സഹകരണ സംഘങ്ങളില്ല; നെല്ല് സംഭരണത്തില്‍ മില്ലുകളുടെ ചൂഷണം

Deepthi Vipin lal

നെല്ല് സംഭരണത്തിന് സഹകരണ സംഘങ്ങളെ രംഗത്തിറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പാളിയതോടെ അതിന്റെ കെടുതി ഏറ്റുവാങ്ങി കര്‍ഷകര്‍. തൂക്കത്തില്‍ കുറവുവരുത്തിയും ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയും കര്‍ഷകര്‍ക്ക് നല്‍കുന്ന വില കുറയ്ക്കുകയാണ് മില്ലുകള്‍. സംഭരണ കേന്ദ്രങ്ങളില്ലാത്തതും സംഭരിച്ച നെല്ല് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാകാത്തതുമാണ് സഹകരണ സംഘങ്ങളെ നെല്ല് സംഭരണത്തില്‍നിന്ന് ഒഴിവാക്കാന്‍ കാരണമായത്.

സപ്ലൈകോ ആണ് നെല്ല് സംഭരണത്തിന് ചുമതലപ്പെട്ട സര്‍ക്കാര്‍ സ്ഥാപനം. സപ്ലൈകോയ്ക്കുവേണ്ടി സ്വകാര്യ മില്ലുകളാണ് കര്‍ഷകരില്‍നിന്ന് നെല്ല് ഏറ്റെടുക്കുന്നത്. നെല്ലു സംഭരണം ആരംഭിച്ച പാടശേഖരങ്ങളില്‍ കര്‍ഷകര്‍ സപ്ലൈകോയ്ക്ക് വില്‍ക്കുന്ന നെല്ല് ഏറ്റെടുക്കുന്ന സ്വകാര്യമില്ലുകള്‍ ചാക്കിന് അഞ്ചു കിലോഗ്രാം വരെ കുറയ്ക്കുന്നെന്ന് കര്‍ഷകര്‍ പറയുന്നു. പാലക്കാട് ജില്ലയിലെ പുതുശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പുളിങ്കാട്, കടകമ്പളം തുടങ്ങിയ പാടശേഖരങ്ങളിലെ കര്‍ഷകരാണ് പ്രധാനമായും പരാതിയുമായി രംഗത്തെത്തിയത്.

കര്‍ഷകരുടെ നെല്ലു സംഭരിച്ച് മില്ലുകളിലെത്തിച്ചശേഷമാണ് ഗുണനിലവാരം കുറവാണെന്ന് ചൂണ്ടിക്കാട്ടി തൂക്കം കുറയ്ക്കുന്നത്. ഉണക്കം കുറവ്, നെല്ലില്‍ കറുപ്പ് കൂടുതല്‍ തുടങ്ങിയ കാരണങ്ങളാണ് അളവ് കുറയ്ക്കുന്നതിന് ഇടനിലക്കാര്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. കളങ്ങളില്‍നിന്നും വീടുകളില്‍നിന്നും നെല്ല് ലോറിയില്‍ക്കയറ്റി മില്ലുകളിലേക്കെത്തിച്ചശേഷം തൂക്കം കുറച്ചേ പാഡി സംഭരണ രസീത് (പി.ആര്‍.എസ്.) എഴുതിനല്‍കൂ എന്ന് മില്ലുകളുടെ ഇടനിലക്കാര്‍ വാശിപിടിക്കുന്നതോടെ കര്‍ഷകര്‍ക്ക് വഴണ്ടേണ്ടിവരുന്നു.

നെല്ലിന്റെ വില എത്രയുംവേഗം ലഭിക്കാനായി ഇടനിലക്കാരുടെ നിലപാടിനു മുന്നില്‍ കീഴടങ്ങേണ്ട സ്ഥിതിയാെതെന്ന് കര്‍ഷകര്‍ പറയുന്നു. ജില്ലയില്‍ വിളവെടുപ്പിന് പാകമായ പാടശേഖരങ്ങളിലെ കര്‍ഷകരുടെ മനസ്സില്‍ ആശങ്കകൂട്ടി മഴയെത്തി. കാവശ്ശേരി മേഖലയിലെ പാടശേഖരങ്ങളില്‍ കളങ്ങളിലും വീടുകളിലും കൂട്ടിയിട്ടിരിക്കുന്ന നെല്ല് സംഭരണത്തിനൊരുക്കാന്‍ ചാക്കെത്തിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇവിടെ ഉണക്കി സൂക്ഷിച്ചിരിക്കുന്ന നെല്ല് പരിശോധിച്ച് സംഭരിക്കാന്‍ നെല്ലു സംഭരണ അസിസ്റ്റന്റ് അനുമതി നല്‍കി. എന്നാല്‍, മില്ലുകാരുടെ ഇടനിലക്കാര്‍ നെല്ല് നിറയ്ക്കാനുള്ള ചാക്ക് കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല.

സപ്ലൈകോ അധികൃതര്‍ക്ക് പരാതി നല്‍കിയാലും നടപടിയുണ്ടാവുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം. സ്വകാര്യ മില്ലുകള്‍ കര്‍ഷകരുടെ നെല്ലിന് ന്യായവില നല്‍കാത്തതിനെതിരേ പ്രതിഷേധമുയര്‍ത്താന്‍ കര്‍ഷകക്കൂട്ടായ്മാ യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News