണ സംഘങ്ങളും വകുപ്പും തമ്മിലുള്ള ഐക്യമാണ്. എന്നാല്‍ അത് വേണ്ടത്ര ഉണ്ടോ എന്ന് സഹകരണ വകുപ്പ് മന്ത്രി പരിശോധിക്കണം. രാഷ്ട്രീയത്തിനതീതമായി ഒത്തൊരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. അത് മനസ്സിലാക്കാന്‍ സഹകാരികളും സഹകരണ വകുപ്പും തയ്യാറാകണം. സഹകാരികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ഏതു പ്രതിസന്ധികളെയും നമുക്ക് നേരിടാം. അതിന് ശ്രമം കൂട്ടമായി നടത്തേണ്ടതുണ്ട്. അതിനുളള നടപടികള്‍ മന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണം. തൃശ്ശൂരിലെ സഹകാരികളേയും സഹകരണ വകുപ്പിനേയും ഈ അവസരത്തില്‍ അഭിനന്ദിക്കുകയാണ് – സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News