സഹകരണ ബലത്തില്‍ പബ്ലിക് സ്‌കൂളും പാരലല്‍ കോളേജും ലോ കോളേജും

- വി.എന്‍. പ്രസന്നന്‍

കേരളത്തില്‍ സഹകരണമേഖലയിലുളള ഒരേയൊരു ലോ കോളേജ് തൊടുപുഴ താലൂക്ക് വിദ്യാഭ്യാസ സഹകരണ സംഘത്തിന്റെതാണ്. അഭ്യസ്തവിദ്യരായ 35 പേരുമായി തുടങ്ങിയ സംഘത്തില്‍ ഇപ്പോള്‍ 162 അംഗങ്ങള്‍. സി.ബി.എസ്.ഇ. സ്‌കൂള്‍, പാരലല്‍ കോളേജ്,
ലോ കോളേജ് എന്നിങ്ങനെ ഇപ്പോള്‍ മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മൂവായിരത്തോളം വിദ്യാര്‍ഥികള്‍. ഏഴു കോടി രൂപ വരുമാനം. ലാഭം വീതിക്കാതെ തുടര്‍വികസനങ്ങളില്‍ നിക്ഷേപിക്കുന്നു.

 

 

1983 ല്‍ ഒരുകൂട്ടം അഭ്യസ്തവിദ്യര്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹകരണസംഘം രൂപവത്കരിച്ചുതുടങ്ങിയ ഒരു പാരലല്‍കോളേജ് വൈവിധ്യവത്കരണത്തിലൂടെ വികസിച്ച് സി.ബി.എസ്.ഇ. സ്‌കൂളും ലോ കോളേജുമായി വളര്‍ന്ന കഥയാണു തൊടുപുഴ താലൂക്ക് വിദ്യാഭ്യാസ സഹകരണ സംഘത്തിന്റെത്. കേരളത്തില്‍ സഹകരണമേഖലയിലുളള ഒരേയൊരു ലോ കോളേജ് ഈ സംഘത്തിന്റെതാണ്്.

എം. കമലം സഹകരണമന്ത്രിയായിരിക്കെയാണ് അഭ്യസ്തവിദ്യരെ സഹകരണ പാരലല്‍ കോളേജുകള്‍ തുടങ്ങാന്‍ സഹായിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചത്. ആ സംഘങ്ങളെ സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപയുടെവരെ ഓഹരിയെടുത്തു സഹായിക്കുമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണു സംഘം സ്ഥാപിച്ചത്. സാധാരണക്കാര്‍ക്കു താങ്ങാവുന്ന ചെലവില്‍ മതേതരകാഴ്ചപ്പാടോടെ വിദ്യാഭ്യാസം നല്‍കലാണു ലക്ഷ്യം. 35 പേരാണു സ്ഥാപകാംഗങ്ങള്‍. മിക്കവരും ബിരുദാനന്തരബിരുദധാരികള്‍. അഡ്വ. ബാബു ജോര്‍ജ് പ്രസിഡന്റും ജെയിംസ് കാടന്‍കാവില്‍ ഓണററി സെക്രട്ടറിയുമായി. ഒരു ഓഹരിവില 500 രൂപ. ആര്‍ക്കും പത്ത് ഓഹരിയില്‍ക്കൂടുതല്‍ നല്‍കില്ല. ഇപ്പോള്‍ 162 അംഗങ്ങളുണ്ട്. മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൂടി ഏഴു കോടിയില്‍പ്പരം രൂപയുടെ വരുമാനം ഇന്നു സംഘത്തിനുണ്ട്. ലാഭം വീതിക്കാതെ, തുടര്‍വികസനങ്ങളില്‍ നിക്ഷേപിക്കുന്നു.

നിലച്ച കോളേജില്‍
തുടക്കം

തൊടുപഴയ്ക്കടുത്തു മുട്ടത്ത് പ്രര്‍ത്തനം നിലച്ച ഒരു പാരലല്‍ കോളേജ് വാടകകയ്‌ക്കെടുത്താണു സഹകരണകോളേജിന്റെ തുടക്കം. പ്രീഡിഗ്രി (കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകള്‍), ബി.എ. (ധനശാസ്ത്രം), ബി.കോം കോഴ്‌സുകളാണു തുടങ്ങിയത്. നേരത്തേയുണ്ടായിരുന്ന പാരലല്‍ കോളേജിന്റെ ഉടമയായിരുന്ന ചാക്കോ മാസ്റ്ററെ പ്രിന്‍സിപ്പലാക്കി. അതിനുശേഷം തൊടുപുഴ ടൗണില്‍ 45 സെന്റ് സ്ഥലം വാങ്ങി താത്കാലിക കെട്ടിടം പണിതു. 85 ല്‍ അവിടേക്കു മാറി. അവിടെ സര്‍ക്കാരില്‍നിന്നുള്ള ധനസഹായം കൊണ്ടു ചെറിയ കെട്ടിടം പണിതു. അഞ്ചു ലക്ഷം രൂപ വരെ സര്‍ക്കാര്‍ ഓഹരിധനസഹായം ലഭിക്കുമായിരുന്നെങ്കിലും രണ്ടു തവണയായി രണ്ടു ലക്ഷം രൂപ വീതം നാലു ലക്ഷം രൂപ മാത്രമാണു സംഘം വാങ്ങിയത്. അതു പിന്നീടു തിരിച്ചടച്ചു. 85 ല്‍ അഡ്വ. സെബാസ്റ്റ്യന്‍ ജോര്‍ജിനെ സംഘം പ്രസിഡന്റായി തിരഞ്ഞെടുത്തു. കോളേജില്‍ എം.എ (ധനശാസ്ത്രം) കൂടി തുടങ്ങി.

87 ല്‍ പി.ജെ. ജോര്‍ജ് പുതുമനയെ സംഘം പ്രസിഡന്റായി തിരഞ്ഞെടുത്തു. ധനശാസ്ത്ര ബിരുദാനന്തരബിരുദധാരിയായ അദ്ദേഹമാണ് അന്നുമുതല്‍ ഇന്നുവരെ പ്രസിഡന്റ്. 88 ല്‍ കോളേജിനു മൂന്നുനിലക്കെട്ടിടമായി. ജൂണ്‍ 16 ന് അന്നത്തെ സഹകരണമന്ത്രി ടി.കെ. രാമകൃഷ്ണന്‍ അത് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ 18 വര്‍ഷം പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചശേഷം വിരമിച്ച പ്രൊഫ. യു.വി. ജോണിനെ പ്രിന്‍സിപ്പലാക്കി. ഇരുന്നൂറോളം വിദ്യാര്‍ഥികളുണ്ടായിരുന്ന കോളേജിലേക്കു പ്രൊഫ. ജോണ്‍ പ്രിന്‍സിപ്പലായശേഷം വിദ്യാര്‍ഥിപ്രവാഹമായിരുന്നു. സീറ്റുകളെല്ലാം നിറഞ്ഞ് പലപ്പോഴും പ്രവേശനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. 1992 ല്‍ പ്രൊഫ. ജോണ്‍ അന്തരിച്ചു.

1993 ല്‍ പ്രൊഫ. ജോര്‍ജ് ജെയിംസ് പ്രിന്‍സിപ്പലായി. ഇപ്പോഴും പ്രിന്‍സിപ്പല്‍ അദ്ദേഹംതന്നെ. 30 വര്‍ഷമായി ഈ പാരലല്‍ കോളേജില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം തൊണ്ണൂറാം വയസ്സിലും അധ്യാപനരംഗത്തുള്ള അപൂര്‍വ വ്യക്തിയാണ്. 1955 ല്‍ ചെന്നൈ ലൊയോള കോളേജില്‍ അധ്യാപനം തുടങ്ങിയ അദ്ദേഹം തുടര്‍ന്നു മൂവാറ്റുപുഴ നിര്‍മലാ കോളേജില്‍ അധ്യാപകനായും പ്രിന്‍സിപ്പലായും 36 വര്‍ഷം സേവനമനുഷ്ഠിച്ചു. 36 വര്‍ഷത്തെ റെഗുലര്‍കോളേജ് അധ്യാപനവും 30 വര്‍ഷത്തെ പാരലല്‍കോളേജ് സേവനവുമായി 66 വര്‍ഷമായി അധ്യാപനമേഖലയില്‍ തുടരുന്ന മറ്റൊരാള്‍ ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹം സംഘത്തിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ രക്ഷാധികാരിയാണ്. അദ്ദേഹം പ്രിന്‍സിപ്പലായിരിക്കെ എം.കോമും തുടങ്ങി.

നിര്‍ധനര്‍ക്ക്
പകുതിഫീസ്

ഒരു കാലത്ത് 2700 കൂട്ടികള്‍വരെ പഠിച്ചിരുന്ന വന്‍ പാരലല്‍ കോളേജാണ് ഇത്. ഇതില്‍നിന്നുള്ള വരുമാനമാണു സി.ബി.എസ്.ഇ. സ്‌കൂളിനും ലോ കോളേജിനുമുള്ള സാമ്പത്തിക അടിത്തറയായത്. പിന്നാക്കജില്ലയായ ഇടുക്കിയിലെ ഒരു പ്രധാന പാരലല്‍ കോളേജായ ഇവിടെ നല്ലൊരുഭാഗം വിദ്യാര്‍ഥികളും നിര്‍ധനരായിരുന്നു. അതുകൊണ്ടു 350 മുതല്‍ നാനൂറുവരെ വിദ്യാര്‍ഥികളില്‍നിന്നു പകുതിഫീസ് മാത്രമാണു വാങ്ങിയിരുന്നത്. ഇരുപതു ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ആയിനത്തില്‍ ഓരോ വര്‍ഷവും നല്‍കി. എന്നിട്ടും നല്ല വരുമാനമുണ്ടായിരുന്നു. സമീപത്തെ സര്‍വകലാശാല അഫിലിയേഷനുള്ള രണ്ടു കോളേജിലുംകൂടി ഉണ്ടായിരുന്നതിലേറെ വിദ്യാര്‍ഥികള്‍ ഇവിടെയുണ്ടായിരുന്നു. അതിനാല്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തേണ്ടിവന്നു. 2018 വരെ ധാരാളം വിദ്യാര്‍ഥികളുണ്ടായിരുന്നു. ബിരുദകോഴ്‌സുകളില്‍ നൂറ്റമ്പതില്‍പ്പരം ഫസ്റ്റ് ക്ലാസ്സുകള്‍ നേടിയ വര്‍ഷങ്ങളുണ്ട്. എല്ലാ തിങ്കളാഴ്ചയും പരീക്ഷ നടത്തും. ഇവിടത്തെ വിഷ്ണു വിജയന്‍ എന്ന വിദ്യാര്‍ഥിക്കു ഒരിക്കല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ എം.കോമിന് ഒന്നാം റാങ്ക് കിട്ടി. അതുകൂടാതെയും പലപ്പോഴും ഈ കോളേജിലെ വിദ്യാര്‍ഥികള്‍ക്കു റാങ്കുകള്‍ ലഭിച്ചിട്ടുണ്ട്. ഉദാഹരണമായി 2019 ല്‍ എം.ജി. സര്‍വകലാശാലയുടെ എം.കോം. പരീക്ഷയില്‍ ഒന്നാം റാങ്ക് ഇവിടെ പഠിച്ച സൂര്യാവര്‍ഗീസിനായിരുന്നു. ഒപ്പം രണ്ടും മൂന്നും നാലും റാങ്കുകളും ഇവിടെ ലഭിച്ചു. ആ വര്‍ഷം എം.എ. ധനശാസ്ത്രത്തിന് അഞ്ജലി ബാബുവിനു രണ്ടാം റാങ്ക് ലഭിച്ചു. കൂടാതെ, മൂന്നും നാലും റാങ്കുകളും ഇവിടെ പഠിച്ചവര്‍ നേടി.

പരമ്പരാഗതകോഴ്‌സുകളോടുള്ള ആകര്‍ഷണം കുറഞ്ഞതും സ്വകാര്യരജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികളോടുള്ള വേര്‍തിരിവും വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളും മൂലമാണു പണ്ടുണ്ടായിരുന്നത്ര വിദ്യാര്‍ഥികള്‍ ഇന്നില്ലാത്തത്. എങ്കിലും, പ്ലസ്ടു (കോമേഴ്‌സ്), ബി.എ (ധനശാസ്ത്രം), ബി.കോം, എം.എ. (ധനശാസ്ത്രം), എം.കോം കോഴ്‌സുകളിലായി ഇരുനൂറ്റിയെഴുപതോളം വിദ്യാര്‍ഥികളുണ്ട്. ഒപ്പം 20 അധ്യാപകരും രണ്ട് അനധ്യാപക ജീവനക്കാരും.

കോ-ഓപ്പറേറ്റീവ്
പബ്ലിക് സ്‌കൂള്‍

2003 ലാണു സംഘം സി.ബി.എസ്.ഇ. സ്‌കൂള്‍ തുടങ്ങാന്‍ നിശ്ചയിച്ചത്. തൊടുപുഴ വെങ്ങല്ലൂര്‍ മുത്താരംകുന്നില്‍ ആറ് ഏക്കര്‍ വാങ്ങി. മൂന്നു നിലയുള്ള മൂന്നു കെട്ടിടങ്ങള്‍ പലപ്പോഴായി പണിതു. അറുപതില്‍പ്പരം ക്ലാസ്സുമുറികളും ഓഡിറ്റോറിയവും ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, ഭാഷാ ലാബുകളുമുണ്ട്. അഞ്ചു കോടി രൂപ ചെലവിലാണു കെട്ടിടങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തിയത്. 2004 ല്‍ എല്‍.കെ.ജി. മുതല്‍ അഞ്ചുവരെ ക്ലാസ്സുമായി സ്‌കൂള്‍ ആരംഭിച്ചു. 10 അധ്യാപകരും ആറ് അനധ്യാപക ജീവനക്കാരുമായിട്ടാണു തുടക്കം. അന്നു മന്ത്രിയായിരുന്ന പി.ജെ. ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. 2011 ല്‍ പന്ത്രണ്ടാംക്ലാസ് അധ്യയനം തുടങ്ങി.

 

1800 വിദ്യാര്‍ഥികള്‍ ഇന്നുണ്ട.് അധ്യാപകരും അനധ്യാപക ജീവനക്കാരുമടക്കം 120 പേര്‍ ജോലി ചെയ്യുന്നു. ജോണ്‍സണ്‍ മാത്യു ആണു പ്രിന്‍സിപ്പല്‍. നേരത്തേ മുളന്തുരുത്തിയിലെ ഒരു സി.ബി.എസ്.ഇ. സ്‌കൂളില്‍ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയില്‍ സി.ബി.എസ്.ഇ. വിദ്യാഭ്യാസം നല്‍കുന്ന അപൂര്‍വം സ്‌കൂളുകളിലൊന്നായ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിനു പത്തു ബസ്സുണ്ട്. 108 സ്‌കൂളുകളുള്ള സി.ബി.എസ്.ഇ. സ്‌കൂള്‍ക്കൂട്ടായ്മയായ മധ്യകേരള സഹോദയയില്‍ പലപ്പോഴും പത്താംക്ലാസ്സിലും പന്ത്രണ്ടാംക്ലാസ്സിലും ഏറ്റവും കൂടുതല്‍ ‘എ 1’വിജയങ്ങള്‍ ഈ സ്‌കൂളിനായിരുന്നു. പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും 100 ശതമാനം വിജയവും പതിവ്. പത്താം ക്ലാസ്സില്‍ നൂറോളം പേരും പന്ത്രണ്ടാം ക്ലാസ്സില്‍ അമ്പതോളം പേരുമാണു പരീക്ഷക്കിരിക്കാറുള്ളത്. എല്ലാ വര്‍ഷവും സ്‌കൂള്‍ മാഗസിന്‍ പ്രസിദ്ധീകരിക്കും. രണ്ടു ദിവസം വാര്‍ഷികാഘോഷമുണ്ടാവും. ഇതില്‍ ഒരു ദിവസം കിഡ്‌സ്‌ഡേ ആയിരിക്കും.

ഇവിടെ മറ്റു സി.ബി.എസ്.ഇ. സക്ൂളുകളെക്കാള്‍ ഫീസ് കുറവാണെന്നു സംഘം പ്രസിഡന്റ് പി.ജെ. ജോര്‍ജ് പറഞ്ഞു. പലേടത്തും ഉള്ളതുപോലെ വിവിധ പേരിലുള്ള പണപ്പിരിവും ഇവിടില്ല. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ അധ്യയനമായിരുന്നു. അക്കാലത്തെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് 2020-21 ല്‍ ഫീസ് പത്തു ശതമാനം കുറച്ചു. 2021-22 ല്‍ അഞ്ചു ശതമാനംകൂടി കുറച്ചു. ആ ഫീസ്തന്നെയാണ് ഇപ്പോഴും. നൃത്തം, കരാട്ടെ, സംഗീതം, ചിത്രകല എന്നിവ പഠിപ്പിക്കാന്‍ അധികഫീസ് വാങ്ങുന്നുമില്ല. എല്ലാ വിഷയത്തിനും എ1 ലഭിക്കുന്നവര്‍ക്കു പുരസ്‌കാരമുണ്ട്.

2013 ല്‍
ലോ കോളേജ്

സംഘത്തിന് ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനം വേണം എന്ന ആഗ്രഹമാണ് ലോ കോളേജ് സ്ഥാപിക്കുന്നതിലേക്കു നയിച്ചത്. ഇതിനായി 2008 മുതലേ ശ്രമം തുടങ്ങി. ഒടുവില്‍ 2013 ല്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ലോ കോളേജ് അനുവദിച്ചു. അഞ്ചുവര്‍ഷ ബി.ബി.എ.എല്‍.എല്‍.ബി (ഓണേഴ്‌സ്) കോഴ്‌സിന്റെ ഒരു ബാച്ചോടെ ആ വര്‍ഷംതന്നെ കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോ എന്ന ലോ കോളേജ് തുടങ്ങുകയും ചെയ്തു. രണ്ടു വര്‍ഷം സ്‌കൂള്‍ക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. പിന്നെ ആറു കോടി രൂപ ചെലവില്‍ 45,000 ചതിരശ്രഅടിയുള്ള മൂന്നുനിലക്കെട്ടിടം പണിതു. ഇതിന്റെ ഒരു ഭാഗം പൂര്‍ത്തിയാകാനുണ്ട്. സെമിനാര്‍ ഹാള്‍, ക്ലാസ്മുറികള്‍, മൂട്ട്‌കോര്‍ട്ട്, ഓഫീസ്, 35 ലക്ഷം രൂപയുടെ പുസ്തകങ്ങളുള്ള ഗ്രന്ഥശാല എന്നിവയുണ്ട്. ഗ്രന്ഥശാലയടക്കം കാമ്പസ് പൂര്‍ണമായി വിവരസാങ്കേതികവിദ്യ (കഇഠ) അധിഷ്ഠിതമാണ്. 2022 ല്‍ ലോ കോളേജിനായി 1.3 കോടി രൂപ മുടക്കി അടുത്തുള്ള ഒരേക്കര്‍കൂടി വാങ്ങി. ആറു കോടി രൂപ മുടക്കിയാണു കെട്ടിടം പണിതത്. ദേശീയ സഹകരണ വികസന കൗണ്‍സിലിന്റെ സംയോജിത സഹകരണവികസന പരിപാടിയില്‍ നിന്നു മൂന്നു കോടി രൂപ ഇതിനു കിട്ടി; പകുതി വായ്പയും പകുതി ഓഹരി ധനസഹായവും. വായ്പ തിരിച്ചടച്ചു. ലോ കോളേജടക്കം സംഘത്തിന്റെ എല്ലാ പദ്ധതിക്കും ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ വായ്പയും ലഭിച്ചിരുന്നു. അവയും തിരിച്ചടച്ചു.

2015 ല്‍ത്തന്നെ ലോ കോളേജ് സ്വന്തം കെട്ടിടത്തിലേക്കു മാറ്റി. ആ വര്‍ഷം ബി.ബി.എ.എല്‍.എല്‍.ബി.ക്ക് ഒരു ബാച്ച്കൂടി ആരംഭിക്കുകയും ബി.കോം.എല്‍.എല്‍.ബി. (ഓണേഴ്‌സ്) തുടങ്ങുകയും ചെയ്തു. മൂന്നു ബാച്ചിലുംകൂടി 180 സീറ്റ്. ഇപ്പോള്‍ എല്ലാ സെമസ്റ്ററിലുമായി 675 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. മിടുക്കര്‍ക്കു സ്‌കോളര്‍ഷിപ്പുണ്ട്. എല്‍.എല്‍.ബി. കോഴ്‌സുകള്‍ക്കു സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് മാത്രമാണു വാങ്ങുന്നത്. 180 സീറ്റില്‍ 50 ശതമാനം സര്‍ക്കാര്‍സീറ്റും 50 ശതമാനം മാനേജ്‌മെന്റ്‌സീറ്റുമാണ്. ഹയര്‍ സെക്കണ്ടറിക്കു 45 ശതമാനം മാര്‍ക്കുള്ളവര്‍ക്കു ചേരാം. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് 40 ശതമാനം മതി. സര്‍ക്കാര്‍സീറ്റുകളിലേക്കു സംസ്ഥാന പൊതുപ്രവേശന പരീക്ഷാകമ്മീഷണര്‍ നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ്.

ഉയര്‍ന്ന വിജയം,
കൂടുതല്‍ റാങ്ക്

ഇതുവരെ അഞ്ചു ബാച്ച് പഠനം പൂര്‍ത്തിയാക്കി. മിക്ക വര്‍ഷവും എം.ജി. സര്‍വകലാശാലയുടെ പല റാങ്കും ഇവിടത്തെ വിദ്യാര്‍ഥികള്‍ക്കാണ്. 2013-18 ബാച്ചില്‍ ബി.ബി.എ.എല്‍.എല്‍.ബിക്ക് ആനി വില്‍സണ്‍, ആന്‍സി വിന്‍സന്റ്, അഞ്ജന.പി, അഖില സാറാ ബേബി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും റാങ്കു നേടി. 2014-19 ല്‍ ബി.ബി.എ.എല്‍.എല്‍.ബി.ക്ക് ആല്‍ബിന്‍ ആന്റോ, അമീറ ബഷീര്‍, മിഷേല്‍ ആന്‍, അമല സാവി എന്നിവര്‍ക്കാണു യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും റാങ്കുകള്‍. 2015-20 ല്‍ ബി.കോം.എല്‍.എല്‍.ബി.ക്കു സ്‌റ്റെഫി ജോര്‍ജ് ഒന്നാം റാങ്കു നേടി. 2016-21 ല്‍ ബി.ബി.എ.എല്‍.എല്‍.ബി.യുടെ ആദ്യനാലു റാങ്കും ഇവിടെയായിരുന്നു. 2017-22 ല്‍ ബി.ബി.എ.എല്‍.എല്‍.ബി.ക്ക് അനുമോള്‍. എസ് ഒന്നാം റാങ്ക് നേടി. മിലാന ഒഷിന്‍ ലൈക്ക് (നാലാം റാങ്ക്), ഫസിനു ജബ്ബാര്‍ (അഞ്ച്), അനുജ തോമസ് (10), ആന്‍ മേരി ടോമി (12), മഞ്ജിമ. ബി (12) എന്നിവരും റാങ്കുകാരാണ്. ബി.കോം.എല്‍.എല്‍.ബി.ക്ക് വീണാസുകുമാരന് ഒമ്പതാം റാങ്കുണ്ട്. എല്ലാ വര്‍ഷവും 75 ശതമാനത്തിലേറെയാണു ജയം. കഴിഞ്ഞവര്‍ഷം 85 ശതമാനം. കോളേജ് മാഗസിന്‍ ഡിജിറ്റലായാണു പ്രസിദ്ധീകരിക്കുന്നത്.

ഡോ. അനീഷ ഷംസാണു ലോ കോളേജ് പ്രിന്‍സിപ്പല്‍. ചെന്നൈ സവീത സ്‌കൂള്‍ ഓഫ് ലോയില്‍ പ്രൊഫസറായിരുന്നു അവര്‍. കോളേജ് സംഘടിപ്പിക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ട ജോലികള്‍ കഴിവതും അതു ചെയ്യാന്‍ കഴിവുള്ള വിദ്യാര്‍ഥികളെയാണ് ഏല്‍പ്പിക്കാറെന്നു ഡോ. അനീഷ ഷംസ് പറഞ്ഞു. നല്ല പ്രതിഫലവും നല്‍കും. കുട്ടികള്‍ക്ക് അതൊരു വരുമാനമാണ്. കേരളത്തിന്റെ എല്ലാ ഭാഗത്തെയും വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. അവര്‍ക്കു താമസത്തിനും ഭക്ഷണത്തിനും വിവിധ സ്ഥാപനങ്ങളില്‍ സൗകര്യം ചെയ്തിട്ടുണ്ട്. ഇത്തരം ഒരു സ്ഥാപനത്തില്‍ 200 വിദ്യാര്‍ഥിനികള്‍ക്കു താമസിക്കാന്‍ സൗകര്യമുണ്ട്. വാടകയും ഭക്ഷണനിരക്കുകളും അതതു സ്ഥാപനങ്ങളാണു നിശ്ചയിക്കുക. ഈ സ്ഥാപനങ്ങളില്‍ത്തന്നെ താമസിക്കണമെന്നു നിര്‍ബന്ധമില്ല. പല സാമൂഹികപ്രവര്‍ത്തനവും കോളേജ് നടത്തുന്നുണ്ട്. മൂന്നു വിദ്യാര്‍ഥികളെ സൗജന്യമായാണു പഠിപ്പിക്കുന്നത്. കഴിഞ്ഞ ബാച്ചില്‍ ആറുപേരെ സൗജന്യമായി പഠിപ്പിച്ചു.

നിയമസഹായം ആവശ്യമുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതു ലഭ്യമാക്കാന്‍ ഇവിടത്തെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു നിയമസഹായക്ലിനിക് തുടങ്ങിയിട്ടുണ്ട്. നിയമസഹായത്തിനും നിയമബോധവത്കരണത്തിനുമായുള്ള കേന്ദ്രവും ഇവിടെയുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ക്കെതിരെ ബോധവത്കരണത്തിനായി പോക്‌സോ കാംപെയ്ന്‍ നടത്തി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുമായി ചേര്‍ന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമസഹായവും നിയമബോധവത്കരണവും നല്‍കാന്‍ സെന്റര്‍ ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രണ്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ യോഗങ്ങളിലും മറ്റും ഇതിന്റെ ഭാഗമായി ഇവിടത്തെ വിദ്യാര്‍ഥികളും അധ്യാപകരും നിയമബോധവത്കരണക്ലാസ്സുകള്‍ എടുക്കാറുണ്ട്. നിയമസഹായ ക്ലിനിക്കിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ആവശ്യക്കാര്‍ക്കു നിയമസഹായം ചോദിക്കാം. നേരിട്ടു സമീപിക്കുന്നവര്‍ക്കു നേരിട്ടും നിയമോപദേശം നല്‍കി സഹായിക്കും.

തര്‍ക്കം തീര്‍ക്കാന്‍
അദാലത്ത്

തര്‍ക്കങ്ങള്‍ കോടതിയില്‍ എത്താതെ മധ്യസ്ഥചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കാനും മുന്‍കൈയെടുക്കുന്നു. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെ സഹകരണത്തോടെയും അധ്യാപകരുടെയും അഭിഭാഷകരുടെയും സഹായത്തോടെയും തൊടുപുഴ നഗരസഭയെയും കുമാരമംഗലം പഞ്ചായത്തിനെയും തര്‍ക്കരഹിത തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാക്കുകയാണു ലക്ഷ്യം. അദാലത്ത് ജില്ലാ കോടതിയുടെ സഹായത്തോടെയും അവിടെനിന്നുള്ള ഒരു ജഡ്ജിയുടെ സാന്നിധ്യത്തിലുമാണു നടത്തിയത്.

തുടര്‍നിയമപഠനകേന്ദ്രവും കോളേജിലുണ്ട്. എല്‍.എല്‍.ബി. കഴിഞ്ഞവര്‍ക്കു നൈപുണ്യവികാസത്തിനുതകുന്ന കാര്യങ്ങളാണ് ഈ കേന്ദ്രം ചെയ്യുന്നത്. അഭിഭാഷകവൃത്തിയില്‍ വിജയിക്കാന്‍ നിയമബിരുദധാരികളെ പര്യാപ്തരാക്കുകയാണു ലക്ഷ്യം. പ്ലേസ്‌മെന്റ് ലഭിക്കാനുള്ള സഹായം നല്‍കലും എല്‍.എല്‍.എം. പോലുള്ള കോഴ്‌സുകള്‍ സംബന്ധിച്ചും കരിയര്‍ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കലും ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍പ്പെടും.

മാര്‍ച്ചില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഇവിടെ തുടങ്ങുന്നുണ്ട്. തര്‍ക്കപരിഹാരത്തിനുള്ള ബദല്‍മാര്‍ഗങ്ങളെക്കുറിച്ചാണു കോഴ്‌സ്. മൂന്നുമാസ കോഴ്‌സായിരിക്കും ഇത്. വേറെയും സാമൂഹിക- സാംസ്‌കാരിക- നിയമപ്രധാനങ്ങളായ പരിപാടികള്‍ കോളേജ് സംഘടിപ്പിച്ചിട്ടുണ്ട്. മീഡിയേഷനെ സംബന്ധിച്ചു 2021 ല്‍ നടന്ന ‘സെറ്റില്‍ 2021’ എന്ന 35 ദിവസം നീണ്ട ഓണ്‍ലൈന്‍ സംരംഭമാണ് ഇവയില്‍ ഏറ്റവും പ്രധാനം. കേരളത്തില്‍ ഓണ്‍ലൈനായി നടന്ന ഏറ്റവും വലിയ നിയമബോധവത്കരണ പരിപാടിയാണ് ഇതെന്നു കോളേജ് പറയുന്നു. അത്തരം പരിപാടികളിലൂടെ ഒന്നു കടന്നുപോകാം. 2018 നവംബര്‍ 26 നു ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുമായി സഹകരിച്ചു ‘തര്‍ക്കരഹിത തൊടുപുഴ’ പരിപാടിയുടെയും സൗജന്യ നിയമസഹായദൗത്യത്തിന്റെയും ഭാഗമായി ലോക് അദാലത്ത് നടത്തി. ഇതിന്റെ ബ്രോഷര്‍ അന്നു കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ. ദാമ ശേഷാദ്രി നായിഡുവാണു പ്രകാശനം ചെയ്തത്.

2019 ജൂലായില്‍ കോളേജില്‍ ലീഗല്‍ എയ്ഡ് സൊസൈറ്റി സ്ഥാപിച്ചു. ജൂലായ് 11 നു മൂട്ട്‌കോര്‍ട്ട് അവതരണത്തിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചു ഡോ. ജേക്കബ് ജോസഫ് നേതൃത്വം നല്‍കിയ ശില്‍പശാല സംഘടിപ്പിച്ചു. ആ മാസം നിയമഗവേഷണത്തെയും രചനയെയും സംബന്ധിച്ച് ഡോ. അനീഷ്. വി. പിള്ളയുടെ നേതൃത്വത്തില്‍ സംവാദസെഷനും ഉണ്ടായിരുന്നു. നിയമസാക്ഷരതാ പ്രചാരണത്തിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയോടു സഹകരിച്ച് ഇവിടത്തെ വിദ്യാര്‍ഥികള്‍ തൊടുപുഴയിലെ 12 ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ മുതിര്‍ന്ന പൗരന്‍മാരുടെ അവകാശങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു. ആഗസ്റ്റില്‍ റാഗിങ് വിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. ഒക്ടോബറില്‍ പാലക്കാട്ട് നടന്ന ‘ജൂറിസ്ഫിയെസ്റ്റ’യില്‍ ഇവിടത്തെ കുട്ടികള്‍ സംവാദത്തിലും തത്സമയപ്രസംഗത്തിലും വിധിന്യായമെഴുത്തിലും മൂട്ട്‌കോര്‍ട്ടിലും ഫോട്ടോഗ്രഫിയിലും ട്രഷര്‍ ഹണ്ടിലും സമ്മാനങ്ങള്‍ നേടി. ’21-ാം നൂറ്റാണ്ടും ഇന്ത്യന്‍ ഭരണഘടനയും’ എന്ന വിഷയത്തില്‍ നവംബറില്‍ ഡോ. കെ.വി. കുഞ്ഞിക്കണ്ണന്‍ പ്രഭാഷണം നടത്തി. ഡിസംബര്‍ രണ്ടിനു കോളേജിലെ വിദ്യാര്‍ഥികള്‍ എഴുതിയ ഗവേഷണസ്വഭാവമുള്ള പ്രബന്ധങ്ങളുടെ സമാഹാരം (ഘഅങഅഠഋട) കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എം. ഷഫീഖ് പ്രകാശനം ചെയ്തു.

2020 ജനുവരി 25 ന് അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ബദല്‍ തര്‍ക്കപരിഹാര സംവിധാനങ്ങളെപ്പറ്റി നടത്തിയ സംസ്ഥാനതല ബോധവത്കരണം ജസ്റ്റിസ് എ.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. ജനുവരി അവസാനം മൂട്ട് കോര്‍ട്ടിന്റെ അടിസ്ഥാനകാര്യങ്ങളെപ്പറ്റി അഡ്വ. ജിതിന്‍ സജി ഐസക്കിന്റെ നേതൃത്വത്തില്‍ ശില്‍പ്പശാല നടത്തി. മാര്‍ച്ച് രണ്ടിനു പ്രത്യേക പ്രഭാഷണപരമ്പര അഡ്വ. ബി.എ. ആളൂര്‍ ഉദ്ഘാടനം ചെയ്തു. ‘ക്രിമിനല്‍ വിചാരണയിലെ പുതിയ മാനങ്ങളും വെല്ലുവിളികളും’ എന്നതായിരുന്നു വിഷയം. ജൂലായ് 17 നു കോളേജിനെ വിവര-കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യാ (കഇഠ) അധിഷ്ഠിത കാമ്പസായി എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സാബു തോമസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17 നും 18 നും പ്രൊഫ. അപൂര്‍വി ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ക്ലയന്റ് കൗണ്‍സലിങ്ങിനെക്കുറിച്ചു പരിശീലനം സംഘടിപ്പിച്ചു. ഒക്ടോബര്‍ 31 നു നിയമഗവേഷണത്തിന്റെയും അക്കാദമിക രചനയുടെയും അടിസ്ഥാനപാഠങ്ങളെക്കുറിച്ചു ഡോ. ഹരിശങ്കര്‍ കെ. സത്യപാലന്റെ നേതൃത്വത്തില്‍ വെബിനാര്‍ നടത്തി.

സെറ്റില്‍
2021

2021 മാര്‍ച്ച് അഞ്ചിനാണു ‘സെറ്റില്‍ 2021’ തുടങ്ങിയത്. പ്രശ്‌നങ്ങള്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കാന്‍ സഹായിക്കുന്ന മീഡിയേഷനു കേരളത്തില്‍ പ്രചാരവും സ്വീകാര്യതയും ഉണ്ടാക്കലും അതു നടത്താന്‍ നൈപുണ്യമുള്ള പ്രൊഫഷണലുകളെ വളര്‍ത്തലുമാണു സെറ്റില്‍ 2021 ലക്ഷ്യം വച്ചത്. എം.ജി. സര്‍വകലാശാല, കേരള സ്റ്റേറ്റ് മീഡിയേഷന്‍ ആന്റ് കണ്‍സിലിയേഷന്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ കോളേജും പല ആസിയന്‍ നിയമപ്രോജക്ടുകള്‍ക്കു നേതൃത്വം നല്‍കിയ എം.കെ.എം.എസും ചേര്‍ന്നാണു ‘സെറ്റില്‍ 2021’ സംഘടിപ്പിച്ചത്. സൂം മീറ്റിങ്ങിലൂടെ അന്നത്തെ വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് മുഖ്യപ്രഭാഷണം നടത്തി. എം.ജി. സര്‍വകലാശാലാ വി.സി. പ്രൊഫ. ഡോ. സാബു തോമസ് അധ്യക്ഷനായിരുന്നു. സീനിയര്‍ അഭിഭാഷകന്‍ ശ്രീറാം പഞ്ചു, രമേഷ് സെല്‍വരാജ് ( സിംഗപ്പൂര്‍ ), റമ്മിത്ത് കൗര്‍ ( മലേഷ്യ ), ഇറാ മജീദ,് രാജേഷ് മുത്തത്ത്, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് വി.സി. പ്രൊഫ. ഡോ. കെ.സി. സണ്ണി, ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, ഡോ. സന്ധ്യാ റാം ( ഗോവ ) തുടങ്ങിയവര്‍ സംസാരിച്ചു. മീഡിയേഷന്‍ രംഗത്തെ പുതിയ വികാസങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര പാനല്‍ ചര്‍ച്ചകള്‍, ദേശീയ മോക്ക് മീഡിയേഷന്‍ മത്സരം, നിയമവിദ്യാര്‍ഥികള്‍ക്കും യുവഅഭിഭാഷകര്‍ക്കും മീഡിയേഷന്‍ ശില്‍പ്പശാലകള്‍, നിയമാധ്യാപകര്‍ക്ക് അധ്യാപനശേഷി വികസനം, തിരഞ്ഞെടുക്കപ്പെട്ട സംഘടനകള്‍ക്കു ബോധവത്കരണം എന്നിവ നടത്തി. 35 ല്‍പ്പരം ദിവസത്തെ 60 ഓണ്‍ലൈന്‍ സെഷനിലായി നടത്തിയ പരിപാടിയില്‍ ലോകമെങ്ങുമുള്ള നാല്‍പ്പതില്‍പ്പരം വിദഗ്ധര്‍ പങ്കെടുത്തു.

2021 ജൂണ്‍ അഞ്ചിനു ഫലാധിഷ്ഠിതപഠനത്തെക്കുറിച്ച് ഡോ. ചെറിയാന്‍ പി. കുര്യന്റെ നേതൃത്വത്തില്‍ ഗൂഗിള്‍മീറ്റായി ശില്‍പ്പശാല നടത്തി. അന്നു ഗൂഗിള്‍മീറ്റ് വഴി ന്യൂയോര്‍ക്ക് പേസ് സര്‍വകലാശാലയിലെ അഡ്വ. ജീവന്‍ രാജീവിന്റെ പരിസ്ഥിതിപ്രഭാഷണവും ഉണ്ടായിരുന്നു. ജൂണ്‍ 10നു പൊതുജനങ്ങള്‍ക്കുള്ള നിയമബോധവത്കരണം കേരള ഹൈക്കോടതി മുന്‍ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജൂണ്‍ 14 നു സവീത നിയമകലാലയം നടത്തിയ ദേശീയ ക്ലയന്റ് കൗണ്‍സലിംഗ് മത്സരത്തില്‍ ഇവിടത്തെ വിദ്യാര്‍ഥികളായ വിഷ്ണുഗോപാലും ആരതി അജയും ഒന്നാം സമ്മാനവും മായാ കെ.യും അലീനജോയും രണ്ടാം സമ്മാനവും നേടി. 14 നു തന്നെ കേരള നിയമസഭാ മുന്‍സെക്രട്ടറി പ്രൊഫ. ഡോ. എം.സി. വല്‍സന്‍ പരിസ്ഥിതികേന്ദ്രം ഉദ്ഘാടനം ചെയ്തു. ജൂണ്‍ 16 നു കോളേജിലെ ഭരണഘടനാപഠനകേന്ദ്രം ‘ നിയമസിദ്ധാന്തത്തിന് ഒരു ആമുഖം’ എന്ന വിഷയത്തില്‍ നൂര്‍ അമീനയുടെ പ്രഭാഷണം സംഘടിപ്പിച്ചു. ജൂണ്‍ 30 നു ‘ മയക്കുമരുന്ന് അടിമത്തത്തിന്റെ ജീവശാസ്ത്രത്തെയും ആഹ്‌ളാദാനുഭൂതി തേടലി’നെയും പറ്റി സിസ്റ്റര്‍ ഡോ. ടെസ്ലിന്‍ ജോസഫ് പ്രഭാഷണം നടത്തി. സെപ്റ്റംബര്‍ 29 നു കോളേജിലെ കരിയര്‍ ആന്റ് പ്ലേസ്‌മെന്റ് സെന്റര്‍ കോര്‍പ്പറേറ്റ് നിയമത്തെക്കുറിച്ചു ചര്‍ച്ചാസംവാദം ഒരുക്കി. എന്‍. രാജാസുജിത് പങ്കെടുത്തു. സെപ്റ്റംബറില്‍ നാഗ്പൂരില്‍ അഖില്‍ നാദ്‌റജം അന്തര്‍ സാംസ്‌കൃതിക് സംഘ് നടത്തിയ അന്താരാഷ്ട്ര നൃത്തമത്സരത്തില്‍ ഈ കോളേജിലെ ആഗ്നസ് ജോയ് ഭരതനാട്യത്തില്‍ രണ്ടാം സമ്മാനം നേടി. നവംബര്‍ ഏഴു മുതല്‍ മൂന്നു ദിവസം കോളേജിലെ നിയമസഹായ-നിയമബോധവത്കരണകേന്ദ്രം, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുമായി ചേര്‍ന്നു നിയമസഹായങ്ങളെപ്പറ്റി ശില്‍പ്പശാല നടത്തി. അതിന്റെയും ഓണ്‍ലൈന്‍ ലീഗല്‍ റിഡ്രസ്സല്‍ പോര്‍ട്ടലിന്റെയും ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നവംബര്‍ 20 നു സെന്റര്‍ ഫോര്‍ കോണ്‍ഫ്‌ളിക്ട് അവോയ്ഡന്‍സ് ആന്റ് റെസോലൂഷന്‍ ഇന്ത്യ അതിന്റെ കോളേജ് ഘടകവുമായി ചേര്‍ന്ന് ഇന്ത്യയുടെ മീഡിയേഷന്‍ ബില്ലിന്റെ കരടുരൂപത്തെപ്പറ്റി വിദഗ്ധരുമായി ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, നിയമജ്ഞരും മീഡിയേഷന്‍ രംഗത്തെ പ്രമുഖരുമായ ചിത്രാ നാരായണ്‍, ഡോ. അമാന്‍ ഹിംഗോറണി, റമ്മിത് കൗര്‍ (മലേഷ്യ), കോളേജിന്റെ അന്നത്തെ പ്രിന്‍സിപ്പല്‍ ഡോ. ഇ.ആര്‍. ജയറാം, സി.സി.എ.ആര്‍. ഡയറക്ടര്‍ രാജേഷ് മുട്ടത്ത് എന്നിവര്‍ പങ്കെടുത്തു. 2021-26 ബാച്ചുകളുടെ ഇന്‍ഡക്ഷന്‍ പ്രഭാഷണപരമ്പര ഡിസംബര്‍ ഒന്നിന്
എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് മുന്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. വിക്രമന്‍നായരുടെ പ്രഭാഷണത്തോടെ തുടങ്ങി. രണ്ടാം ദിവസം കേരള ഹൈക്കോടതി മുന്‍ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു പ്രഭാഷണം നടത്തി.

ലഹരിവിരുദ്ധ
സെമിനാര്‍

2022 ജനുവരി അഞ്ചിനു കോളേജിലെ മയക്കുമരുന്നുവിരുദ്ധ ക്ലബ്ബ് സാമൂഹികനീതിവകുപ്പുമായി ചേര്‍ന്നു നാശമുക്തിഭാരത് കാംപെയ്‌നിന്റെ ഭാഗമായി പുകവലിയുടെയും മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷങ്ങളെക്കുറിച്ച് സെമിനാര്‍ നടത്തി. പ്രീതി പി.ആര്‍. റിസോഴ്‌സ് പേഴ്‌സണായിരുന്നു. ഒക്ടോബറില്‍ സംസ്ഥാനസര്‍ക്കാരിന്റെ ലഹരിമുക്തകേരളം യജ്ഞത്തിന്റെ ഭാഗമായി വിമോചനവാരം ആചരിച്ചു. കോളേജിന്റെ ലഹരിവിരുദ്ധ ബോധവത്കരണജാഥ തൊടുപുഴ ഡി.വൈ.എസ്.പി. എം.ആര്‍. മധുബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപനസമ്മേളനം നഗരസഭാചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തെരുവുനാടകവും ഏകാംഗനാടകവും നിശ്ചലദൃശ്യവും ഫ്‌ളാഷ്‌മോബും ഉണ്ടായിരുന്നു. നവംബര്‍ 26 നു സി.എസ്.എല്ലിന്റെ കമ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു. അന്നുതന്നെ മൂവാറ്റുപുഴ നിര്‍മലാകോളേജുമായി ചേര്‍ന്നു ദേശീയനിയമദിനാഘോഷം സംഘടിപ്പിച്ചു. നിര്‍മലാകോളേജ് സെമിനാര്‍ ഹാളില്‍ ജസ്റ്റിസ് മേരി ജോസഫ് ആണ് അതും ഉദ്ഘാടനം ചെയ്തത്. ഡിസംബര്‍ 10 നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കേന്ദ്രവും പോക്‌സോ കാംപെയ്‌നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. രാജാ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിലെ 40 സ്‌കൂളില്‍ ബോധവത്കരണ തെരുവുനാടകങ്ങളും മറ്റും നടത്തലാണ് ഇതിന്റെ ആദ്യപടി. അന്നുതന്നെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുമായി ചേര്‍ന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമസഹായവും നിയമബോധവത്കരണവും നല്‍കാനുള്ള സെന്റര്‍ ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രണ്‍ ആരംഭിച്ചു. ഡിസംബര്‍ 11 നു നിയമപഠനം സുഗമമാക്കാനുള്ള വഴികളെപ്പറ്റി ഡോ. അനീഷ്. വി. പിള്ളയും 12 നു ‘നിയമജ്ഞരാവുന്നതിന്റെ സാധ്യതകളെയും വെല്ലുവിളികളെ’യും പറ്റി അഡ്വ. അശോക് അമ്മന്‍ചിയും 13 നു നിയമരംഗത്തെ തൊഴില്‍സാധ്യതകളെപ്പറ്റി പ്രൊഫ. ഡോ. ബിസ്മി ഗോപാലകൃഷ്ണനും പ്രഭാഷണം നടത്തി. ഡിസംബര്‍ 14 നു കൗമാരക്കാരുടെ പൊതുആരോഗ്യ പ്രശ്‌നങ്ങളെയും മാനസികാരോഗ്യ പ്രശ്‌നങ്ങളെയും പറ്റി ഡോ. പി.ശോഭയുടെയും ഡോ. രശ്മി സുധീറിന്റെയും പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു. 2023 ഫെബ്രുവരി 5,6,7 തിയതികളില്‍ മൂട്ടിങ് നൈപുണ്യത്തെപ്പറ്റി അഡ്വ. എസ്.എസ്. വിശ്വജിത് ആനന്ദിന്റെ നേതൃത്വത്തില്‍ ശില്‍പ്പശാല നടത്തി.

ഒരുമയുടെ
ബലം

സംഘം ഭാരവാഹികളിലും അംഗങ്ങളിലും പ്രകടമായ രാഷ്ട്രീയമുള്ളവരില്ല. അപൂര്‍വമായേ ഭരണസമിതിയിലേക്കു മത്സരം ഉണ്ടാവാറുള്ളൂ. മിക്കപ്പോഴും ഏകകണ്ഠമാണു തിരഞ്ഞെടുപ്പ്. അംഗങ്ങളുടെ ഒരുമയാണ് ഇതു കാട്ടുന്നതെന്നു പ്രസിഡന്റ് പി.ജെ. ജോര്‍ജ് പറഞ്ഞു. ഈ ഒരുമയാണു വളര്‍ച്ചയില്‍ നിര്‍ണായകം. സണ്ണി ജെയിംസ് മാളിയേക്കല്‍ (വൈസ് പ്രസിഡന്റ്), സ്റ്റീഫന്‍ പച്ചിക്കര (ഓണററി സെക്രട്ടറി), രാജു തോമസ് കോഴിക്കോട്ട്, പി.സി. ജോയി പാറപ്പുറത്ത്, കെ.എം. രാജു കക്കുത്തില്‍, ജെ. ജോര്‍ജി നീറണാല്‍, ഓമന കുരുവിള മനയാനിക്കല്‍, ക്ലാരമ്മ മാത്യു തുടിയന്‍പ്ലാക്കല്‍, മേരിക്കുഞ്ഞ് ജോര്‍ജ് മുല്ലക്കരിയില്‍ എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. പ്രസിഡന്റ് പി.ജെ. ജോര്‍ജ് ലോകോളേജ് അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജര്‍കൂടിയാണ്. പി.സി. ജോയി ലോ കോളേജിലെ കോമേഴ്‌സ് വിഭാഗം അധ്യാപകനാണ്. മൂവാറ്റുപുഴ നിര്‍മല കോളേജ് വൈസ് പ്രിന്‍സിപ്പലും ധനശാസ്ത്രവിഭാഗം മേധാവിയുമായിരുന്ന ഡോ.ജെ. ജോര്‍ജി നീറണാല്‍ ഇപ്പോള്‍ ലോ കോളേജില്‍ ധനശാസ്ത്രാധ്യാപകനും അഡ്മിനിസ്‌ട്രേറ്ററും കൂടിയാണ്. രാജു തോമസ് കോഴിക്കോട്ട് സഹകരണ പബ്ലിക് സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിക്കുന്നു. നേരത്തേ സഹകരണകോളേജിലും പിന്നീട് ഒരു എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും അധ്യാപകനായിരുന്നു കെ.എം. രാജു കക്കുത്തില്‍. വൈസ് പ്രസിഡന്റ് സണ്ണിജെയിംസ് മികച്ച കര്‍ഷകനാണ്. ഒരു സഹകരണനഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പലാണു ക്ലാരമ്മ മാത്യു. ഓമന കുരുവിള അധ്യാപികയായി വിരമിച്ചു. മേരിക്കുഞ്ഞ് ജോര്‍ജ് വീട്ടമ്മയാണ്.

ഹോസ്റ്റല്‍,
എല്‍.എല്‍.എം.

ലോ കോളേജിനു സ്വന്തം ഹോസ്റ്റല്‍, ഓഡിറ്റോറിയം എന്നിവ നിര്‍മിക്കലും ബൗദ്ധികസ്വത്തവകാശത്തില്‍ സ്‌പെഷ്യലൈസേഷനോടെ എല്‍.എല്‍.എം. കോഴ്‌സ് തുടങ്ങലുമാണു ഭാവിപരിപാടികള്‍ എന്നു സംഘം പ്രസിഡന്റ് പി.ജെ. ജോര്‍ജ് പറഞ്ഞു. ഡിസംബറോടെ എല്‍.എല്‍.എം. തുടങ്ങാനാവും. 15 ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങളുള്ള ഗ്രന്ഥശാല ഇതിനായി ഒരുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News