സഹകരണ മേഖല സംരക്ഷിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം

moonamvazhi

സഹകരണ മേഖലയെ സംരക്ഷിക്കാന്‍ വിപുലമായ പ്രചാരണ പ്രവര്‍ത്തനം നടത്താന്‍ പത്തനംതിട്ട ജില്ലയിലെ വായ്പാ സഹകരണ സംഘങ്ങള്‍ , സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാര്‍, പ്രമുഖ സഹകാരികള്‍,വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബര്‍വരെ സഹകരണ സംരക്ഷണ മാസങ്ങളായി ആചരിക്കും.

നിക്ഷേപകരെ നേരില്‍ കണ്ട് സഹകരണ മേഖല സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്തുക, ഈ കാലയളവില്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും, ജനപ്രതിനിധികളുടെയും കൂട്ടായ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി പുതിയ അംഗങ്ങളെ ചേര്‍ക്കാനും കൂടുതല്‍ ഓഹരി സമാഹരിക്കാനും, ചെറുനിക്ഷേപങ്ങള്‍ സ്വീകരിക്കാനും, നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി ഉണ്ടെന്ന് ബോധ്യപ്പെടുത്താനും നടപടി സ്വീകരിക്കുക എന്നീ തീരുമാനങ്ങള്‍ യോഗം കൈകൊണ്ടു.

പത്തനംതിട്ടയില്‍ കേരള ബാങ്കിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ യോഗത്തില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം പി ഹിരണ്‍ അധ്യക്ഷനായി. ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, ഇ എം എസ് സഹകരണ ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ പി ഉദയഭാനു, മല്ലപ്പളളി, കോഴഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരായ പ്രൊഫ. ജേക്കബ് ജോര്‍ജ്, പി ജെ അജയകുമാര്‍, സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗോപകുമാര്‍, കേരളാ ബാങ്ക് ഡയറക്ടര്‍ എസ് നിര്‍മ്മലദേവി, ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറിമാര്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) വി ജി അജയകുമാര്‍ സ്വാഗതവും കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ എസ് സജിത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.