സഹകരണ യൂണിയന്റെ നിയമനം ചട്ടത്തില്‍ ഭേദഗതി; പുതിയ തസ്തിക വന്നു
സംസ്ഥാന സഹകരണ യൂണിയന്റെ നിയമനചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്ന തസ്തിക ഉള്‍പ്പെടുത്തി ചട്ടത്തില്‍ ഭേദഗതി വരുത്തണെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി.
22 സഹകരണ പരിശീലന കേന്ദ്രങ്ങളാണ് സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ളത്. ഈ പരിശീലന കേന്ദ്രങ്ങളിലെ സോഫ്റ്റ് വെയര്‍ നിര്‍മ്മാണം, മെയിന്റനന്‍സ്, ആവശ്യമായ മാറ്റങ്ങള്‍ വരുത്തല്‍ എന്നിവ നിര്‍വഹിക്കുന്നത് യൂണിയന്‍ ഓഫീസിലെ ഐ.ടി.വിഭാഗമാണ്. ഈ സെഷനില്‍ ഒരു കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തിക മാത്രമാണ് ചട്ടപ്രകാരമുള്ളത്. ഇത് കാലത്തിന് അനുസരിച്ച് മാറേണ്ടതുണ്ടെന്ന് യൂണിയന്‍ സെക്രട്ടറി സഹകരണ സംഘം രജിസ്ട്രാറോട് ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ സഹകരണ പരിശീലന കേന്ദ്രങ്ങളിലെ ഐ.ടി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിലവിലെ സ്റ്റാഫ് സംവിധാനത്തിലൂടെ കഴിയില്ലെന്നാണ് സെക്രട്ടറി അറിയിച്ചത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ജോലികളുടെ മേല്‍നോട്ടത്തിനായി സംസ്ഥാന സഹകരണ യൂണിയനില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തിക അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചു. പുതിയ തസ്തിക അനുവദിക്കുന്നതിനും നിയമചട്ടത്തില്‍ ഭേദഗതി വരുത്തുന്നതിനുമാണ് സര്‍ക്കാരിന്റെ അനുമതി തേടിയത്.
യൂണിയനിലെ സൂപ്രണ്ട് തസ്തികയ്ക്ക് സമാനമായിട്ടാണ് ഐ.ടി.വിഭാഗത്തില്‍ പുതിയ തസ്തിക സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 30,700-65,400 രൂപ ശമ്പള സ്‌കെയിലാണ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ളത്. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയുടെ പ്രമോഷന്‍ തസ്തികയായിരിക്കുമിതെന്ന് സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി പി.കെ.ഗോപകുമാറിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതിനനുസരിച്ച് സഹകരണ യൂണിയന്റെ സ്റ്റാഫ് പാറ്റേണും ഫീഡര്‍ കാറ്റഗറി ചട്ടവും മാറ്റം വരുത്തി.