സഹകരണ പരീക്ഷാബോര്‍ഡ് വഴി നടത്തുന്ന നിയമനങ്ങള്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു
സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് മുഖേന നടത്തുന്ന പരീക്ഷകളില്‍ പാസാവുന്ന ഉദ്യോഗാര്‍ഥികളുടെ നിയമനങ്ങള്‍ക്കു പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ കേരളസര്‍ക്കാര്‍ തീരുമാനിച്ചു. പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിനു ശേഷം മാത്രമേ ഇനി സഹകരണസംഘങ്ങളില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ പാടുള്ളൂ എന്നു പുതിയ കരട് ചട്ടത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇതടക്കം, 1969 ലെ കേരള സഹകരണസംഘം ചട്ടങ്ങളില്‍ ഒട്ടേറെ ഭേദഗതികള്‍ നിര്‍ദേശിച്ചുകൊണ്ട് ജൂണ്‍ ആറിനു സര്‍ക്കാര്‍ അസാധാരണ ഗസറ്റ് പ്രസിദ്ധീകരിച്ചു.
സഹകരണ പരീക്ഷാ ബോര്‍ഡ് മുഖേന നടത്തേണ്ട നിയമനങ്ങളില്‍ ഒഴിവ് വന്നുകഴിഞ്ഞാല്‍ മൂന്നുമാസത്തിനകം ആ ഒഴിവ് പരീക്ഷാ ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ് എന്നാണു വേറൊരു കരടു ചട്ടത്തില്‍ നിര്‍ദേശിക്കുന്നത്. പരീക്ഷനടത്തിപ്പുമായി ബന്ധപ്പെട്ട് 80 മാര്‍ക്ക് എന്നുള്ളത് 100 മാര്‍ക്കായി മാറ്റിയിട്ടുണ്ട്.
ഉദ്യോഗാര്‍ഥികള്‍ക്ക് റാങ്ക്‌ലിസ്റ്റ് വന്നതിനു ശേഷം 15 ദിവസത്തിനകം ഏതു ബാങ്കിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നു നിശ്ചയിക്കാനുള്ള ഒരു അവസരം ഇതുപ്രകാരമുണ്ട്. നിയമനം നടത്തി 30 ദിവസത്തിനകം റിക്രൂട്ട്മെന്റ് ബോര്‍ഡിനെ അറിയിക്കണം. വീണ്ടും നീളുകയാണെങ്കില്‍ 30 ദിവസം എന്നുള്ളത് രജിസ്ട്രാറുടെ സമ്മതത്തോടെ 45 ദിവസം വരെ നീട്ടി നല്‍കാനുള്ള അനുവാദമുണ്ട്.
ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാരുടെ പേര്, വിലാസം, ഫോട്ടോ, പേഴ്സണല്‍ റിമാര്‍ക്ക്സ്, ഡിജിറ്റല്‍ സിഗ്നേച്ചര്‍, വിരലടയാളം എന്നിവ ഉള്‍പ്പെട്ട സര്‍വീസ് ബുക്കിന്റെ ആദ്യത്തെ പേജ് അറ്റസ്റ്റ് ചെയ്ത് സഹകരണ പരീക്ഷ ബോര്‍ഡിന് അയക്കേണ്ടതാണ്. അറ്റസ്റ്റ് ചെയ്ത കോപ്പികള്‍ കിട്ടിക്കഴിഞ്ഞാല്‍ പരീക്ഷാ ബോര്‍ഡിന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള ഒരവസരം കൂടി നല്‍കുന്ന രീതിയിലാണ് പുതിയ ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത്. സഹകരണ ജീവനക്കാര്‍ക്ക് 10 ശതമാനം ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ കൂടിയുള്ള ഒരു നിബന്ധന ഇതില്‍ നല്‍കിയിട്ടുണ്ട്.
സമാനസ്വഭാവമുള്ള ഒന്നില്‍ക്കൂടുതല്‍ സംഘങ്ങളിലേക്കു റിക്രൂട്ട്മെന്റ് വരുന്ന സമയത്ത് അതില്‍ അഞ്ചു സംഘങ്ങളിലേക്കോ അല്ലെങ്കില്‍ സംഘങ്ങളുടെ 10 ശതമാനം മാത്രമുളള സംഘങ്ങളിലക്കോ മാത്രമേ അപേക്ഷിക്കാനാകൂ. പരീക്ഷാ ബോര്‍ഡിലെ അംഗങ്ങളുടെ ഡ്യൂട്ടികള്‍ ബോര്‍ഡ് നിശ്ചയിച്ച് നല്‍കേണ്ടതാണ്.
ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫര്‍, സിസ്റ്റം അഡ്മിസ്ട്രറേറ്റര്‍ എന്നിവരുടെ യോഗ്യതകള്‍ റൂളില്‍ കൊണ്ടുവന്നു. ടൈപ്പിസ്റ്റിന് SSLC , ഇംഗ്ലീഷ് ആന്‍ഡ് മലയാളം ടൈപ്പറേറ്റിംഗ് ലോവര്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണമെന്ന് നിബന്ധനവെച്ചു. സ്റ്റെനോഗ്രാഫര്‍ക്കു SSLC യോഗ്യതയോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ഷോട്ട് ഹാന്‍ഡും ലോവര്‍ ഇന്‍ ഇംഗ്ലീഷ് , മലയാളം അല്ലെങ്കില്‍ അതിനു തത്തുല്യമായത് എന്ന് നിബന്ധന വന്നു. സിസ്റ്റം അഡ്മിസ്ട്രറേറ്റര്‍ക്ക് ഫസ്റ്റ് ക്ലാസ് ബിടെക് ഡിഗ്രി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടിഐ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് /എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി എന്ന നിബന്ധന വന്നു.
1969 ലെ കേരള സഹകരണസംഘം നിയമത്തിലെ ചില ചട്ടങ്ങളില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ചു ഭേദഗതി വരുത്താനായാണു 2023 ജൂണ്‍ ആറിനു സര്‍ക്കാര്‍ അസാധാരണ ഗസറ്റായി കരടുചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിജ്ഞാപനം പ്രസീദ്ധീകരിച്ചു പതിനഞ്ചു ദിവസത്തിനകമോ അതിനുശേഷമോ കരടു ചട്ടങ്ങള്‍ സര്‍ക്കാര്‍ പരിഗണനയ്‌ക്കെടുക്കും. നിര്‍ദിഷ്ട കരടുചട്ടങ്ങളില്‍ ആര്‍ക്കെങ്കിലും നിര്‍ദേശങ്ങളോ എതിര്‍പ്പോ ഉണ്ടെങ്കില്‍ അതു നിര്‍ദിഷ്ടദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാവുന്നതാണ്. ഗവണ്‍മെന്റ് സെക്രട്ടറി, സഹകരണവകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലാണു പരാതികളും നിര്‍ദേശങ്ങളും അയക്കേണ്ടത്.
Circular: DOC-20230606-WA0488
[mbzshare]