സഹകരണ ബാങ്കുകള്‍ക്കുള്ള സര്‍ക്കാര്‍ സബ്‌സിഡി 10 വര്‍ഷമായി കുടിശ്ശിക
വര്‍ഷങ്ങളായി നടപ്പാക്കുന്ന പലിശ രഹിത കാര്‍ഷിക വായ്പ എന്ന പദ്ധതിയില്‍ സബ്‌സിഡി തുക സര്‍ക്കാര്‍ നല്‍കാതായിട്ട് പത്തുവര്‍ഷമായി. കേരളബാങ്കുവഴി നബാര്‍ഡിന്റെ പലിശ സബ്‌സിഡി ആനൂകൂല്യവും ഇപ്പോള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് മുടങ്ങിയിരിക്കുകയാണ്. പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്പ കുടിശ്ശികയില്ലാതെ തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശരഹിതമാകുന്ന പദ്ധതിയായിരുന്നു ഇത്. ഈ ആനുകൂല്യം നിലച്ചതും കാര്‍ഷികവായ്പ കുടിശ്ശികയായി കുന്നുകൂടുന്നതിന് വഴിയൊരുക്കി.
നബാര്‍ഡില്‍നിന്ന് മൂന്നുശതമാനവും സര്‍ക്കാര്‍ നാലുശതമാനവും പലിശ സബ്‌സിഡി നല്‍കുന്നതായിരുന്നു പലിശ രഹിത കാര്‍ഷക വായ്പ പദ്ധതി. പ്രാഥമിക സഹകരണ ബാങ്കുകള്‍ ഇതിന് രണ്ടുരീതിയില്‍ കണക്ക് തയ്യാറാക്കി സമര്‍പ്പിക്കണം. നബാര്‍ഡിന്റെ സബ്‌സിഡി ലഭ്യമാകാന്‍ കണക്ക് കേരളബാങ്ക് വഴിയാണ് നബാര്‍ഡിന് നല്‍കേണ്ടത്. സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍വഴി സര്‍ക്കാരിന് നല്‍കണം. ഇത്തരത്തില്‍ സര്‍ക്കാരിന് ലഭിച്ച കണക്കിലാണ് പത്തുവര്‍ഷമായി പണം അനുവദിക്കാന്‍ കുടിശ്ശികയുള്ളത്.
പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഉത്തേജന പലിശ സബ്‌സിഡി 2011-12 മുതല്‍ സംഘങ്ങള്‍ക്ക് നല്‍കാനുണ്ടെന്നാണ് സഹകരണ വകുപ്പ് വിശദീകരിക്കുന്നത്. ഉത്തേജന പലിശ ഇളവിന് ധനസഹായം അനുവദിക്കുന്നതിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പക്ഷേ, എല്ലാബജറ്റിലും ഇതേതോതില്‍ ഫണ്ട് നീക്കി വെക്കാറുണ്ടെങ്കിലും അത് സംഘങ്ങള്‍ക്ക് ലഭിക്കാറില്ലെന്നതാണ് വസ്തുത.
കേരളബാങ്ക് നിലവില്‍ വന്നതിന് ശേഷം നബാര്‍ഡില്‍നിന്ന് ഈ സഹായം പ്രാഥമിക ബാങ്കുകള്‍ക്ക് ലഭിച്ചിട്ടില്ല. കണക്കുകളെല്ലാം നല്‍കിയിട്ടുണ്ടെന്നും നബാര്‍ഡില്‍നിന്ന് ലഭ്യമാകാനുള്ള താമസമാണെന്നുമാണ് കേരളബാങ്ക് ഉദ്യോഗസ്ഥരുടെ വിശദീകരണം. ചുരുക്കത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ നടക്കുന്ന പലിശ രഹിത കാര്‍ഷിക വായ്പ പദ്ധതി പൂര്‍ണമായും നിലച്ചമട്ടാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രാഥമിക സഹകരണ ബാങ്കുകളിലെ കാര്‍ഷിക വായ്പയില്‍ കുടിശ്ശിക വലിയതോതില്‍ കൂടുകയാണ്. പ്രളയവും കോവിഡും ഉണ്ടാക്കിയ സാമ്പത്തിക ആഘാതം ഇതിന് ഒരുകാരണമാണ്. പക്ഷേ, പലിശ രഹിത വായ്പ പദ്ധതിയുണ്ടായിരുന്നെങ്കില്‍, കൃത്യമായ തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ ഒഴിവാകുമെന്ന ആകര്‍ഷകത ഉണ്ടാകുമായിരുന്നു. അതില്ലാതായതോടെ, സഹകരണ സംഘങ്ങളിലെ വായ്പകളില്‍ സ്വാഭാവിക തിരിച്ചടവ് മുടങ്ങുന്നതിനും കാരണമായി.
[mbzshare]