സഹകരണ സംഘങ്ങളിലെ അപ്രൈസര്‍മാര്‍ക്ക് യോഗ്യത നിശ്ചയിച്ച് ചട്ടത്തിൽ ഭേദഗതി

moonamvazhi

സഹകരണ സംഘങ്ങളിലെ അപ്രൈസര്‍മാര്‍ക്ക് യോഗ്യത നിശ്ചയിച്ചുകൊണ്ട് സഹകരണ ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം ഇറങ്ങി. ചട്ടം 186 (1) ല്‍ പ്രത്യേക ഉപവിഭാഗമായാണ് ഇത് ഉള്‍പ്പെടുത്തിയത്. അര്‍ബന്‍ സഹകരണ ബാങ്കുകളിലെ അപ്രൈസര്‍ നിയമനം സഹകരണ പരീക്ഷ ബോര്‍ഡ് വഴിയാകണമെന്ന വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എസ്.എസ്.എല്‍.സി.യോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണമെന്നാണ് വിദ്യാഭ്യാസ യോഗ്യതയിലുള്ള വ്യവസ്ഥ. ഇതിനൊപ്പം, സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നതിനുള്ള പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. എന്നാല്‍, എത്രകാലത്തെ പ്രവൃത്തി പരിചയം വേണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. 2021 ജുലായ് ഒമ്പതിന് കരട് ചട്ടം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച ആക്ഷേപങ്ങള്‍ കൂടി പരിഗണിച്ചാണ് അന്തിമ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്.

സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തില്‍ അര്‍ബന്‍ ബാങ്കുകളിലെ അപ്രൈസര്‍മാരെ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയ്ക്ക് തുല്യമായാണ് പരിഗണിച്ചത്. എന്നാല്‍, അപ്രൈസര്‍ തസ്തികയുടെ യോഗ്യത നിശ്ചയിച്ചിരുന്നില്ല. ശമ്പളപരിഷ്‌കരണ നിര്‍ദ്ദേശത്തിനൊപ്പം അപ്രൈസര്‍മാരുടെ യോഗ്യത നിശ്ചയിക്കണമെന്ന് നിര്‍ദ്ദേശവും സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരട് ബില്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News