സഹകരണ മേഖലയിലെ ആദ്യ വൈദ്യുതവാഹന റീചാര്‍ജിങ് സ്റ്റേഷന്‍ ബക്കളത്ത്
സഹകരണ മേഖലയിലെ ആദ്യ വൈദ്യുതവാഹന റീ ചാര്‍ജിങ് സ്റ്റേഷന്‍ കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങി. പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ബക്കളം ശാഖയുടെ കെട്ടിടത്തില്‍ ദേശീയപാതയോരത്താണ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈദ്യുതി ബോര്‍ഡ്, അനെര്‍ട്ട്, മിനിസ്ട്രി ഓഫ് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. കൊളംബിയര്‍ ലാബ് എന്ന സ്ഥാപനം വഴി സൗരോര്‍ജപാനല്‍ സ്ഥാപിച്ചാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. 30 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പാനല്‍ വഴി പ്രതിദിനം 120 യൂണിറ്റ് വൈദുതി ബാങ്ക് നിര്‍മിക്കും. ഇതിനായി 22 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
ഇതിന്റെ ഭാഗമായി തന്നെ ബാങ്കിന്റെ 14 ബ്രാഞ്ചുകളില്‍ നാലെണ്ണത്തിന്റെ വൈദുതനിരക്കും പുതിയ സംവിധാനത്തിലൂടെ അടയ്ക്കാനാകുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ബാങ്ക് സെക്രട്ടറി കെ. അംബുജാക്ഷി, ബാങ്ക് പ്രസിഡന്റ് ഇ.മോഹനന്‍, ടി. ചന്ദ്രന്‍, കെ.സന്തോഷ്, എം.വി. കുഞ്ഞിരാമന്‍, ജ്യോതീന്ദ്രനാഥ്, സി.അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.