സഹകരണ ബാങ്കുകൾ പണം പിൻവലിച്ചാൽ 2% നികുതി നൽകണമെന്ന് ഇൻകം ടാക്സ്: നിയമപരമായി നേരിടുമെന്ന് സഹകരണ വകുപ്പ് മന്ത്രി.

adminmoonam

സഹകരണ ബാങ്കുകൾ പണം പിൻവലിച്ചാൽ 2% നികുതി നൽകണമെന്ന ഇൻകം ടാക്സ് നിർദ്ദേശത്തെ നിയമപരമായി തന്നെ നേരിടുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൂന്നാംവഴി യോട് പറഞ്ഞു. കഴിഞ്ഞ മാസം 20 നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനവകുപ്പ് പുറത്തിറക്കിയത്. ഒരു കോടിയിലധികം രൂപ പണമായി പിൻവലിച്ചാൽ 2 ശതമാനം നികുതി നൽകണം എന്ന വ്യവസ്ഥ പ്രാഥമിക സഹകരണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ സഹകരണ സംഘങ്ങൾക്കും ബാധകമാണെന്ന് ആദായ നികുതി വകുപ്പിന്റെ വിജ്ഞാപനത്തിൽ പറയുന്നു. പിൻവലിക്കുന്ന പണത്തിന് നികുതി നൽകിയില്ലെങ്കിൽ പിഴക്ക് പുറമേ നികുതി വെട്ടിപ്പിന് കൂട്ടുനിന്നതായി കണക്കാക്കി ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഇൻകം ടാക്സ് പറയുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഈ അടിയന്തര സാഹചര്യത്തിൽ കേരള സർക്കാർ ഇതിനെ പ്രതിരോധിക്കാനായി നിയമ നടപടിയിലേക്ക് നീങ്ങുന്നത്.

194 N ഇപ്പോഴും പ്രധാന സംഭവമായി തോന്നുന്നില്ലെന്നും ഗൗരവത്തിൽ കാണുന്നില്ലെന്നും പറഞ്ഞ സഹകരണ മന്ത്രി, കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കുന്ന ഏതു ശ്രമത്തെയും നേരിട്ടല്ലേ പറ്റൂ എന്നും ചോദിച്ചു. കഴിഞ്ഞ ദിവസം ഈ വിഷയം വളരെ ഗൗരവപൂർവ്വം ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചതായും മന്ത്രി പറഞ്ഞു. സെൻട്രൽ ബാങ്ക് കോൺഫറൻസ് കൂടി ഈ വിഷയം ചർച്ച ചെയ്തതായും പറഞ്ഞു. വിഷയത്തെ നിയമപരമായി നേരിടാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, നിയമവിദഗ്ധരുമായും നിയമപണ്ഡിതരുമായും ചർച്ച ചെയ്ത് ഭാവി നിയമനടപടികൾ തീരുമാനിക്കുമെന്നും പറഞ്ഞു.

അതുപോലെതന്നെ ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഇതിനായി വ്യാഴാഴ്ച ഡൽഹിയിൽ പോകുമെന്നും മന്ത്രി മൂന്നാംവഴി ഓൺലൈനോട് പറഞ്ഞു. അന്നേദിവസം കേന്ദ്രമന്ത്രിമാരെ ഈ വിഷയം ധരിപ്പിക്കുമെന്നും കേരളത്തിലെ സാഹചര്യം ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News